തിരുവനന്തപുരം: മൊബൈൽ മോഷണക്കേസിൽ കസ്റ്റഡിയിൽ എടുത്ത യുവാവ് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ. അൻസാരി എന്നയാളാണ് തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചോടെ സ്റ്റേഷനിൽ എത്തിച്ച ഇയാൾ ബാത്റൂമിൽ തൂങ്ങിമരിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
കിഴക്കേകോട്ടയിൽ നിന്നും മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് നാട്ടുകാർ അൻസാരിയെ പിടികൂടിയത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. ഫോർട്ട് സി ഐയുടെ നേതൃത്വത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടു പോയത്. കരിമഠം കോളനിയിൽ നിന്നുള്ള മറ്റ് രണ്ട് പേർക്കൊപ്പമാണ് സ്റ്റേഷനിൽ നിർത്തിയിരുന്നത്. അൽപ്പം കഴിഞ്ഞ് ബാത്റൂമിൽ കയറിയ അൻസാരി പുറത്തിറങ്ങാതായതോടെ പൊലീസ് വാതിലിൽ തട്ടി വിളിച്ചു. എന്നാൽ മറുപടി ലഭിക്കാതായതോടെ കതക് പൊളിച്ച് അകത്തു കടന്നുപ്പോൾ ഇയാൾ തൂങ്ങിക്കിടക്കുകയായിരുന്നെന്നാണ് പൊലീസിൻറെ വിശദീകരണം.
കൊവിഡ് പ്രോട്ടോകോൾ പ്രകാരമാണ് പ്രതിയെ സൂക്ഷിച്ചിരുന്നതെന്നും രണ്ട് ഹോം ഗാർഡുകൾക്ക് പ്രതികളുടെ സുരക്ഷാ ചുമതല നൽകിയരുന്നുവെന്നും ഫോർട്ട് പൊലീസ് പറയുന്നു.