സുധാകരൻ നമ്പൂതിരി ഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ മേൽശാന്തി
text_fieldsപുതിയ ഗുരുവായൂർ മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട സുധാകരൻ നമ്പൂതിരി
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി പാലക്കാട് സ്വദേശി സുധാകരൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. ഒക്ടോബർ ഒന്നുമുതൽ ആറ് മാസത്തേക്കാണ് നിയമനം.
59കാരനായ ഇദ്ദേഹം എം.എ, ബി.എഡ് ബിരുദധാരിയാണ്. ശ്രീകൃഷ്ണപുരം ഹയർസെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പലാണ്. എഴുത്തുകാരനും ഘടം, മൃദംഗം കലാകാരനുമാണ്. രണ്ട് കവിതാ സമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഭാര്യ: ഷാജിനി(റിട്ട. പ്രധാനാധ്യാപിക, മണ്ണാർക്കാട് കല്ലടി ഹൈസ്കൂൾ). മക്കൾ: സുമനേഷ്, നിഖിലേഷ്.
51 പേരിൽ നിന്നാണ് ഇദ്ദേഹത്തെ മേൽശാന്തിയായി തെരഞ്ഞെടുത്തത്. ബുധനാഴ്ച ഉച്ച പൂജ കഴിഞ്ഞ് ക്ഷേത്രം നട തുറന്ന ശേഷം നറുക്കെടുപ്പിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്.
51 പേരുടെ പേരുകളാണ് ശ്രീലകത്തിന് മുന്നിലെ നമസ്കാര മണ്ഡപത്തിലെ വെള്ളിക്കുടത്തിൽ നിക്ഷേപിച്ചത്. നിലവിലെ മേൽശാന്തി കെ.എം. അച്യുതൻ നമ്പൂതിരിയാണ് നറുക്കെടുത്തത്. ക്ഷേത്രം തന്ത്രി പി.സി. ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍, ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.എസ് ബാലഗോപാല്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി.അരുണ്‍കുമാര്‍ എന്നിവരും നറുക്കെടുപ്പിന് സാക്ഷിയായിരുന്നു. ആകെ 63 അപേക്ഷകരാണ് ഉണ്ടായിരുന്നത്. അതിൽ എട്ടുപേർ കൂടിക്കാഴ്ചക്ക് എത്തിയില്ല. നാലുപേരെ കൂടിക്കാഴ്ചയിൽ അയോഗ്യരായി പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

