Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുധാകരന്റെ പ്രസ്‌താവന...

സുധാകരന്റെ പ്രസ്‌താവന രാഷ്‌ട്രീയത്തെ മലീമസമാക്കും -സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്‌

text_fields
bookmark_border
cpm
cancel

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകൻ നടത്തിയ പ്രസ്‌താവന കേരള രാഷ്‌ട്രീയത്തെ മലീമസമാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്‌. രാഷ്‌ട്രീയ പ്രവര്‍ത്തനമെന്നത്‌ ഉന്നതമായ സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌ നടത്തേണ്ട ഒന്നാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഭിന്നതയുള്ളവരെപോലും ചിന്തിപ്പിക്കുന്ന വിധത്തില്‍ അവതരിപ്പിക്കുമ്പോൾ മാത്രമേ രാഷ്‌ട്രീയം ജനങ്ങള്‍ക്കാകമാനം മതിപ്പുളവാക്കുന്ന ഒന്നായി മാറുകയുള്ളൂവെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

പ്രസ്താവനയുടെ പൂർണരൂപം:

''കെ.പി.സി.സി പ്രസിഡന്റിന്റെ നെറികെട്ട പ്രസ്‌താവനയ്‌ക്കെതിരെ ജനങ്ങളെ അണിനിരത്തി സമാധാനപരമായി പ്രതിഷേധമുയര്‍ത്തണം. തൃക്കാക്കര മണ്ഡലം തങ്ങളുടെ കുത്തകയാണെന്നും അവിടെ ജയിച്ചുവരുമെന്നുമുള്ള യു.ഡി.എഫിന്റെ പ്രതീക്ഷകളെ പൂര്‍ണ്ണമായും അസ്ഥാനത്താക്കിക്കൊണ്ടുള്ള ജനമുന്നേറ്റമാണ്‌ തൃക്കാക്കരയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. വികസന പ്രവര്‍ത്തനത്തിന്‌ നേതൃത്വം കൊടുത്തുകൊണ്ട്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ്‌ ഇത്തരം മുന്നേറ്റത്തിന്‌ ഒരു സുപ്രധാന ഘടകമായി മാറിയിട്ടുള്ളത്‌. ഇതിനെ രാഷ്‌ട്രീയമായി പ്രതിരോധിക്കാനാകാതെ സ്‌തംഭിച്ച്‌ നില്‍ക്കുകയാണ്‌ യു.ഡി.എഫ്‌.

ഇതിന്റെ ഫലമായി സമനില നഷ്‌ട്ടപ്പെട്ട കെ.പി.സി.സി പ്രസിഡന്റിന്റെ യഥാര്‍ത്ഥ സംസ്‌കാരമാണ്‌ ഈ പ്രസ്‌താവനയിലൂടെ പുറത്തുവന്നിരിക്കുന്നത്‌. കോണ്‍ഗ്രസ്സിന്റെ മുഖം മാറ്റാനെന്ന പേരില്‍ സംഘടിപ്പിച്ച ചിന്തന്‍ശിബറിന്‌ ശേഷമാണ്‌ ഈ പ്രസ്‌താവന പുറത്തുവന്നിട്ടുള്ളത്‌. കോണ്‍ഗ്രസ്സിന്റെ മാറുന്ന മുഖമാണോ ഇതെന്ന്‌ സ്വാഭാവികമായും ജനങ്ങള്‍ സംശയിക്കും. അതുകൊണ്ട്‌ ഇക്കാര്യത്തില്‍ മറ്റ്‌ കോണ്‍ഗ്രസ്സ്‌ നേതാക്കളുടെയും യുഡിഎഫ്‌ നേതാക്കളുടെയും അഭിപ്രായം അറിയാന്‍ ജനങ്ങള്‍ക്ക്‌ താല്‍പര്യമുണ്ടാകും.

രാഷ്‌ട്രീയ പ്രവര്‍ത്തനമെന്നത്‌ ഉന്നതമായ സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌ നടത്തേണ്ട ഒന്നാണ്‌. രാഷ്‌ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ രാഷ്‌ട്രീയമായി ഭിന്നതയുള്ളവരെപോലും ചിന്തിപ്പിക്കുന്ന വിധത്തില്‍ അവതരിപ്പിക്കുമ്പോൾ മാത്രമേ രാഷ്‌ട്രീയം ജനങ്ങള്‍ക്കാകമാനം മതിപ്പുളവാക്കുന്ന ഒന്നായി മാറുകയുള്ളൂ. അതിനുപകരം കെപിസിസി പ്രസിഡന്റ്‌ നടത്തിയിട്ടുള്ള പ്രസ്‌താവന കേരളത്തിന്റെ രാഷ്‌ട്രീയത്തെ മലീമസമാക്കാനുള്ളതാണ്‌.

പ്രകോപനം സൃഷ്‌ടിച്ച്‌ സംഘര്‍ഷം ഉണ്ടാക്കി നേട്ടം കൊയ്യാനാകുമോ എന്ന അവസാന അടവാണ്‌ ഇപ്പോള്‍ കെപിസിസി പ്രസിഡന്റ്‌ മുന്നോട്ട്‌ വച്ചിട്ടുള്ളത്‌. ഇത്തരം രാഷ്‌ട്രീയ സംസ്‌കാരത്തിനൊപ്പം കേരളം ഇല്ലെന്ന പ്രഖ്യാപനമായി തൃക്കാക്കര തെരഞ്ഞെടുപ്പ്‌ ഫലം മാറും.''

