കെ.എസ്.ആർ.ടി.സി കൺട്രോളിങ് ഇൻസ്പെക്ടർ ജീവനൊടുക്കി; അമിത ജോലിഭാരം മൂലമെന്ന് പരാതി
text_fieldsപെരുവെമ്പ് (പാലക്കാട്): കെ.എസ്.ആർ.ടി.സി കൺട്രോളിങ് ഇൻസ്പെക്ടർ ആത്മഹത്യ ചെയ്തു. അമിത ജോലിഭാരമാണ് കാരണമെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. പള്ളിക്കാെട്ട പരേതനായ ചെറുകുട്ടിയുടെ മകൻ ആറുമുഖനെയാണ് (49) വെള്ളിയാഴ്ച പുലർച്ച വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ചിറ്റൂർ ഡിപ്പോയിൽ കൺട്രോളിങ് ഇൻസ്പെക്ടറാണ്. തൊഴിൽസംബന്ധമായ സമ്മർദവും ജോലിഭാരവും അലട്ടിയിരുന്നതായി പറഞ്ഞിരുന്നെന്ന് സഹോദരൻ അറിയിച്ചു. 20 വർഷത്തിലധികമായി കെ.എസ്.ആർ.ടി.സിയിൽ ജോലിചെയ്യുന്ന ആറുമുഖൻ ഒന്നരവർഷം മുമ്പാണ് ചിറ്റൂർ ഡിപ്പോയിലെത്തിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പാലക്കാട്ട് ഡോക്ടറെ കണ്ടിരുന്നു.
ചിറ്റൂർ ഡിപ്പോയിൽനിന്ന് പാലക്കാട് ഡിപ്പോയിലേക്ക് സ്ഥലംമാറ്റിയെന്ന അറിയിപ്പ് വ്യാഴാഴ്ച ആറുമുഖന്‍ ലഭിച്ചതായും ബന്ധുക്കൾ പറഞ്ഞു. അമിത ജോലിഭാരമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞതായി പുതുനഗരം അഡീഷനൽ എസ്.ഐ ചന്ദ്രൻ പറഞ്ഞു.
എന്നാൽ, ചിറ്റൂർ ഡിപ്പോയിൽനിന്ന് മാറ്റം വേണമെന്ന് ആറുമുഖൻ ആവശ്യപ്പെട്ടതനുസരിച്ചാണ് പാലക്കാട്ടേക്ക് നൽകിയതെന്നും ആത്മാർഥതയുള്ള ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹമെന്നും കെ.എസ്.ആർ.ടി.സി ചിറ്റൂർ ഡിപ്പോ എ.ടി.ഒ അബ്ദുൽ നിസാർ പറഞ്ഞു. പോസ്റ്റ്മോർട്ട ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടരക്ക് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ. മാതാവ്: കല്യാണി. ഭാര്യ: ഗീത. (മുൻ പെരുവെമ്പ് പഞ്ചായത്ത് അംഗം). മക്കൾ: അജയൻ, അജിൻ. സഹോദരങ്ങൾ: കൃഷ്ണൻ, രാമൻകുട്ടി, ലക്ഷ്മി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
