‘സുധാകരൻ ബി.ജെ.പിയിലേക്ക് വരണം, കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റമുണ്ടാക്കും’; സ്വാഗതം ചെയ്ത് മുൻ കോൺഗ്രസ് നേതാവ്
text_fieldsകണ്ണൂർ: സ്ഥാനാർഥി പട്ടികയിൽനിന്ന് തഴഞ്ഞെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ കോൺഗ്രസ് നേതാവ് കെ. സുധാകരനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് സി. രഘുനാഥ്.
സുധാകരൻ കോൺഗ്രസ് വിടുന്നത് കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്നും അത് ബി.ജെ.പിക്ക് അനുകൂലമായി മാറുമെന്നും കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന രഘുനാഥ് പറഞ്ഞു. സുധാകരൻ ബി.ജെ.പിയിലേക്ക് വരണമെന്നാണ് ഞങ്ങളെല്ലാം ആഗ്രഹിക്കുന്നത്. പാർട്ടിയോട് ഗുഡ് ബൈ പറയുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. അദ്ദേഹത്തെ എത് രീതിയിലും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യും. പുതിയ പാർട്ടിയുണ്ടാക്കുമെന്ന് കേൾക്കുന്നുണ്ട്. അദ്ദേഹം കോൺഗ്രസിനോട് വിടപറയുമെന്നാണ് മനസ്സിലാക്കുന്നത്. അദ്ദേഹത്തിന്‍റെ തീരുമാനം കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റമുണ്ടാക്കും. കോൺഗ്രസിനകത്തെ വലിയൊരു വിഭാഗം ആത്മാർഥതയുള്ള പ്രവർത്തകരുടെ നേതാവാണ് സുധാകരൻ. അദ്ദേഹം പാർട്ടി വിടുന്നത് കോൺഗ്രസിന് ഏറെ ദോഷം ചെയ്യും, അത് ബി.ജെ.പിക്ക് അനുകൂലമായി മാറും -രഘുനാഥ് അഭിപ്രായപ്പെട്ടു.
സുധാകരനെ പോലൊരു നേതാവിന് സീറ്റിനുവേണ്ടി പാർട്ടിയുടെ അഖിലേന്ത്യ നേതൃത്വത്തിനു മുന്നിൽ അഭ്യർഥിക്കേണ്ടി വരുന്നത് ആ പാർട്ടിയുടെ തകർച്ചയാണ്. കണ്ണൂരിലും കേരളത്തിലും കോൺഗ്രസിന് ശക്തമായ അടിത്തറയുണ്ടാക്കുകയും സി.പി.എമ്മിനോട് എതിരിട്ടുനിൽക്കുകയും ചെയ്ത സുധാകരന് സീറ്റ് കൊടുക്കണമായിരുന്നു. ദൗർഭാഗ്യകരമെന്ന് പറയട്ടെ, അങ്ങനെയൊരു തീരുമാനം പാർട്ടിയിൽനിന്നുണ്ടായില്ല. അദ്ദേഹത്തെ പൂർണമായി അവഹേളിക്കുന്ന തരത്തിലുള്ള തീരുമാനമാണ് പാർട്ടിയിൽനിന്നുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സുധാകരന് കണ്ണൂരിൽ സീറ്റ് നൽകുമെന്ന പുതിയ വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
സുധാകരന്‍റെ സമ്മർദത്തിനു മുന്നിൽ കോൺഗ്രസ് ഹൈകമാൻഡ് വഴങ്ങുകയായിരുന്നു. എം.പിമാർ മത്സരിക്കേണ്ടെന്ന ഹൈകമാൻഡ് തീരുമാനത്തിനെതിരെ സുധാകരൻ നിലപാട് കടുപ്പിച്ച് രംഗത്തുവന്നതോടെ കോൺഗ്രസ് വെട്ടിലായിരുന്നു. മുതിർന്ന നേതാക്കളോടടക്കം ഗുഡ് ബൈ പറഞ്ഞ സുധാകരൻ, സ്വതന്ത്രനായി മത്സരിക്കുമെന്നും ഭീഷണി ഉയർത്തി. നിലപാട് പ്രഖ്യാപിക്കാനായി ഉച്ചക്ക് 12ന് വാർത്തസമ്മേളനവും വിളിച്ചുചേർത്തു. മുതിർന്ന നേതാക്കളടക്കം ഇടപെട്ടിട്ടും സുധാകരൻ പിന്മാറിയില്ല. ഒടുവിൽ പാർട്ടിയിൽ പൊട്ടിത്തെറി ഒഴിവാക്കാനാണ് സുധാകരന് സീറ്റ് നൽകാൻ ഹൈകമാൻഡ് തീരുമാനിച്ചത്.
മുതിർന്ന നേതാവ് എ.കെ. ആന്‍റണിയുടെ ഇടപെടലും നിർണായകമായി. യു.ഡി.എഫിൽ കോൺഗ്രസ് 95ഉം മുസ്‍ലിം ലീഗ് 27ഉം കേരള കോണ്‍ഗ്രസ് എട്ടും സീറ്റുകളിലാണ് ഇത്തവണ മത്സരിക്കുന്നത്. കേരള കോൺഗ്രസ് ഇടുക്കി, ഏറ്റുമാനൂര്‍ സീറ്റുകള്‍ ഒരു തവണത്തേക്ക് കോണ്‍ഗ്രസിന് വിട്ടുനല്‍കിയതുകൊണ്ടാണ് പാർട്ടിക്ക് രണ്ട് സീറ്റുകൾ കൂടുതൽ ലഭിച്ചത്. തൃക്കരിപ്പൂര്‍ സീറ്റ് കോൺഗ്രസ് കാഞ്ഞങ്ങാടുമായി വെച്ചുമാറി. മട്ടന്നൂരിന് പകരം പയ്യന്നൂർ വാങ്ങിയ ആർ.എസ്.പി സ്ഥാനാർഥിയെ നിര്‍ത്തില്ല, പകരം വി. കുഞ്ഞികൃഷ്ണനെ പിന്തുണക്കും. കോൺഗ്രസ് മത്സരിക്കുന്ന 95 ൽ 55 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ബാക്കിയുള്ള 40 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് ഇനി പ്രഖ്യാപിക്കാനുല്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

