Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഇതെന്ത് ലോകമാണ്...

‘ഇതെന്ത് ലോകമാണ് സഖാവേ, ആ വടിവാളിന് വീണ്ടും മൂർച്ച കൂട്ടുന്നുണ്ടോ?’ -എം.വി. ഗോവിന്ദന് സി.പി.എം വധശ്രമത്തിന് ഇരയായി രക്ഷപ്പെട്ടയാളുടെ തുറന്ന കത്ത്

text_fields
bookmark_border
‘ഇതെന്ത് ലോകമാണ് സഖാവേ, ആ വടിവാളിന് വീണ്ടും മൂർച്ച കൂട്ടുന്നുണ്ടോ?’ -എം.വി. ഗോവിന്ദന് സി.പി.എം വധശ്രമത്തിന് ഇരയായി രക്ഷപ്പെട്ടയാളുടെ തുറന്ന കത്ത്
cancel

പയ്യന്നൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർക്ക് തുറന്ന കത്തുമായി, 2010-ൽ സിപിഎം കൊലയാളി സംഘത്തിന്റെ വധശ്രമത്തിന് ഇരയായി ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട മുൻ പാർട്ടി പ്രവർത്തകൻ സുധാകരൻ പുഞ്ചക്കാട്. പയ്യന്നൂരിലെ പാർട്ടി ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ തനിക്ക് നേരെ വീണ്ടും വധഭീഷണി ഉയരുന്ന പശ്ചാത്തലത്തിലാണ് കത്ത്.

ബാലസംഘം മുതൽ പാർട്ടിയിൽ സജീവമായിരുന്ന സുധാകരൻ, മാർക്സിസത്തോടുള്ള ആശയപരമായ വിയോജിപ്പിനെത്തുടർന്ന് 2002-ലാണ് പാർട്ടി മെമ്പർഷിപ്പ് പുതുക്കാതിരുന്നത്. പ്രവാസിയായിരുന്ന കാലത്ത് തന്റെ ആദ്യ ശമ്പളം പാർട്ടിക്ക് അയച്ചുകൊടുത്ത പാരമ്പര്യമാണ് തനിക്കുള്ളതെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. എന്നാൽ, 2010 നവംബർ 23-ന് പയ്യന്നൂരിലെ സിപിഎം നേതൃത്വത്തിന്റെ അറിവോടെ വാഗൺ-ആർ കാറിലെത്തിയ സംഘം ബോംബെറിഞ്ഞ് 17 ഓളം തവണവെട്ടിപ്പരിക്കേൽപിച്ചു. മരിച്ചെന്ന് ഉറപ്പിച്ച തന്നെ ദൈവതുല്യരായ ഡോക്ടർമാരാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. തന്നെ വധിക്കാൻ ശ്രമിച്ച പ്രതികളെ പാർട്ടി ജാമ്യത്തിലെടുത്ത് സംരക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മാരകമായി വെട്ടേറ്റ് കിടപ്പിലായ സമയത്ത്, അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയനോട് തനിക്ക് 'ദയാവധം' നടപ്പിലാക്കിത്തരണമെന്ന് സുധാകരൻ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ, പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് വിവാദത്തിൽ പാർട്ടി വിട്ട വി. കുഞ്ഞികൃഷ്ണന് പിന്തുണ പ്രഖ്യാപിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതാണ് ഇപ്പോഴത്തെ പ്രകോപനത്തിന് കാരണം. ഒരു നേർത്ത പ്രതിഷേധത്തെപ്പോലും പാർട്ടി ഭയപ്പെടുന്നുവെന്നും, ഫാഷിസമാണ് അവിടെ പൂത്തുലയുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഭീഷണിയെത്തുടർന്ന് നിലവിൽ സുധാകരന്റെ വീടിനും കടയ്ക്കും പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

