തീകൊളുത്തി ആത്മഹത്യ ശ്രമം; അമ്മക്ക് പിന്നാലെ രണ്ട് പെൺകുഞ്ഞുങ്ങളും മരിച്ചു
text_fieldsകൊല്ലം: കരുനാഗപ്പള്ളി ആദിനാട് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മയും രണ്ടു മക്കളും മരിച്ചു. മക്കളെ തീകൊളുത്തിയ ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ വൈകിട്ടോടെയാണ് താര മരിച്ചത്. കുട്ടികൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയായിരുന്നു. ഒന്നരയും ആറും വയസുള്ള അനാമികയും ആത്മികയും ആണ് മരണപ്പെട്ടത്.
പെൺമക്കളെ ഒപ്പം നിർത്തി മണ്ണെണ്ണ ഒഴിച്ച ശേഷം യുവതി തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. താരയുടെ ആത്മഹത്യക്കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്.
കുടുംബ പ്രശ്നമാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഭർത്താവിന്‍റെ വീട്ടുകാരുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും പൊലീസ് അറിയിച്ചു. മൂവരുടെയും മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രവാസിയായ ഭർത്താവ് നാളെ വിദേശത്ത് നിന്ന് മടങ്ങിവരാനിരിക്കെയാണ് താര മക്കൾക്കൊപ്പം ആത്മഹത്യ ചെയ്തത്.
ഇന്ന് ഉച്ചയോടെ താര ഭർത്താവിന്റെ കുടുംബവീട്ടിലെത്തി ബഹളം വെച്ചിരുന്നു. തുടർന്ന് ഭർതൃ സഹോദരൻ കരുനാഗപ്പള്ളി പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തിയാണ് താരയെ വീട്ടിലേക്ക് തിരിച്ചയച്ചത്. വീട്ടിലെത്തിയ താര മക്കളുമായി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി ഭർത്താവ് സഹോദരനെ അറിയിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.