കാണാതായ 'അമ്മു'വിനെ തിരിച്ചുകിട്ടിയ സന്തോഷത്തിൽ സുഹ്റയും സഹോദരങ്ങളും
text_fieldsപൂച്ച കുട്ടികളുമായി ഷിജുവും ഷിമിയും
വൈക്കം: ഗർഭിണിയായ 'അമ്മു'വിനെ കാണാതായതിെൻറ നോവിൽ ഊണും ഉറക്കവും ഉപേക്ഷിച്ച് കണ്ണീർവാർത്ത ഏഴുവയസ്സുകാരി സുഹ്റക്കും സഹോദരങ്ങൾക്കും അതിനെ തിരികെ കിട്ടിയപ്പോൾ സന്തോഷം.
ഗർഭിണിയായ അമ്മു പൂച്ചയെ അപഹരിച്ചവർ ഉടമസ്ഥരുടെ സങ്കടത്തിൽ മനസ്സലിഞ്ഞ് തിരികെ എത്തിക്കുകയായിരുന്നു. വെച്ചൂർ ഇടയാഴം വാര്യംവീട്ടിൽ എം. ഷിജുവിെൻറ ഒന്നര വയസ്സുള്ള പൂച്ചയെ ഞായറാഴ്ച രാത്രി 8.30ഓടെ കാണാതാവുകയായിരുന്നു.
നീണ്ട രോമങ്ങളുള്ള പേർഷ്യൻ ക്യാറ്റിനത്തിൽപ്പെട്ട ഈ പെൺപൂച്ചക്ക് 35,000 രൂപയായിരുന്നു വില. അമ്മു ആറ് കുഞ്ഞുങ്ങൾക്ക് ജന്മംനൽകാനുള്ള ഒരുക്കത്തിലായതിനാൽ ഷിജുവും ഭാര്യ സിമിയും മക്കളും വലിയ പരിചരണമാണ് നൽകിവന്നത്. ഞായറാഴ്ച രാത്രി സിമി അമ്മുവിനെ കൂടിന് പുറത്തിറക്കിവിട്ട ശേഷം തിരിച്ച് കൂട്ടിൽ കയറ്റാൻ ചെന്നപ്പോഴാണ് കാണാനില്ലെന്നറിയുന്നത്.
ഇതോടെ കുടുംബം മുഴുവൻ അമ്മുവിനെ തേടിയിറങ്ങി. നാട്ടിൽ പലയിടങ്ങളിലും വിവരം കാട്ടി പോസ്റ്റർ പതിപ്പിച്ചു. നവമാധ്യമങ്ങളിലും വിവരം നൽകി. തിങ്കളാഴ്ച വൈക്കം പൊലീസിലും പരാതി നൽകി. തീറ്റ നൽകുന്നതിലും പരിചരിക്കുന്നതിലും അലംഭാവമുണ്ടായാൽ അമ്മുവിന് ജീവഹാനിയുണ്ടാകുമെന്ന ആശങ്കയാണ് കുടുംബത്തെ തളർത്തിയത്.
അമ്മുവിനെ അപഹരിച്ചവർ ചൊവ്വാഴ്ച രാത്രി 9.30ഓടെ ഷിജുവിെൻറ വീടിെൻറ രണ്ടു വീടുകൾക്കപ്പുറം കൊണ്ടുവന്ന് അമ്മുവിനെ ഉപേക്ഷിച്ചു. ആളനക്കം കണ്ട് വീട്ടുകാർ ഇറങ്ങിനോക്കിയപ്പോഴാണ് അവശനിലയിൽ അമ്മുവിനെ കണ്ടത്. അവർ അറിയിച്ചതനുസരിച്ച് അമ്മുവിനെ വീട്ടുകാർ കൊണ്ടുപോയി പരിചരിച്ചു. ഒരുവർഷം മുമ്പാണ് ഒരുലക്ഷം രൂപ നൽകി മൂന്ന് പൂച്ചകളെ ഏറ്റുമാനൂരിൽനിന്ന് വാങ്ങിയത്. നഷ്ടപ്പെെട്ടന്ന് കരുതിയിരുന്ന പൂച്ചയെ തിരിച്ചുകിട്ടയതിെൻറ സന്തോഷത്തിലാണ് കുടുംബം.