‘ഏതാനും ദിവസത്തെ രാത്രികാല പോലീസ് കാവൽകൊണ്ട് ഒരു സുധാകരനും ഇവിടെ ജീവിച്ചിരിക്കില്ല...? സിപിഎം ഒരാളെ കൊല്ലാൻ തീരുമാനിച്ചാൽ എത്രകാലം കഴിഞ്ഞാലും അവർ ആ കൃത്യം നിറവേറ്റിയിരിക്കും, അതാണ് ചരിത്രം. എന്നാൽ ഈ ചരിത്രാനുഭവത്തിൻ്റെ കൂടെ കൂട്ടിവായിക്കപ്പെടേണ്ട മറ്റൊരു ചരിത്രാനുഭവം കൂടിയുണ്ട്. അത് മനുഷ്യരെ കൊന്നൊടുക്കിയ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ ചരിത്രമാണ്. അത് മാഷെ പോലെ ഒരാളോട് ഞാൻ ഓർമ്മിപ്പിക്കേണ്ട ആവശ്യം ഇല്ലല്ലോ? അത്തരം കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളും കമ്യൂണിസ്റ്റ് പാർട്ടികളും ചരിത്രത്തിൽ ഇന്ന് എവിടെയാണെന്നും മാഷിനെ പോലുള്ള ആളുകൾക്ക് അറിയാവുന്നതാണ്. ജനാധിപത്യപരമായി ഇടപെടുന്ന മനുഷ്യരെ വാൾമുനയാൽ ഭയപ്പെടുത്തി മുന്നോട്ട് പോവുക എന്നത് ഒരു പരിഷ്‌കൃത സമൂഹത്തിൻറെ ജനാധിപത്യ ബോധ്യമല്ല. അത് ഫാഷിസത്തിൻറെ വഴിയാണ്. ആ വഴിയാണ് താങ്കൾ നേതൃത്വം കൊടുക്കുന്ന സിപിഎം എന്ന പാർട്ടി തെരഞ്ഞെടുക്കുന്നതെങ്കിൽ ചോര മണക്കുന്ന വാളിൻറെ ഊഴവും കാത്തിരിക്കാനേ ഞങ്ങളെ പോലുള്ളവർക്കു സാധിക്കൂ...’ -സുധാകരൻ കത്തിൽ പറഞ്ഞു.

സമാധാനം പുലരുന്ന ഒരു നാടാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ ഒരു ഉറച്ച തീരുമാനമെടുക്കാൻ ഗോവിന്ദൻ മാസ്റ്റർക്ക് സാധിക്കുമെന്നും പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.

കത്തിന്റെ പൂർണരൂപം:

സി പി എം സംസ്ഥാന സെക്രട്ടറി സഖാവ് എം.വി ഗോവിന്ദൻ മാസ്റ്റർക്ക് ഒരു തുറന്ന കത്ത്....🌹

പ്രിയ സഖാവെ,

എൻ്റെ പേര് സുധാകരൻ, ജനിച്ചതും വളർന്നതും കുന്നരുവിലും രാമന്തളിയിലുമായിരുന്നു, 2003 വരെ. ഇപ്പോൾ 23 വർഷമായി ഞാൻ പയ്യന്നൂർ മുൻസിപ്പാലിറ്റിയിൽ പുഞ്ചക്കാട് പ്രദേശത്താണ് താമസിക്കുന്നത്, ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

കുട്ടിക്കാലം ബാലസംഘത്തിലും വിദ്യാർത്ഥി കാലം എസ് എഫ് ഐയിലും യുവത്വം ഡി വൈ എഫ് ഐയിലും പിന്നെയുള്ള ജീവിതം സിപിഎമ്മിലും ആയിരുന്നു. ഈ ഒരു ജീവിത പശ്ചാത്തലമാണ് ഇന്ന് ഞാൻ സിപിഎം എന്ന പാർട്ടിയിൽ നിന്നും നേരിടുന്ന ജീവൻ്റെ ഭീഷണിക്കു കാരണമെന്ന് വിവേകത്തോടെ തിരിച്ചറിയുന്നു!

സിപിഎമ്മിൻ്റെ സജീവ പ്രവർത്തകനും അതിൻ്റെ ഭാരവാഹിയും ആയിരുന്ന ഞാൻ 1992 ലാണ് തൊഴിലാവശ്യാർത്ഥം പ്രവാസിയാകുന്നത്. പ്രവാസ ജീവിതത്തിൽ എനിക്കു കിട്ടിയ ആദ്യ ശമ്പളം ഞാൻ അയക്കുന്നത് എൻ്റെ വീട്ടിലേക്കായിരുന്നില്ല! ഞാൻ വിശ്വസിച്ച എൻ്റെ പാർട്ടിക്കായിരുന്നു; അതായത് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ- മാർക്സിസ്റ്റിന് ! കാരണം പാർട്ടിയും വീടും എനിക്ക് ഒന്നു തന്നെയായിരുന്നു.

