'ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നു, പഴയത് പോലെ ശസ്ത്രക്രിയ ചെയ്യാനാകുന്നില്ല'; ഡോ. ജോര്‍ജ് പി. അബ്രഹാമിന്റെ ആത്മഹത്യാ കുറിപ്പ്
text_fieldsകൊച്ചി: ജീവനൊടുക്കിയ പ്രശസ്ത വൃക്ക രോഗ വിദഗ്ധന്‍ ജോര്‍ജ് പി. അബ്രഹാമിന്റെ ഫാംഹൗസിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ആരോഗ്യ പ്രശ്നങ്ങൾ തന്നെ അലട്ടുന്നുവെന്നും ജോലിയിൽ ശ്രദ്ധ ചെലുത്താനാവുന്നില്ലെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
‘അസുഖങ്ങൾ അലട്ടിയിരുന്നു. ജോലിയിൽ ശ്രദ്ധ ചെലുത്താനാവുന്നില്ല. ആറുമാസം മുമ്പ് നട്ടെല്ലിന് ശസ്ത്രക്രിയ ചെയ്തു. ഇതിനുശേഷം കൈക്ക് വിറയൽ അനുഭവപ്പെട്ട് തുടങ്ങി’ -കുറിപ്പിൽ പറയുന്നു. ഷർട്ടിന്റെ പോക്കറ്റിൽനിന്നാണ് കുറിപ്പ് കണ്ടെടുത്തത്.
ഇന്നലെ രാത്രിയാണ് നെടുമ്പാശ്ശേരിക്കടുത്ത് തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസിൽ ഡോ. ജോർജ് പി. അബ്രഹാമിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 2500ലേറെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയയാളാണ് ഡോക്ടർ.
സഹോദരനും മറ്റൊരാൾക്കുമൊപ്പം ഫാം ഹൗസിൽ ഇന്നലെ വൈകീട്ടുണ്ടായിരുന്നു. പിന്നീട് രാത്രിയോടെ ഇവർ മടങ്ങുകയായിരുന്നു. ശേഷമാണ് ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്മോർട്ടം നടത്തും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ: 1056, 0471-2552056)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

