ഹൈകമാന്‍ഡ് നീക്കത്തെ പ്രതിരോധിച്ച് സുധാകരൻ
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പുകൾക്കുമുമ്പ് നേതൃമാറ്റത്തിനുള്ള ഹൈകമാൻഡ് നീക്കങ്ങളെ ഒരു പകൽ കൊണ്ട് പ്രതിരോധത്തിലാക്കി കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. പകരം പരിഗണിക്കുന്നവരുടെ പേരുകളിലേക്ക് ചർച്ച ചുരുങ്ങുന്നതിനിടെ, കെ.പി.സി.സി ആസ്ഥാനത്തെത്തി മാധ്യമങ്ങൾ വഴി അതൃപ്തിയും അമർഷവും പരസ്യമാക്കിയും അനാരോഗ്യം സംബന്ധിച്ച പ്രചാരണങ്ങൾക്കെതിരെ തുറന്നടിച്ചുമാണ് സുധാകരൻ നേതൃമാറ്റ ചർച്ചകളുടെ വേരറുക്കാൻ ശ്രമിച്ചത്.
രണ്ടു മാസം മുമ്പ് ഹൈകമാൻഡ് നേതൃമാറ്റ ചർച്ചകളിലേക്ക് കടന്നപ്പോഴും രൂക്ഷ ഭാഷയിൽ പ്രതികരിച്ച് സുധാകരൻ രംഗത്തെത്തിയിരുന്നു. വിവാദം പാർട്ടിയിലും പുറത്തും കത്തുകയും ഭരണപക്ഷം ആയുധമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് തൽക്കാലം അന്ന് ചർച്ച അവസാനിപ്പിച്ചത്. സമാനമാണ് നിലവിലെയും സാഹചര്യം.
പ്രസിഡന്‍റിനെതിരെ ഏകപക്ഷീയ നീക്കങ്ങൾ നടക്കുന്നെന്ന വികാരം കോൺഗ്രസിൽ ഒരു വിഭാഗത്തിനുണ്ട്. സുധാകരന് അപ്രീതിയുണ്ടാക്കിക്കൊണ്ടുള്ള മാറ്റം ഗുണത്തെക്കാളേറെ ദോഷമാകുമെന്ന് നേതൃത്വം തിരിച്ചറിഞ്ഞിരുന്നു. ദൽഹിയിലേക്ക് വിളിച്ച് നേതൃമാറ്റ കാര്യത്തിൽ ആശയവിനിമയം നടത്തിയതിലൂടെ പന്ത് സുധാകരന്‍റെ കോർട്ടിലേക്കാണ് ഹൈകമാൻഡ് തട്ടിയത്. സുധാകരൻ സ്വയം ഒഴിയുമെന്നും പരിക്കില്ലാതെ അഴിച്ചുപണി പൂർത്തിയാക്കാമെന്നുമുള്ള പ്രത്യാശയിലായിരുന്നു നേതൃത്വം.
എന്നാൽ, വാർത്തസമ്മേളനത്തിന് സമാനം മാധ്യമങ്ങൾക്ക് ഊഴം വെച്ച് അഭിമുഖം നൽകിയും തന്‍റെ നേതൃകാലത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പിണറായി വിജയൻ ഭരണത്തിന് അന്ത്യം കുറിക്കലടക്കം ഭാവിലക്ഷ്യങ്ങൾ അക്കമിടുകയും ചെയ്തതിലൂടെ പന്ത് ഹൈകമാൻഡിന്‍റെ കോർട്ടിലേക്കാണ് അദ്ദേഹം തിരിച്ചടിച്ചത്.
ഹൈകമാൻഡ് തീരുമാനിച്ചാൽ ആ നിമിഷം ചുമതലയൊഴിയുമെന്നും എന്നാൽ, നേതൃത്വം കൈവിടില്ലെന്നതാണ് ഏറ്റവും വലിയ ആത്മവിശ്വാസമെന്നുകൂടി അദ്ദേഹം പറഞ്ഞുവെച്ചു. ഈ ആത്മവിശ്വാസം തുടരുമോ തകരുമോ എന്നാണ് കണ്ടറിയേണ്ടത്.
തെരഞ്ഞെടുപ്പ് വർഷത്തിൽ പ്രസിഡന്‍റ് മാറേണ്ടതില്ലെന്നാണ് ഒരു വിഭാഗത്തിന്‍റെ നിലപാട്. കെ. മുരളീധരനടക്കം ഇത് പരസ്യമാക്കി. അദ്ദേഹത്തെ ഇപ്പോൾ ഒഴിവാക്കുന്നത് നന്ദികേടാണെന്ന് കരുതുന്നവരും പാർട്ടിയിലുണ്ട്. സർക്കാറിനെ നിയമസഭയിലും പുറത്തും രാഷ്ട്രീയമായി പ്രതിപക്ഷം കടന്നാക്രമിക്കുമ്പോൾ കോൺഗ്രസിലെ പുനഃസംഘടന പ്രശ്നങ്ങളുന്നയിച്ച് ഭരണപക്ഷവും തിരിച്ചടിച്ചുതുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