2002 ൽ പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ വന്ന ഞാൻ പാർട്ടി മെമ്പർഷിപ്പ് പുതുക്കാതിരുന്നത് സിപിഎമ്മിനോടോ അതിനകത്തെ ഏതെങ്കിലും വ്യക്തികളോടേ ഉള്ള അഭിപ്രായവ്യത്യാസത്തിൻ്റെ പേരിൽ ആയിരുന്നില്ല. മറിച്ച്, മാർക്സിസത്തോടുള്ള ആശയപരമായ വിയോജിപ്പിൻ്റെ പേരിലായിരുന്നു.

അപ്പോൾ പോലും നാട്ടിലെ പല തരത്തിലുള്ള സാമൂഹ്യ ബന്ധങ്ങളുടെ ഭാഗമായി എൻ്റെ വീട്ടിൽ പാർട്ടി ദേശാഭിമാനി പത്രം വാങ്ങിക്കുന്നതിനോ പാർട്ടിക്ക് സംഭാവന കൊടുക്കുന്നതിനോ എനിക്ക് വിയോജിപ്പോ പരിഭവമോ ഉണ്ടായിരുന്നില്ല.

അങ്ങനെയിരിക്കെയാണ് 2010 നവംബർ 23 ന് എനിക്ക് നേരെ ഒരു വധശ്രമം ഉണ്ടാകുന്നത്. അത് പയ്യന്നൂരിലെ സിപിഎം നേതൃത്വത്തിൻ്റെ പൂർണ്ണമായ അറിവോടെ ആയിരുന്നു. ഒരു വാഗൺ-ആർ കാറിൽ വന്ന പാർട്ടി കൊലയാളി സംഘം എനിക്കു നേരെ ബോംബ് എറിയുകയും അതി ഭീകരമായി വെട്ടുകയും ചെയ്തു. 17 ഓളം വെട്ടേറ്റ ഞാൻ അറ്റുപോയ കാലും കൈകളുമായി ഞാൻ മംഗലാപുരം 'യൂണിറ്റി'ഹോസ്പിറ്റലിൽ എത്തുമ്പോൾ പാർട്ടി എൻ്റെ മരണം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. ഇത്രയേറെ വെട്ടേറ്റ ഞാൻ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് ഒരാളുപോലും പ്രതീക്ഷിച്ചിരുന്നില്ല.

എന്നാൽ ഒരുപാട് നല്ല മനുഷ്യരുടെ 'പ്രാർത്ഥന'യും' ദൈവ' തുല്യരായ ഡോക്ടർമാരുടെ കഠിനപ്രയത്നവും കൊണ്ടാണ് ഞാനിന്ന് ജീവിച്ചിരിക്കുന്നത്.

എന്ത് കാരണത്തിൻ്റെ പേരിലായിരുന്നു എന്നെ വധിക്കാൻ പാർട്ടി തീരുമാനിച്ചതെന്ന് ഇന്നും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു. ഞാൻ ഏതെങ്കിലും രീതിയിൽ പാർട്ടിയെ നശിപ്പിക്കാൻ ശ്രമിച്ച ഒരാളല്ല.....

ഏതെങ്കിലും സാമൂഹൃ വിരുദ്ധ പ്രവർത്തനം നടത്തിയ ആളല്ല....

എന്തെങ്കിലും തരത്തിലുള്ള ക്രിമിനൽ പശ്ചാത്തലം ഉള്ള ആളല്ല......

എന്നിട്ടും പാർട്ടി എന്നെ കൊല്ലാൻ ആളെ വിട്ടു! പോലീസ് പ്രതികളെ പിടിച്ചപ്പോൾ പാർട്ടി അവരെ ജാമ്യത്തിലെടുത്തു ! അവർക്ക് ചെല്ലും ചിലവും കൊടുത്ത് സംരക്ഷിച്ചു !!