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി കെ. സുധാകരന്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ ചങ്ങല പൊട്ടിയ നായെ പോലെ തൃക്കാക്കരയിൽ തേരാ പാര നടക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. പ്രതിപക്ഷത്തിന് ഹാലിളകിയെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അ​ദ്ദേഹം. സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുധാകരൻ അധിക്ഷേപ പരാമര്‍ശം നടത്തിയത്.

'ഹാല് ഞങ്ങൾക്കല്ല ഇളകിയത്. ഹാലിളകയത് അദ്ദേഹത്തിനാ. അതാ ഇങ്ങനെ ഇവിടെ തേരാപാര നടക്കുന്നത്. ഒരു മുഖ്യമന്ത്രിയാ ഈ നടക്കുന്ന​തെന്ന ഓർമ വേണം. ഒരു നിയോജക മണ്ഡലത്തിലെ ബൈ ഇലക്ഷന് അദ്ദേഹം ചങ്ങലേന്ന് പൊട്ടിയ നായ് വരുന്നത് പോലെയല്ലേ വരുന്നത്? ചങ്ങലേന്ന് പൊട്ടിയാൽ പട്ടിയെങ്ങനെയാ പോവുക? അത് പോലെയ​ല്ലേ അദ്ദേഹം വരുന്നത്. അദ്ദേഹത്തെ നിയന്ത്രിക്കാൻ ആരെങ്കിലുമുണ്ടോ? അയാളെ പറഞ്ഞ് മനസിലാക്കാൻ ആരെങ്കിലും ഉണ്ടോ?. അയാൾ ഇറങ്ങി നടക്കുകയല്ലേ? ഞങ്ങൾക്ക് ഹാലിളകിയിട്ടൊന്നുമില്ല. ഞങ്ങൾക്ക് അർഹതപ്പെട്ടതേ ഞങ്ങൾ പറയുന്നുള്ളൂ. അർഹതയില്ലാത്തത് അവരാ ചോദിക്കുന്നത്' -സുുധാകരൻ പറഞ്ഞു.


ഇടതുപക്ഷം ഭരിച്ച ബംഗാളിലും കേരളത്തിലും എന്താണ് സ്ഥിതി? കേരളത്തിന്റെ വികസനത്തില്‍ എല്‍.ഡി.എഫിന് വല്ല പങ്കും ഉണ്ടെങ്കില്‍ അത് കാണിക്കട്ടെ. ഇന്ത്യ രാജ്യത്തിന്റെ ചരിത്രം ആദ്യം വായിക്കണം. രാജ്യത്തെ വികസനത്തിന് ഒറ്റ അവകാശിയേ ഉള്ളു. അത് കോണ്‍ഗ്രസാണ്. 1947ല്‍ സ്വാതന്ത്യം കിട്ടുമ്പോള്‍ നമ്മുടെ നാടിന്റെ അവസ്ഥ പരിതാപകമായിരുന്നു. കഴിക്കാന്‍ അരിയോ ഉടുക്കാന്‍ തുണിയോ ഇല്ലായിരുന്നു. എന്നാല്‍ ഇന്ന് അരിയും തുണിയും അടക്കം മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന നിലയിലേക്ക് എത്തി. രാജ്യം ഇന്ന് വികസന വഴിയില്‍ എത്തിയിട്ടുണ്ടെങ്കില്‍ അതിന് അവകാശി കോണ്‍ഗ്രസാണെന്നും സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ആവശ്യ​പ്പെട്ടു. മുഖ്യമന്ത്രിയെ ആക്ഷേപിച്ച നിലപാട് അപലപനീയമാണ്. ഉപതെരഞ്ഞെടുപ്പിലെ തോൽവി ഭയന്ന് സമനില തെറ്റിയ നിലയിലാണ് കോൺ​ഗ്രസ് നേതാക്കൾ പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ ജനപ്രിയനായകനാണ്. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ മുഖ്യമന്ത്രിയ്‌ക്കുമള്ള ആദരവ് വളരെ വളരെ വലുതാണ്. സിപിഎം പോളിറ്റ് ബ്യൂറോ മെമ്പറായ അദ്ദേഹം ഇന്ത്യയിലെ ഉന്നതനായ രാഷ്ട്രീയ നേതാവാണ്. സ്വാഭാവികമായും അദ്ദേഹം ജനങ്ങളെ സന്ദർശിക്കും. എന്നാൽ ഇതിനെ ചങ്ങലക്കിട്ട നായയെ പോലെ ഓടി നടക്കുകയാണെന്ന സുധാകരന്റെ പരാമർശം അങ്ങേയറ്റം അപലപനീയമാണ്. സാധാരണ രാഷ്ട്രീയ പ്രവർത്തകൻ പോലും ഉപയോ​ഗിക്കാൻ പറ്റാത്ത വാക്കുകളും നടപടിയുമാണ് കെപിസിസി പ്രസിഡന്റ് നടത്തിയത്.

തൃക്കാക്കരയിലെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാനുള്ള ഭാ​ഗമായുള്ള നടപടിയാണിത്. സുധാകരനെതിരെ എഐസിസി നടപടി സ്വീകരിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയമായി വിമർശിക്കാം, എന്നാൽ എന്തുപറയാം എന്ന നിലപാടിലേക്ക് കെപിസിസി പ്രസിഡന്റ് എത്തി. ഇതാണ് കോൺഗ്രസ് എന്ന് ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Show Full Article
TAGS:k sudhakaran CPM Pinarayi Vijayan 
News Summary - Sudhakaran's statement will pollute kerala politics: CPM State Secretariat
Next Story