അത്ര വലിയ ദ്രോഹമൊന്നും തരൂർ പറഞ്ഞിട്ടില്ല, വ്യാഖ്യാനിച്ച് വലുതാക്കിയതാണ് -കെ.സുധാകരൻ
text_fieldsതിരുവനന്തപുരം: ശശി തരൂർ എം.പിയെ സംരക്ഷിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ എം.പി. തരൂർ പറഞ്ഞതിനെ വ്യാഖ്യാനിച്ച് വലുതാക്കിയതാണെന്നും അത്ര വലിയ ദ്രോഹമൊന്നും അദ്ദേഹം പറഞ്ഞിട്ടില്ലെന്നും സുധാകരൻ പ്രതികരിച്ചു.
ചർച്ച നടത്താൻ ഇവിടെ യുദ്ധമൊന്നും ഉണ്ടായിട്ടില്ല. ഒരു പ്രസ്താവനയുടെ പേരിൽ നേരിയ പ്രശ്നം വന്നപ്പോൾ അതവിടെ തീർക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമല്ലേ എന്ന് അദ്ദേഹം ചോദിച്ചു.
തരൂർ അങ്ങനെ പറയാൻ പാടില്ലായിരുന്നു എന്നാണ് കോൺഗ്രസ് നേതൃത്വം എന്ന നിലക്ക് വ്യക്തമാക്കാനുള്ളത്. വിഷയത്തിൽ കൂടുതൽ സംസാരം വേണ്ടെന്ന് പറഞ്ഞപ്പോൾ തന്നെ എല്ലാവരും അത് നിർത്തിയതോടെ പ്രശ്നം അവസാനിച്ചെന്നും സുധാകരൻ പറഞ്ഞു.
തരൂരിനെ നേരിട്ടു വിളിച്ചെന്നും അദ്ദേഹത്തിനു നല്ല ഉപദേശം നൽകിയെന്നുമാണ് കഴിഞ്ഞ ദിവസം സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞത്.
ശശി തരൂരിനെതിരെ പ്രതികരിച്ച കോൺഗ്രസ് നേതാക്കളെയും അദ്ദേഹം ന്യായീകരിച്ചു. നേതാക്കളിൽ വ്യത്യസ്തമായ സ്വഭാവമുള്ള ആളുകളുണ്ടാകും. അതിനനുസരിച്ച് അവർ പ്രതികരിക്കും. അതൊന്നും ഉള്ളിൽ തട്ടിയാവില്ലെന്നാണ് തന്റെ വിശ്വാസമെന്ന് സുധാകരൻ പറഞ്ഞു.
അതേസമയം, ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 2012ല്‍ നടത്തിയ നിക്ഷേപ സംഗമം ബഹിഷ്‌കരിക്കുകയും ഹര്‍ത്താൽ ആചരിക്കുകയും നിക്ഷേപകരെ ഓടിക്കുകയും ചെയ്ത സി.പി.എം 13 വര്‍ഷത്തിന് ശേഷം നിക്ഷേപ സംഗമം നടത്തുന്നത് കാലത്തിന്റെ മധുര പ്രതികാരമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് പറഞ്ഞു. സി.പി.എമ്മിന്‍റെ മനംമാറ്റത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2012 സെപ്റ്റംബര്‍ 12,13,14 തീയതികളില്‍ കൊച്ചിയില്‍ നടന്ന നിക്ഷേപ സംഗമം ഇടതുപക്ഷം ബഹിഷ്‌കരിച്ചു. 'കേരളം വില്‍ക്കപ്പെടുന്നു' എന്നായിരുന്നു അന്നു സി.പി.എം പ്രചാരണം. നിശാക്ലബ്ബുകള്‍ വരുന്നു, തിരുവനന്തപുരത്തെ ചന്ദ്രശേഖര്‍നായര്‍ സ്റ്റേഡിയം വില്‍ക്കുന്നു, കേരളത്തിന്റെ മണ്ണും പുഴയും വിൽക്കുന്നു തുടങ്ങിയ ഫ്‌ളെക്‌സുകള്‍ കേരളമൊട്ടാകെ നിരന്നു. നിക്ഷേപ സംഗമം നടന്ന കൊച്ചി പ്രതിഷേധക്കടലായി. വിദേശത്തു നിന്ന് പറന്നിറങ്ങിയ നിക്ഷേപകര്‍ റോഡ് തടയലും കോലം കത്തിക്കലും ഉള്‍പ്പെടെയുള്ള പ്രാകൃതമായ സമരമുറകള്‍ക്ക് സാക്ഷികളായി. ഇതെല്ലാം പോരാഞ്ഞിട്ട് ഒരു ദിവസം ഹര്‍ത്താലും നടത്തി. നിക്ഷേപത്തിനു വന്ന വോക്‌സ് വാഗണ്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകര്‍ ജീവനും കൊണ്ടോടി.
പ്രധാനമന്ത്രി ഡോ, മന്‍മോഹൻ സിങ്ങാണ് അന്ന് പരിപാടി ഉദ്ഘാടനം ചെയ്തത്. 42 രാജ്യങ്ങള്‍, ലോകമെമ്പാടും നിന്ന് 2500 പ്രതിനിധികള്‍, പ്രധാനമന്ത്രി ഉള്‍പ്പെടെ 10 കേന്ദ്രമന്ത്രിമാര്‍. 21 അറബ് രാജ്യങ്ങളില്‍ നിന്നും അമേരിക്ക, ഹോളണ്ട്, തുര്‍ക്കി എന്നിവിടങ്ങളില്‍നിന്ന് അംബാസഡര്‍മാര്‍. ബ്രിട്ടന്‍, ആസ്‌ട്രേലിയ, ബ്രൂണെ, മൗറീഷ്യസ് എന്നിവിടങ്ങളിലെ ഹൈക്കമീഷണര്‍മാര്‍. കാനഡ, ബ്രിട്ടന്‍, ചൈന എന്നിവിടങ്ങളില്‍നിന്ന് പ്രതിനിധി സംഘം. ലോകത്തെ 16ഉം രാജ്യത്തെ 19ഉം കമ്പനികളുടെ മേധാവികള്‍. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍നിന്ന് എത്തിയ 35 മാധ്യമപ്രവര്‍ത്തകര്‍. എല്ലാവരും കേരളത്തിന്റെ കുപ്രസിദ്ധമായ ഹര്‍ത്താലും സമരമുറകളും നേരിട്ടുകണ്ടു.
2003ല്‍ എ.കെ. ആന്റണി സര്‍ക്കാര്‍ തുടക്കമിട്ടതാണ് കേരളത്തിലെ നിക്ഷേപ സംഗമം. ഒന്‍പതു വര്‍ഷം കഴിഞ്ഞാണ് 2012ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അടുത്ത സംഗമം നടത്തിയത്. 2025ല്‍ പിണറായി സര്‍ക്കാര്‍ നിക്ഷേപ സംഗമം നടത്തുമ്പോള്‍ അതിനെ വളരെ വൈകി വന്ന വിവേകമെന്ന് വിശേഷിപ്പിക്കാമെന്നും കെ. സുധാകരന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