എന്തിനു വേണ്ടിയായിരുന്നു മാഷെ ഈ കൊലവിളിയും കൊലപാതക ശ്രമവും?അതുകൊണ്ട് പാർട്ടിക്ക് എന്ത് നേട്ടമാണ് ഉണ്ടായത് ? ഇത് വഴി എന്ത് സന്ദേശമാണ് പാർട്ടി പൊതു സമൂഹത്തിന് കൊടുക്കുന്നത്? എല്ലാവരേയും ഭയപ്പെടുത്തി പാർട്ടിയുടെ കൂടെ നിർത്താമെന്നോ ....??

2010 ൽ പയ്യന്നൂ പാർട്ടി എൻ്റെ മരണ വാറണ്ടിൽ ഒപ്പിടുമ്പോൾ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി പിണറായി വിജയനായിരുന്നു. വെട്ടേറ്റ് പൂർണ്ണമായും കിടപ്പിലായ ഞാൻ ഇനി ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധിക്കില്ലാ എന്ന ബോധ്യത്തിൽ,

എന്നെ വധിക്കാൻ ശ്രമിച്ച കൊലയാളി സംഘത്തോട് തന്നെ പറഞ്ഞ് എൻ്റെ 'ദയാവധം' നടപ്പിലാക്കി തരുവാൻ

പിണറായി വിജയനോട് ഞാൻ ആവശ്യപ്പെടുകയുണ്ടായിരുന്നു. എന്തുകൊണ്ടോ ആ ദൗത്യം അദ്ദേഹം ഏറ്റെടുത്തിരുന്നില്ല. അന്നത്തെ മലയാള മനോരമ പത്രത്തിൻ്റെ ഫ്രണ്ട് പേജിലെ പ്രധാന വാർത്ത എൻ്റെ ദയാവധ ആവശ്യമായിന്നു.


കാലം കുറേ കഴിഞ്ഞു. അതായത് 16 വർഷം ആവാൻ പോകുന്നു....

അന്ന് ഞാനനുഭവിച്ച വേദന .... എൻ്റെ സങ്കടങ്ങൾ .... ഇന്നും ഞാനനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ... എല്ലാം എൻ്റേതു മാത്രമായി തീർന്നു കൊണ്ടിരിക്കുന്നു!

കണക്കുകൾ പകരം ചോദിക്കുവാനോ പ്രതികാരം ചെയ്യാനോ ഉള്ള പലരുടേയും 'സഹായ വാഗ്‌ദാന'ങ്ങൾ ഒന്നും തന്നെ

എൻ്റെ ജനാധിപത്യ ബോധ്യങ്ങൾക്കു നിരക്കുന്നതായിരുന്നില്ല.

ഇന്ന് ഞാൻ വീണ്ടും ഇക്കാര്യം എഴുതാൻ കാരണം 2010 മൂർച്ച കൂട്ടിയ വടിവാളിന് 2026 ൽ വീണ്ടും മൂർച്ച കൂട്ടുന്നുണ്ടോ എന്ന് അറിയാൻ വേണ്ടി മാത്രമാണ്!

എന്തുകൊണ്ടെന്നാൽ സിപിഎം എന്ന പാർട്ടി വിട്ടതിനു ശേഷം മറ്റൊരു പാർട്ടിയിലും ചേരാത്ത ആളാണ് ഞാൻ. എന്നാൽ പലപ്പോഴായും എനിക്ക് ശരിയെന്ന് ബോധ്യമുള്ള ചില നിലപാടുകൾക്ക് മനസ്സുകൊണ്ടും എഴുത്തുകൊണ്ടും ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുമുണ്ട്. അത്തരത്തിലുള്ള ഒരു ബോധ്യമായിരുന്നു പയ്യന്നൂരിലെ വി കുഞ്ഞികൃഷ്ണൻ പറഞ്ഞ ഫണ്ട് വിഷയം. അത് എനിക്ക് മാത്രമല്ല മറ്റ് പലർക്കും ഉണ്ടെന്നുള്ള കാര്യം താങ്കൾക്കും അറിയാവുന്നതാണ്. ആ ബോധ്യത്തിൻ്റെ പുറത്ത് കുഞ്ഞികൃഷ്ണനു വേണ്ടി ഫേയ്‌സ്ബുക്കിൽ പോസ്റ്റ് എഴുതുന്നത് ഒരു ക്രിമിനൽ കുറ്റമാണെന്ന് ജനാധിപത്യ ബോധമുള്ള ആരും കരുതുമെന്ന് ഞാൻ വിചാരിക്കുന്നില്ല.

