മാറ്റാൻ ഡൽഹിക്ക് വിളിപ്പിക്കേണ്ട, ഒരു കടലാസ് അയച്ചാൽ മതി; അതൃപ്തി പരസ്യമാക്കി സുധാകരൻ
text_fieldsതിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് കോൺഗ്രസ് സംഘടിപ്പിച്ച സംവിധാന് ബെച്ചാവോ റാലി ഉദ്ഘാടനം ചെയ്യാനെത്തിയ എ.ഐ.സി.സി ജനറല് സെക്രട്ടറി കെ.സി. വേണുഗോപാലും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സ്വകാര്യ സംഭാഷണത്തിൽ - ഫോട്ടോ: പി.ബി. ബിജു.
തിരുവനന്തപുരം: തനിക്ക് ആരോഗ്യപ്രശ്നമുണ്ടെന്ന് വരുത്തിത്തീർക്കാനും ഫിറ്റല്ലെന്ന് ലേബലടിച്ച് മൂലക്കിരുത്താനും കോൺഗ്രസിൽ ഒരു ഗ്രൂപ് ശ്രമിക്കുന്നുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ഇത് ആരൊക്കെയാണെന്നറിയാം. പക്ഷേ, പറയില്ല. ‘തനിക്ക് അസുഖമുണ്ട്, പ്രവർത്തിക്കാൻ കഴിയില്ല’ എന്ന് വരുത്തിത്തീർക്കലാണ് ലക്ഷ്യം. പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറുന്നതിന്റെ നേരിയ സൂചനപോലും ഒന്നര മണിക്കൂറോളം നടന്ന കൂടിക്കാഴ്ചയിൽ ഹൈകമാൻഡിൽനിന്ന് ഉണ്ടായിട്ടില്ല. പ്രസിഡന്റ് സ്ഥാനത്തുനിന്ന് തന്നെ മാറ്റില്ലെന്നാണ് ഉറച്ച വിശ്വാസം. കഴിവും പ്രാപ്തിയുമാണ് പ്രധാനം. അല്ലാതെ, പ്രായവും എത്ര വർഷമെന്നതുമല്ല.
രോഗമുണ്ടെങ്കിൽ ചികിത്സ തേടില്ലേ. അത് ചെയ്യാതിരിക്കാൻ മാത്രം താൻ വിവരമില്ലാത്തവനാണോ. ശാരീരിക പ്രയാസമുണ്ടെങ്കിൽ തന്നെ താനല്ലേ തുറന്നുപറയേണ്ടത്. മയോ ക്ലിനിക്കിൽ പോയി ചികിത്സ തേടിയിട്ടുണ്ട്. ഏത് രാഷ്ട്രീയ നേതാക്കളാണ് ചികിത്സക്ക് പോകാത്തത്. അതിലെന്താണ് മറച്ചുവെക്കാനുള്ളത്. തന്നെ രോഗിയാക്കൽ ചിലരുടെ ടാർഗറ്റാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടി പറഞ്ഞാൽ ആ നിമിഷം ഒഴിയും
എന്നെ മാറ്റണമെന്ന് ഹൈകമാൻഡിന് അഭിപ്രായമുണ്ടെങ്കിൽ ഡൽഹിയിലേക്ക് വിളിക്കേണ്ടതില്ല; ഒരു കടലാസ് അയച്ചാൽ മതി. ഞാൻ പാർട്ടിക്ക് വിധേയനാണ്. എനിക്ക് തരേണ്ടതിലധികവും പാർട്ടി തന്നിട്ടുണ്ട്. പാർട്ടി പറഞ്ഞാൽ ആ നിമിഷം ഒഴിയും. ചിരിച്ചുകൊണ്ടുതന്നെ കത്തുകൊടുക്കും. എന്റെ മുഖത്ത് ഒരു ഭാവമാറ്റവുമുണ്ടാകില്ല. എന്നാൽ, മാറ്റുന്ന കാര്യത്തിൽ അറിയാതെപോലും ഒരു സൂചന നേതൃത്വത്തിന്റെ നാവിൽനിന്ന് വീണിട്ടില്ല. ഇനി ദേശീയ അധ്യക്ഷൻ പറയാൻ മറന്നുപോയതാണോ എന്നറിയില്ല.
