സർക്കാറിന് തിരിച്ചടി; ഷുഹൈബ് വധം സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ഹൈകോടതി സി.ബി.ഐക്ക് വിട്ടു. ഷുഹൈബിെൻറ പിതാവ് സി.പി. മുഹമ്മദും മാതാവ് എസ്.പി. റസിയയും സമര്‍പ്പിച്ച ഹരജിയിലാണ് സി.പി.എമ്മിനും സർക്കാറിനും വൻ തിരിച്ചടിയായി സിംഗിൾ ബെഞ്ച് ഉത്തരവ്. ആരോപണ വിധേയർക്ക് ഭരിക്കുന്ന പാർട്ടിയുമായി ബന്ധമുള്ള സാഹചര്യത്തിൽ പൊലീസ് അന്വേഷണം ഫലപ്രദമാകില്ലെന്ന ഹരജിക്കാരുടെ ആശങ്കയിൽ കഴമ്പുണ്ടെന്ന് കോടതി വിലയിരുത്തി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (യു.എ.പി.എ) നിയമപ്രകാരം അന്വേഷിക്കേണ്ട കേസാണിതെന്നും കോടതി വ്യക്തമാക്കി.
രേഖകൾ പരിശോധിച്ചതിൽനിന്ന് ഷുഹൈബിനെ അക്രമിസംഘം കശാപ്പു ചെയ്യുകയായിരുെന്നന്നാണ് മനസ്സിലാകുന്നത്. സംഭവത്തെ തുടർന്ന് പൊലീസ് സ്വീകരിച്ച നടപടികളില്‍ സംശയമുണ്ട്. കൊല നടന്ന് ആറാംദിവസം ഒന്നും രണ്ടും പ്രതികള്‍ അറസ്റ്റിലായിട്ടും ആയുധങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിയാതിരുന്നത് അപലപനീയമാണ്. അന്വേഷണ സംഘത്തിനെതിരായ ആരോപണങ്ങളെ ശരിവെക്കുന്ന വീഴ്ചയാണിത്. മറ്റൊരു പ്രതിയായ കെ. ബൈജുവിനെ അറസ്റ്റ് ചെയ്ത മാര്‍ച്ച് അഞ്ചിനുതന്നെ ഇയാളുടെ മൊഴിപ്രകാരം ആയുധങ്ങള്‍ കണ്ടെടുത്തു എന്ന പൊലീസ് വാദം വിചിത്രമാണ്.
ഷുഹൈബ് കൊല്ലപ്പെടുന്നതിന് ഏതാനും ദിവസം മുമ്പ് അദ്ദേഹത്തിെൻറ വീടിനുമുന്നില്‍ മുതിര്‍ന്ന സി.പി.എം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സംഘം പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയതായി പൊലീസ് റിപ്പോർട്ടിലുണ്ട്. ഈ പശ്ചാത്തലത്തില്‍ കൊലക്കുപിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണം തള്ളിക്കളയാനാവില്ല. ഗൂഢാലോചന സംബന്ധിച്ച വിവരങ്ങൾ പുറത്തുവരേണ്ടതുണ്ട്. നീതി നടപ്പാക്കാൻ വിചാരണമാത്രം പോരാ, ശരിയായ അന്വേഷണവും അനിവാര്യമാണ് -കോടതി ചൂണ്ടിക്കാട്ടി.
ഇരകളുടെ ബന്ധുക്കൾക്ക് ആത്മവിശ്വാസമുണ്ടാകുന്നതിലൂടെയേ നീതി നടപ്പാക്കാനാവൂവെന്ന് വിലയിരുത്തിയ കോടതി സ്വതന്ത്രവും സുതാര്യവും വ്യക്തവുമായ അന്വേഷണം ഉറപ്പാക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം സി.ബി.െഎക്ക് വിടുകയായിരുന്നു. തുടർന്നാണ് യു.എ.പി.എ പ്രകാരമുള്ള അന്വേഷണവും വേണമെന്ന് വ്യക്തമാക്കിയത്. കേസ് ഏറ്റെടുത്ത് സി.ബി.െഎ അന്വേഷണം തുടരണമെന്ന് കോടതി നിർദേശിച്ചു. പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെങ്കില്‍ പ്രത്യേകം അപേക്ഷ സി.ബി.െഎ നല്‍കണം.
സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐയുമായി സഹകരിക്കണം. പ്രത്യേക അന്വേഷണസംഘം കേസിെൻറ വിവരങ്ങള്‍ സി.ബി.ഐയെ അറിയിക്കുകയും കേസ് ഡയറി അടക്കം എല്ലാ രേഖകളും സി.ബി.ഐ തിരുവനന്തപുരം യൂനിറ്റിന് സമര്‍പ്പിക്കുകയും വേണം.
കേസിനുവേണ്ടി സി.ബി.ഐയുടെ ഒാഫിസ് പൊലീസ് സ്റ്റേഷനായും എസ്.പിയെ സ്റ്റേഷൻ ഹൗസ് ഒാഫിസറായും കണക്കാക്കണെമന്നും ഉത്തരവിൽ പറയുന്നു. കൊലപാതകം നടന്ന് 24ാം ദിവസമാണ് അന്വേഷണം സി.ബി.െഎക്ക് കൈമാറി ഹൈകോടതി ഉത്തരവുണ്ടായിരിക്കുന്നത്.
കൂടെ നിന്നവർക്ക് നന്ദി- ഷുഹൈബിെൻറ പിതാവ്
കണ്ണൂർ: കൂടെ നിന്ന എല്ലാവർക്കും നന്ദി എന്ന് ഷുഹൈബിെൻറ പിതാവ് മുഹമ്മദ്. ഷുഹൈബ് വധം സി.ബി.െഎക്ക് വിട്ട വിധി വന്ന ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദൈവം ജഡ്ജിയുടെ രൂപത്തിൽ വന്നതാണ്. സർക്കാറിെൻറ നീക്കം പിന്നോട്ടായതിനാലാണ് കേസിനു പോയത്. ഗൂഢാലോചന നടത്തിയ സി.പി.എമ്മിെൻറ ഉന്നതരെ രക്ഷിക്കാനാണ് സർക്കാർ ശ്രമമെന്ന് കരുതുന്നുവെന്നും ഷുഹൈബിെൻറ പിതാവ് പറഞ്ഞു. ദൈവത്തിെൻറ വിധിയാണിത്. എന്നായാലും സത്യം ജയിക്കുമെന്നും സഹോദരി അഭിപ്രായപ്പെട്ടു.
ആ ‘രഹസ്യ’ത്തിന് അവസാനമുണ്ടാവണം – ഹൈകോടതി
സി.ബി.െഎക്ക് കോടതിയുടെ അഭിനന്ദനം
കൊച്ചി: സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിയുണ്ടാവണമെന്ന് ഹൈകോടതി. അണികൾ തമ്മിൽ പോരടിക്കുേമ്പാഴും വിവിധ പാർട്ടികളിലെ നേതാക്കൾ തമ്മിൽ നല്ല ബന്ധം നിലനിൽക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിരീക്ഷണം. താഴെ തട്ടിലുള്ള അണികളെ പ്രലോഭിപ്പിച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ഉന്നത നേതൃത്വം ഉപയോഗിക്കുകയാണെന്ന ‘രഹസ്യം’ എല്ലാവർക്കും അറിയാവുന്നതാണ്. ഇതിന് ഒരു അവസാനമുണ്ടാവണം. അണികളുടെ കണ്ണ് തുറപ്പിക്കുന്നതാവണം ഇൗ കേസെന്ന് പ്രത്യാശ പ്രകടിപ്പിച്ചാണ് ഷുഹൈബ് വധക്കേസ് അന്വേഷണം സി.ബി.െഎക്ക് കൈമാറി കോടതി ഉത്തരവിട്ടത്.