എന്നാൽ വിചിത്രമെന്ന് പറയട്ടെ അത്തരമൊരു പോസ്റ്റ് എഴുതിയതിൻ്റെ പേരിൽ വീണ്ടും എനിക്ക് നേരെ അക്രമ ഭീഷണി വന്നിരിക്കുകയാണ്! എൻ്റെ വീടിനും കടയ്ക്കും പോലീസ് സംരക്ഷണം കൊടുത്തിരിക്കുകയാണ്. ആരിൽ നിന്ന് രക്ഷനേടാൻ ?


സിപിഎമ്മിൽ നിന്ന് !!!

ഇതെന്ത് ലോകമാണ് സഖാവേ....

നിങ്ങൾ എന്ത് ജനാധിപത്യത്തെ കുറിച്ചും മനുഷ്യവകാശത്തെ കുറിച്ചുമാണ് വാതോരാതെ സംസാരിക്കുന്നത്?

അന്യൻ്റെ ശബ്ദം സംഗീതമാണെന്ന് പഠിപ്പിക്കുന്ന ഒരു പ്രത്യയശാസത്രത്തിൻ്റെ തലമുറക്കാർ, ഒരു നേർത്ത പ്രതിഷേധത്തെ പോലും ഇത്രമാത്രം ഭയപ്പെടുന്നുണ്ടെങ്കിൽ ഫാഷിസം എവിടെയാണ് സഖാവേ പൂത്തുലയുന്നത്?

ഏതാനും ദിവസത്തെ രാത്രികാല പോലീസ് കാവൽകൊണ്ട് ഒരു സുധാകരനും ഇവിടെ ജീവിച്ചിരിക്കില്ല...?

സിപിഎം ഒരാളെ കൊല്ലാൻ തീരുമാനിച്ചാൽ എത്രകാലം കഴിഞ്ഞാലും അവർ ആ കൃത്യം നിറവേറ്റിയിരിക്കും, അതാണ് ചരിത്രം.

എന്നാൽ ഈ ചരിത്രാനുഭവത്തിൻ്റെ കൂടെ കൂട്ടിവായിക്കപ്പെടേണ്ട മറ്റൊരു ചരിത്രാനുഭവം കൂടിയുണ്ട്. അത് മനുഷ്യരെ കൊന്നൊടുക്കിയ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ ചരിത്രമാണ്. അത് മാഷെ പോലെ ഒരാളോട് ഞാൻ ഓർമ്മിപ്പിക്കേണ്ട ആവശ്യം ഇല്ലല്ലോ? അത്തരം കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളും കമ്യൂണിസ്റ്റ് പാർട്ടികളും ചരിത്രത്തിൽ ഇന്ന് എവിടെയാണെന്നും മാഷിനെ പോലുള്ള ആളുകൾക്ക് അറിയാവുന്നതാണ്.

ജനാധിപത്യപരമായി ഇടപെടുന്ന മനുഷ്യരെ വാൾമുനയാൽ ഭയപ്പെടുത്തി മുന്നോട്ട് പോവുക എന്നത് ഒരു പരിഷ്‌കൃത സമൂഹത്തിൻ്റെ ജനാധിപത്യ ബോധ്യമല്ല. അത് ഫാഷിസത്തിൻ്റെ വഴിയാണ്.


ആ വഴിയാണ് താങ്കൾ നേതൃത്വം കൊടുക്കുന്ന സിപിഎം എന്ന പാർട്ടി തെരഞ്ഞെടുക്കുന്നതെങ്കിൽ ചോര മണക്കുന്ന വാളിൻ്റെ ഊഴവും കാത്തിരിക്കാനേ ഞങ്ങളെ പോലുള്ളവർക്കു സാധിക്കൂ....

അതല്ല സമാധാനം പുലരുന്ന ഒരു നാടിനെയാണ് നിങ്ങൾ സ്വപ്നം കാണുന്നതെങ്കിൽ സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ താങ്കളുടെ ഒരുറച്ച തീരുമാനം മാത്രം മതി അത് സാധ്യമാകാൻ ....🌹🙏

സസ്നേഹം

സുധാകരൻ പുഞ്ചക്കാട്

9744412221

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MV Govindanopen letterpolitical murderpolitical crimeCPM
News Summary - Sudhakaran Punchakkad open letter to mv govindan
Next Story