പൊലീസ് സ്റ്റേഷനില്‍ മുണ്ടഴിച്ച് യുവാവിന്‍റെ ആത്മഹത്യാ ശ്രമം
text_fieldsനെടുമങ്ങാട്: പൊലീസ് കസ്റ്റഡിയിലിരുന്ന യുവാവ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് മുത്താംകോണം സ്വദേശി മനു (29) ആണ് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറി വെന്‍റിലേഷനിലെ കമ്പിയിൽ ഉടുമുണ്ട് ഉപയോഗിച്ച് തൂങ്ങിമരിക്കാൻ ശ്രമിച്ചത്.
ബുധനാഴ്ച രാവിലെ ആറോടെയായിരുന്നു സംഭവം. പുറത്ത് കാവൽ നിന്ന പൊലീസുകാർ കാണുകയും ഉള്ളിൽ കടന്ന് കുരുക്ക് മുറുകാതെ മനുവിനെ താങ്ങി നിർത്തുകയുമായിരുന്നു. മറ്റ് പൊലീസുകാരെ വിളിച്ച് അഴിച്ചിറക്കി നെടുമങ്ങാട് ജില്ല ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു.
ബുധനാഴ്ച വെളുപ്പിന് നാലോടെയാണ് മനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അയൽവാസിയായ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയപ്പോൾ നിലവിളിച്ച് നാട്ടുകാരെ കൂട്ടുകയായിരുന്നു. പൊലീസെത്തി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ കൊണ്ടുവന്നു. തുടർന്നാണ് ആത്മഹത്യക്ക് ശ്രമിച്ചത്. യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയതിനും ആത്മഹത്യ ശ്രമത്തിനും നെടുമങ്ങാട് പൊലീസ് രണ്ട് കേസെടുത്തു. ചികിത്സയിലുള്ള മനുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.