കത്തിക്കയറി സുധാകരന്‍റെ പോസ്റ്റ്; ‘മുഖ്യമന്ത്രി കസേര’യിൽ വിവാദമടങ്ങാതെ കോൺഗ്രസ്
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി ആരാകണമെന്നതിനെചൊല്ലി കോൺഗ്രസിൽ ഉടലെടുത്ത പ്രശ്നങ്ങൾ പുതിയ തലത്തിലേക്ക്. നേരത്തെ ‘ഗ്രൂപ്പ് മാനേജർമാർ’ സാമൂഹിക മാധ്യമങ്ങളിൽ തുടങ്ങിയ ‘വളഞ്ഞവഴി’ നീക്കം കെ.പി.സി.സി മുൻ പ്രസിഡന്‍റും എം.പിയുമായ കെ. സുധാകരനെപോലെ മുതിർന്ന നേതാക്കളും ഏറ്റെടുത്തതോടെ പാർട്ടിയിൽ വിഷയം ചേരിതിരിവ് സൃഷ്ടിച്ചിരിക്കുകയാണ്. സുധാകരന്‍റെ പോസ്റ്റിന് താഴെ രൂക്ഷവിമർശനമാണ് വി.ഡി. സതീശൻ അനുകൂലികൾ നടത്തിയത്. നേതാക്കളും സുധാകരന്‍റെ നീക്കത്തെ രൂക്ഷമായി വിമർശിക്കുന്നു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പിന്തുണച്ച കെ. സുധാകരന്‍റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ കോൺഗ്രസിൽ കത്തിക്കയറുന്നത്. മുമ്പ് രമേശ് ചെന്നിത്തലയെ പിന്തുണച്ച സുധാകരൻ നിലപാട് മാറ്റി കെ.സി. വേണുഗോപാലിനെ വാനോളം പുകഴ്ത്തുകയാണ്.
താഴെത്തട്ടിൽനിന്ന് സംഘടനയുടെ ഓരോ ഘട്ടവും അനുഭവിച്ച് വളർന്നുവരുന്ന നേതാക്കൾക്ക് മാത്രമേ പ്രവർത്തകരുടെ മനസ്സറിയാൻ കഴിയൂവെന്ന കുറിപ്പിലെ പരാമർശം സതീശനെതിരായ പരോക്ഷ വിമർശനമായും ചൂണ്ടിക്കാട്ടപ്പെടുന്നു. എന്നാൽ, അനവസരത്തിലുള്ള സുധാകരന്‍റെ പോസ്റ്റിൽ എം.പിമാർ ഉൾപ്പെടെ പല മുതിർന്ന നേതാക്കളും അസംതൃപ്തരാണ്. അതൃപ്തി പലരും ഹൈകമാൻഡിനെ അറിയിച്ചിട്ടുമുണ്ട്.
തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച കത്തിക്കയറുന്നതിനിടെ അതിൽ എണ്ണയൊഴിച്ചാണ് ‘കേരളം കെ.സി. നയിക്കട്ടെ’ എന്ന പോസ്റ്റുമായി സുധാകരൻ കഴിഞ്ഞദിവസം എത്തിയത്. കേരളത്തിനുവേണ്ടത് കെ.സിയെ പോലെ ദീർഘദർശിയായ നേതാവിനെയെന്നായിരുന്നു സുധാകരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. രമേശ് ചെന്നിത്തലയെ പിന്തുണച്ചിരുന്ന സുധാകരൻ ഈ പോസ്റ്റിൽ അക്കാര്യങ്ങളൊന്നും വ്യക്തമാക്കിയതുമില്ല.
കെ.സി. വേണുഗോപാലിന്‍റെ സാന്നിധ്യം കേരള രാഷ്ട്രീയത്തിന് ആവശ്യമാണെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചെന്ന് കെ. സുധാകരൻ കുറിച്ചു. ഇതോടെ സ്ഥാനാർഥികളായ റോജി എം. ജോൺ, രമ്യ ഹരിദാസ്, സന്ദീപ് വാര്യർ, പഴകുളം മധു എന്നിവരും കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറും കെ.സിയെ പിന്തുണച്ച് രംഗത്തെത്തി. എന്നാൽ, സുധാകരന്‍റെ പോസ്റ്റിന് താഴെ വി.ഡി സതീശനെ പിന്തുണച്ച് ധാരാളം കമന്‍റുകൾ എത്തിയതോടെ പ്രശ്നം രൂക്ഷമായി.
സഭ്യതയില്ലാത്ത കമന്‍റുകൾ കൂടി വന്നതോടെ ഒരുഘട്ടത്തിൽ കമന്‍റ് ബോക്സ് പൂട്ടുകയും ചെയ്തു. ഇതിനിടെ, ചാനൽ ചർച്ചയിൽ ചാരി വേണുഗോപാലിനെ പിന്തുണച്ച് കൂടുതൽ നേതാക്കളും രംഗത്തുവന്നു. ഇതോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വെട്ടി, കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം ശക്തമാണെന്ന് വ്യക്തമാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

