നിലമ്പൂർ: പാർട്ടിയുടെ സമ്മതം ലഭിച്ചതോടെ സുധീഷ് ഇനി പൊലീസ് വേഷത്തിൽ സേവനം ചെയ്യും. ആദിവാസി ഗോത്ര വിഭാഗമായ ചോലനായ്ക്കരിൽനിന്നുള്ള ആദ്യ ജനപ്രതിനിധിയാണ് വഴിക്കടവ് ഉൾവനത്തിലെ അളക്കൽ കോളനിയിലെ 22കാരനായ സി. സുധീഷ്.
നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക് വഴിക്കടവ് ഡിവിഷനിൽനിന്നാണ് സി.പി.എം സ്ഥാനാർഥിയായി മത്സരിച്ച് 1096 വോട്ടിെൻറ ഭൂരിപക്ഷത്തിൽ ജയിച്ചത്. ജയിച്ച് സ്ഥാനമേറ്റ് രണ്ടാഴ്ച തികയും മുമ്പാണ് പൊലീസിൽ ജോലി ലഭിച്ചതായി വിവരമറിഞ്ഞത്.
ആദിവാസി ഉദ്യോഗാർഥികൾക്ക് വേണ്ടിയുള്ള കേരള പൊലീസിലെ പ്രത്യേക നിയമനം വഴിയാണ് ജോലി ലഭ്യമായത്. റാങ്ക് ലിസ്റ്റിൽ രണ്ടാമത് സുധീഷാണെന്ന് വഴിക്കടവ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കോളനിയിലെത്തി സുധീഷിനെ അറിയിച്ചു. നിയമന ഉത്തരവ് ലഭിച്ചാലുടൻ സുധീഷ് പൊലീസിൽ ചേരും.
സി.പി.എം നേതൃത്വത്തെ വിവരം അറിയിച്ചെന്നും ജോലിയിൽ പ്രവേശിക്കാൻ സമ്മതം നൽകിയിട്ടുണ്ടെന്നും സുധീഷ് പറഞ്ഞു.
ജനപ്രതിനിധിയെന്ന നിലയിൽ ജനങ്ങളെ സേവിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുന്നതിൽ സങ്കടമുണ്ടെന്നും എന്നാൽ, പൊലീസുകാരനെന്ന നിലയിൽ സേവനരംഗത്ത് ജനങ്ങൾക്കിടയിലുണ്ടാവുമെന്നും ജയിപ്പിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും ക്ഷമാപണത്തോടെ സുധീഷ് പറഞ്ഞു.