ഞാൻ മാധ്യമങ്ങളിൽ നിന്നാണ് വിവരമറിഞ്ഞത്. നീണ്ട കാലത്തെ രാഷ്ട്രീയപാരമ്പര്യം എനിക്കുണ്ട്. ആ പാരമ്പര്യത്തിന് മാനക്കേടുണ്ടാക്കി പ്രവർത്തിക്കില്ല. ഹൈകമാൻഡുമായി സംസാരിച്ചതെല്ലാം കേരളത്തിലെ കോൺഗ്രസിന്റെ നിലപാടും നിലവാരവും സംബന്ധിച്ചാണ്. കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഇതുവരെ ചെയ്ത പ്രവർത്തനങ്ങളുടെ റിപ്പോർട്ട് കേന്ദ്ര നേതൃത്വത്തിന് നൽകി. ഇതെല്ലാം തയാറാക്കിയാണ് ഡൽഹിക്ക് പോയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി ജയിച്ചുവരുമെന്നും കൂടിക്കാഴ്ചയിൽ ഉറപ്പുകൊടുത്തു.
ദിവസം നാല് പൊതുയോഗം; വേണമെങ്കിൽ ഡയറി കാട്ടാം
ദിവസം നാലും അഞ്ചും പൊതുയോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്. വേണമെങ്കിൽ ഡയറി കാണിച്ചുതരാം. ഇക്കാര്യം ദേശീയ പ്രസിഡന്റിനെ ബോധ്യപ്പെടുത്തി. ഞാൻ സ്ഥിരമായി ജിമ്മിൽ പോകുന്നയാളാണ്. രോഗിയാണെങ്കിൽ ജിമ്മിൽ പോകുമോ. എന്റെ പ്രവർത്തനത്തിലോ പ്രസംഗത്തിലോ എവിടെയെങ്കിലും അനാരോഗ്യം മൂലമുള്ള പോരായ്മ തോന്നിയിട്ടുണ്ടോ. ഇതൊന്നും സീരിയസായി എടുത്തിട്ടില്ല. പാർലമെന്റിന് പുതിയ കെട്ടിടം വന്നപ്പോൾ ഒരുതവണ തെറ്റായ പ്രവേശന കവാടത്തിലൂടെ കയറി. പ്രവേശന കവാടം പെട്ടെന്ന് മനസ്സിലാകാഞ്ഞത് കൊണ്ടായിരുന്നു അത്. എന്നാൽ, അത് ഉപയോഗിച്ച് ചില ആളുകൾ ആഞ്ഞടിച്ചു. ഇങ്ങനെ പ്രചാരണം നടത്തുന്നവർ സ്വയം നിർത്തണം. എന്നാൽ, ആരോടും യാചിക്കാനൊന്നുമില്ല. പാർട്ടിക്കുവേണ്ടി തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും ജോലി ചെയ്യുകയാണ് തന്റെ ഉത്തരവാദിത്തം.
സതീശനുമായി അഭിപ്രായ വ്യത്യാസമില്ല
വി.ഡി. സതീശനുമായി ഒരു കാര്യത്തിലും അഭിപ്രായ വ്യത്യാസമില്ല. പ്രതിപക്ഷ നേതാവെന്ന നിലയിൽ അദ്ദേഹത്തിന് ഏറെ തിരക്കുണ്ട്. പുതിയ പ്രസിഡന്റാകുന്നയാളുടെ പേരുകേട്ടാൽ ജനങ്ങൾക്ക് മനസ്സിലാകണമെന്ന കെ. മുരളീധരന്റെ അഭിപ്രായത്തെ പിന്തുണക്കുന്നു. ആ പറഞ്ഞതിൽ തെറ്റില്ല. യോഗ്യരായ ഒരുപാട് ആളുകൾ പാർട്ടിയിലുണ്ട്. പാർട്ടിക്കകത്ത് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകും. താൻ മാറണമെന്ന് അഭിപ്രായമുള്ളവരുമുണ്ടാകും. അത് സ്വാഭാവികമാണ്.
സണ്ണി വിളിച്ചു; സംസാരിച്ചു
ആന്റോ ആന്റണിയുടെയും സണ്ണി ജോസഫിന്റെയും പേര് എവിടെ നിന്ന് വന്നതാണെന്നറിയില്ല. സണ്ണി എന്നെ വിളിച്ചിരുന്നു. എപ്പോഴാണ് പ്രസിഡന്റാകുന്നതെന്ന് അദ്ദേഹത്തോട് ചോദിച്ചു. ‘ഏയ് അങ്ങനൊന്നുമില്ല, നിങ്ങളോട് ചോദിക്കാതെയും പറയാതെയും താനൊന്നും ചെയ്യില്ലെന്നാണ്’ അദ്ദേഹം പറഞ്ഞത്. എന്നോട് ചോദിക്കാനൊന്നും നിൽക്കേണ്ടെന്ന് തമാശക്ക് മറുപടിയും പറഞ്ഞ് ചിരിച്ചാണ് ഫോൺ വെച്ചത്. ആന്റോ വിളിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