കേസിലെ പ്രതിയായ ബൈജുവിന് മാത്രമേ ഷുഹൈബുമായി ശത്രുതയുണ്ടായിരുന്നുള്ളൂവെങ്കിലും ഒളിഞ്ഞിരിക്കുന്ന മറ്റാരുടെയോ കരുക്കളായി മറ്റുള്ളവർ കൊലപാതകത്തിൽ പങ്കാളിയായതെന്നാണ് കരുതുന്നതെന്ന് കോടതി ഉത്തരവിൽ പറയുന്നു. ഒളിഞ്ഞിരിക്കുന്ന ഇൗ വലിയ ഗൂഢാലോചന വെളിച്ചത്ത് കൊണ്ടുവരേണ്ടതുണ്ട്. അണികളെ കരുക്കളാക്കി ഉപയോഗിക്കുന്നത് അവരാണ്. ശരിയായ രീതിയില്‍ അന്വേഷണം നടത്തി ഗൂഢാലോചന വെളിയില്‍ കൊണ്ടുവന്നാല്‍ മാത്രമേ ഈ നാടകങ്ങള്‍ അവസാനിപ്പിക്കാൻ കഴിയൂ.
ആക്രമണങ്ങളിലൂടെ രാഷ്ട്രീയ പാർട്ടികൾ ഇല്ലാതാകുന്നില്ല, വ്യക്തികളാണ് മരിക്കുന്നത്. ഇവരുടെ കുടുംബങ്ങളെ ഫലത്തിൽ തെരുവിലേക്ക് വലിച്ചെറിയുകയാണ്. ഭരണത്തിലുള്ള പാർട്ടിയുടെ ആളുകളാണ് കൊലക്കും ഗൂഢാലോചനക്കും പിന്നിലുള്ളതെന്നും ഉന്നത സി.പി.എം നേതാക്കളുമായി ഒന്നാം പ്രതിക്ക് ബന്ധമുണ്ടെന്നുമുള്ള ഹരജിക്കാരുടെ വാദത്തോടും കോടതി യോജിച്ചു. പൊലീസിെൻറ കൈകൾ കെട്ടിയിരിക്കുകയാണെന്നും പൊലീസ് അന്വേഷിച്ചാൽ ദിനംപ്രതി തെളിവുകൾ നശിപ്പിക്കുമെന്നുമുള്ള വാദവും കോടതി മുഖവിലയ്ക്കെടുത്തു.
അതേസമയം, സി.ബി.ഐയോട് കേസിൽ അന്വേഷണം നടത്താൻ നിർദേശിക്കാൻ ഹൈകോടതിയിലെ സിംഗിൾ ബെഞ്ചിന് അധികാരമില്ലെന്ന വാദമാണ് സർക്കാറിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി നടത്തിയത്. അന്വേഷണം നീതിയുക്തമായി നടത്തുന്നുണ്ടെന്നും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
ഐ.ജി നേരിട്ട് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നുണ്ടെന്നും സ്റ്റേറ്റ് അറ്റോർണി വ്യക്തമാക്കി.
എന്നാൽ, ഇൗ വാദങ്ങളും അന്വേഷണം വിശദീകരിച്ച് പൊലീസ് നല്കിയ റിപ്പോര്‍ട്ടും തള്ളിയാണ് സി.ബി.െഎ അന്വേഷണത്തിന് ഉത്തരവിട്ടത്. നിരവധി കേസുകള്‍ അന്വേഷിക്കുന്നത് മൂലമുള്ള അമിത ഭാരത്തിനിടയിലും കേസ് ഏറ്റെടുക്കാന്‍ തയാറായ സി.ബി.െഎയുടെ നടപടിയെയും കോടതി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
