സുഗതന്റെ ജയിൽമോചനം; രാഷ്ട്രീയ പ്രതിസന്ധിക്ക് താൽക്കാലിക വിരാമം
text_fieldsതിരുവനന്തപുരം: കാപ്പ കേസ് ഹൈകോടതി റദ്ദാക്കിയതോടെ കോർപറേഷൻ ബി.ജെ.പി ഭരണത്തെ ഉലച്ച രാഷ്ട്രീയ പ്രതിസന്ധിക്ക് താൽക്കാലിക വിരാമം. ജയിൽമോചിതനായി തലസ്ഥാനത്ത് മടങ്ങിയെത്തിയ കൗൺസിലർ സുഗതൻ സജീവമായതോടെ, തങ്ങൾക്കെതിരെ പ്രതിപക്ഷം ഉയർത്തിയ വ്യാജ ഒപ്പ് ആരോപണങ്ങളും തള്ളിക്കളഞ്ഞ് ബി.ജെ.പി പ്രത്യാക്രമണം ശക്തമാക്കി. വട്ടിയൂർക്കാവ് വികസന ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചതു മുതൽ തന്നെ ചിലർ വേട്ടയാടുകയാണെന്നും, രജിസ്റ്ററിലുള്ളത് തന്റെ യഥാർഥ ഒപ്പ് തന്നെയാണെന്നും സുഗതൻ വ്യക്തമാക്കി.
ഒളിവിൽ കഴിയവേ കൗൺസിലർ സ്ഥാനത്തെ അയോഗ്യത ഒഴിവാക്കാൻ മേയർ വി.വി. രാജേഷ് ഹാജർ ബുക്കിൽ കള്ള ഒപ്പിട്ടു എന്ന സി.പി.എമ്മിന്റെ ആരോപണം സുഗതൻ പൂർണമായും തള്ളി. ഏപ്രിലിലെ കൗൺസിൽ യോഗത്തിൽ ഞാൻ നേരിട്ട് പങ്കെടുത്തിരുന്നു. ഹാജർ പുസ്തകത്തിലുള്ളത് എന്റെ ഒപ്പ് തന്നെയാണ്. സംശയമുള്ളവർക്ക് കൗൺസിൽ ഹാളിലെ സി.സി ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ എന്തും പരിശോധിക്കാം. ഇതോടെ സുഗതന്റെ അയോഗ്യതാ ഭീഷണിയും ഒപ്പം കൗൺസിലർ ആർ. ശ്രീലേഖ ഉയർത്തിയ രാജിഭീഷണിയും തലസ്ഥാനത്തെ ബി.ജെ.പി ഭരണത്തിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു.
ദൈവനാമത്തിലുള്ള സത്യപ്രതിജ്ഞ വിവാദത്തിൽ കൗൺസിൽ പലതവണ സംഘർഷഭരിതമാവുകയും ചെയ്തു. എന്നാൽ ശ്രീലേഖ രാജിഭീഷണി പിൻവലിച്ചതും സുഗതൻ ജയിൽ മോചിതനായതും ബി.ജെ.പിക്ക് ആശ്വാസമായി. സ്വതന്ത്രൻ ഉൾപ്പെടെ 51 അംഗങ്ങളുടെ ഭൂരിപക്ഷം ഉറപ്പിച്ചതോടെ, എൽ.ഡി.എഫും യു.ഡി.എഫും ഒത്തുപിടിച്ചാലും മേയർ വി.വി. രാജേഷിന്റെ കസേരക്ക് ഇനി ഭീഷണിയില്ലെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി ക്യാമ്പ്.
പൊലീസിനെ ഉപയോഗിച്ചുള്ള രാഷ്ട്രീയം -രാജീവ് ചന്ദ്രശേഖർ
സുഗതനെതിരായ നടപടി രാഷ്ട്രീയ പ്രേരിതമായ കള്ളക്കേസാണെന്ന് ഹൈകോടതി വിധിയിലൂടെ തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കാപ്പ ചുമത്തിയതിലെ പൊലീസിന്റെ വീഴ്ചകൾ ഹൈകോടതി അക്കമിട്ട് നിരത്തിയത് സർക്കാറിനേറ്റ തിരിച്ചടിയാണ്. പൊലീസിനെ ദുരുപയോഗം ചെയ്ത് രാഷ്ട്രീയം കളിക്കുന്ന ശൈലി കഴിഞ്ഞ പത്തുവർഷമായി സി.പി.എമ്മാണ് ചെയ്തിരുന്നതെങ്കിൽ, ഇപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അതേ പാത പിന്തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഉദ്യോഗസ്ഥ ഗൂഢാലോചനയെന്ന് മേയർ
സുഗതന്റെ അറസ്റ്റിന് പിന്നിൽ ഉന്നതതല ഗൂഢാലോചനയാണെന്ന് മേയർ വി.വി. രാജേഷ്. ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനും ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനും ഒരു ലോക്കൽ എസ്.എച്ച്.ഒയും ചേർന്നാണ് അറസ്റ്റിന് പിന്നിലെ ഗൂഡാലോചന നടത്തിയത്. സുഗതനെതിരെ സർക്കാർ തികച്ചും നിയമവിരുദ്ധമായാണ് നിലകൊണ്ടത്. ഹാജർ ബുക്ക് പരിശോധിക്കാം. വ്യാജ ഒപ്പിട്ടത് ആരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. ദീപക് വ്യക്തമാക്കണം. കൗൺസിലിലെ ഏത് ഹാജർ രജിസ്റ്ററും മാധ്യമങ്ങൾക്ക് മുന്നിൽ പരിശോധനക്ക് നൽകാൻ തയാറാണ്. കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ താൻ ഏത് പാർട്ടിയിലാണെന്ന് മറക്കരുത്. എസ്.പി ദീപക്കുമായി നിരന്തരം കൂട്ടുചേർന്ന് പ്രവർത്തിക്കുന്ന ശബരീനാഥൻ അധികം വൈകാതെ എ.കെ.ജി സെന്ററിലെത്തുമെന്നും മേയർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

