ആത്മഹത്യാശ്രമക്കേസ്: ജോളിയുടെ വിടുതൽ ഹരജിയിൽ 24ന് വിധി
text_fieldsകോഴിക്കോട്: കൂടത്തായ് കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതി ജോളി ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച കേസിൽ കുറ്റപത്രം നിലനിൽക്കില്ലെന്ന് കാണിച്ച് അവരുടെ അഭിഭാഷകൻ അഡ്വ. ബി.എ. ആളൂർ നൽകിയ വിടുതൽ ഹരജിയിൽ 24ന് വിധിപറയും.
കുറ്റപത്രം വായിച്ച് കേൾപ്പിക്കാൻ കേസ് പരിഗണിച്ചപ്പോഴാണ് അഭിഭാഷകൻ അപേക്ഷ നൽകിയിരുന്നത്. പ്രതിഭാഗം അഭിഭാഷകെൻറയും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജെഫ്രി ജോർജ് ജോസഫിെൻറയും വിശദമായ വാദം കേട്ടതിനു ശേഷമാണ് മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിപറയാൻ മാറ്റിയത്. ആത്മഹത്യാ പ്രവണതയുണ്ടെന്നും മറ്റും വരുത്തിത്തീർക്കാനാണ് പൊലീസ് ശ്രമമെന്നും കൂട്ടക്കൊലക്കേസിന് ബലമുണ്ടാക്കാനാണ് പൊലീസ് ലക്ഷ്യമെന്നുമാണ് പ്രതിഭാഗം വാദം. എന്നാൽ ഒരുകൊല്ലം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും വിടുതൽ ഹരജി നിലനിൽക്കില്ലെന്നുമാണ് പ്രോസിക്യൂഷൻ വാദം. ജോളി വിഡിയോ കോൺഫറൻസ് വഴി ഹാജരായി.
ജയിൽ സൂപ്രണ്ടിെൻറ പരാതി പ്രകാരം കസബ പൊലീസാണ് കേസ് അന്വേഷിച്ചത്. 2020 ഫെബ്രുവരിയിൽ കൈയിലെ ഞരമ്പു മുറിച്ച നിലയിൽ ജോളിയെ കോഴിക്കോട് ജില്ല ജയിലിലെ ജീവനക്കാർ കണ്ടതായാണ് കേസ്. മുൻ ഭർത്താവും ബന്ധുക്കളുമടക്കം ആറുപേരെ കൊന്നുവെന്ന കേസുകളിൽ വിചാരണത്തടവുകാരിയായി ജില്ല ജയിലിൽ തുടരുകയാണ് ജോളി.

