ഫറോക്കിൽ നവദമ്പതികളുടെ ആത്മഹത്യ ശ്രമം: രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത് മഞ്ചേരി സ്വദേശികൾ
text_fieldsരക്ഷാപ്രവർത്തകരായ ഫൈസൽ കുരിക്കൾ, മുഹമ്മദ് ശരീഫ്
മഞ്ചേരി: ഫറോക്ക് പുതിയ പാലത്തില്‍നിന്ന് ചാലിയാര്‍ പുഴയില്‍ ചാടിയ നവദമ്പതികളില്‍ ഭാര്യയെ രക്ഷപ്പെടുത്താൻ മുന്നിട്ടിറങ്ങിയത് മഞ്ചേരി സ്വദേശികൾ.തുറക്കൽ സ്വദേശി പാറപ്പുറത്ത് വീട്ടിൽ ഫൈസൽ കുരിക്കൾ (42), സുഹൃത്തായ മുള്ളമ്പാറ ഏലായി മുഹമ്മദ് ശരീഫ് (45) എന്നിവരുടെ ഇടപെടൽ മൂലമാണ് ഒരാളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചത്.
കഴിഞ്ഞ ദിവസം മഞ്ചേരി ജെ.ടി.എസ് റോഡിൽ പുളിയഞ്ചേരി ക്വാർട്ടേഴ്സിൽ താമസിക്കുന്ന കാര്യമണ്ണിൽ പരേതനായ സാജു തോമസിന്റെ മകൻ ജിതിൻ (31), ഭാര്യ എടപ്പാൾ സ്വദേശി വര്‍ഷ (24) എന്നിവരാണ് ചാടിയത്. ഫൈസലിന്റെയും ശരീഫിന്റെയും സമയോചിതമായി ഇടപെടലാണ് വർഷയെ രക്ഷിക്കാൻ സഹായിച്ചത്.
സമീപത്ത് ഉണ്ടായിരുന്ന ലോറിയിലെ കയറിട്ടുകൊടുത്താണ് രക്ഷാപ്രവർത്തനം നടത്തിയത്. ഞായറാഴ്ച രാവിലെ 10.15നാണ് സംഭവം.വ്യാപാരാവശ്യാര്‍ഥം കോഴിക്കോട് നല്ലളത്ത് പോയി നാട്ടിലേക്ക് തിരിച്ച് വരികയായിരുന്നു ഇവർ. ഫറോക്ക് പാലത്തിൽ എത്തിയപ്പോൾ ആളുകൾ തലയിൽ കൈവച്ച് നിൽക്കുന്നതാണ് കണ്ടത്. ഇറങ്ങി നോക്കിയപ്പോള്‍ രണ്ടുപേര്‍ പുഴയില്‍ കൈകാലിട്ടടിക്കുന്നതു കണ്ടു. ഇവരെ രക്ഷിക്കാനുള്ള വഴി നോക്കുമ്പോഴാണ് പാലത്തില്‍ നിര്‍ത്തിയ ലോറി കണ്ടത്. വാഴക്കാട് സ്വദേശിയും ലോറി ഡ്രൈവറുമായ ജാബിറും ഇവർക്കൊപ്പം ചേർന്നു. തുടർന്ന് ലോറിയിൽനിന്ന് കയറെടുത്ത് പുഴയിലേക്ക് എറിഞ്ഞ് കൊടുക്കുകയായിരുന്നു.
യുവതിക്കു കയറില്‍ പിടിത്തം കിട്ടി. യുവാവ് കുറച്ച് അകലെയായതിനാല്‍ കയറിനരികിലേക്ക് എത്താന്‍ കഴിഞ്ഞില്ല. ഈ സമയം അതുവഴി പോയ തോണിക്കാരനെ വിളിച്ച് സഹായമഭ്യർഥിച്ചു. തോണിക്കാരന് തുഴഞ്ഞെത്തി തുഴ നീട്ടി പിടിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും യുവാവിന് കഴിഞ്ഞില്ല. വള്ളത്തില്‍ പിടിക്കാന്‍ ശ്രമിച്ച ജിതിൻ മുങ്ങിത്താഴുകയായിരുന്നു. വർഷയെ വള്ളത്തില്‍ വലിച്ചുകയറ്റിയാണ് കരക്കടുപ്പിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെ ജിതിന്റെ മൃതദേഹം കണ്ടെത്തി. ഒരാളുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞെന്ന ചാരിതാര്‍ഥ്യത്തിലും ജിതിനെ രക്ഷിക്കാൻ കഴിയാത്തതിൽ വലിയ സങ്കടമുണ്ടെന്നും ഇരുവരും പറഞ്ഞു. മുട്ടിപ്പാലം ഉള്ളാടംകുന്ന് സ്വദേശി അൻവറും ഇവരോടൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

