‘കോളിഫ്ലവർ’ ചിത്രം: ഭഗൽപൂർ കൂട്ടക്കൊല ഓർമിപ്പിച്ച ബി.ജെ.പി മന്ത്രിക്കെതിരെ സുധാമേനോൻ
text_fieldsകോഴിക്കോട്: ബിഹാർ തെരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിന് പിന്നാലെ 'ബിഹാർ കോളിഫ്ലവർ കൃഷി അംഗീകരിച്ചിരിക്കുന്നു' എന്ന അസം മന്ത്രിയും ബി.ജെ.പി നേതാവുമായ അശോക് സിംഗാളിന്‍റെ ട്വീറ്റിനെതിരെ രൂക്ഷ പ്രതികരണവുമായി എഴുത്തുകാരി സുധാമേനോൻ. മന്ത്രി അശോക് സിംഗാളിന്‍റെ പരാമർശത്തിന്‍റെ അർഥം ആലോചിക്കാൻ പോലും പേടിയാണെന്ന് സുധാമേനോൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഭരണഘടനാപദവിയിൽ ഇരിക്കുന്ന ഒരു മന്ത്രിക്ക് ഇത്രയും വ്യക്തമായി വംശഹത്യയെ ന്യായീകരിക്കാൻ എങ്ങനെ കഴിയുന്നു. അശോക് സിംഗാൾ അധികാരസ്ഥാനത്ത് ഇരിക്കാൻ അർഹനല്ലെന്നും പ്രതിപക്ഷം ഈ വിഷയത്തിൽ ശക്തമായി പ്രതിഷേധിക്കണമെന്നും സുധാമേനോൻ ആവശ്യപ്പെട്ടു.
1989 ഒക്ടോബർ 24ന് ഭഗൽപൂരിൽ നടന്ന കലാപത്തെ സൂചിപ്പിക്കാനാണ് ബി.ജെ.പി മന്ത്രി 'ബിഹാർ കോളിഫ്ലവർ കൃഷി അംഗീകരിച്ചിരിക്കുന്നു' എന്ന പരാമർശം നടത്തിയത്. ഭഗൽപൂർ ജില്ലയിലെ ഗൊരാദിഹ് ബ്ലോക്കിലെ ലോഗെയ്ൻ ഗ്രാമത്തിലാണ് മുസ് ലിംകളെ കൂട്ടത്തോടെ കൊലപ്പെടുത്തി, മൃതദേഹങ്ങൾക്ക് മുകളിൽ കോളിഫ്ലവർ തൈകൾ നട്ടുവളർത്തി തെളിവ് നശിപ്പിച്ച സംഭവം നടന്നത്. രാമജന്മഭൂമി പ്രചാരണവുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളുടെ തുടർച്ചയായിരുന്നു ഭഗൽപൂർ കൂട്ടക്കൊല. ഭീകരത ഓർമപ്പെടുത്താൻ അന്ന് മുതൽ കോളിഫ്ലവർ ചിത്രങ്ങൾ ഉപയോഗിക്കാറുണ്ട്.
സുധാമേനോന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
ഇന്നലെ ബീഹാറിൽ NDA വിജയം നേടിയ ശേഷം ആസ്സാമിലെ മന്ത്രിയായ അശോക് സിംഘാൾ ‘എക്‌സിൽ’ പോസ്റ്റ് ചെയ്ത ഫോട്ടോ ആണിത്.
‘Bihar approves Gobi Farming’. എന്താണ് ഇതിനർത്ഥം? ഇതേ ബീഹാറിലെ ഭഗൽപൂരിൽ, 1989ൽ നടന്ന വർഗീയകലാപത്തിൽ നൂറിലധികം മുസ്ലിങ്ങളെ കൊന്നശേഷം, തെളിവ് നശിപ്പിക്കാൻ മൃതശരീരങ്ങൾ മറവുചെയ്ത സ്ഥലത്ത് കോളിഫ്ളവർ നട്ടു വളർത്തിയ മനുഷ്യവിരുദ്ധമായ സംഭവം ആണ് ഭരണഘടനയിൽ തൊട്ട് പ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്ത ഈ മഹാരാജ്യത്തിലെ ഒരു മന്ത്രി വിജയാഹ്ലാദത്തിനിടയിൽ ആവേശത്തോടെ ഓർമപ്പെടുത്തുന്നത്!
ബീഹാർ കോളിഫ്ളവർ കൃഷി അംഗീകരിച്ചിരിക്കുന്നു എന്നതിന്റെ അർത്ഥം ആലോചിക്കാൻ പോലും എനിക്കു പേടിയാണ്. എങ്ങനെ കഴിയുന്നു ഭരണഘടനാപദവിയിൽ ഇരിക്കുന്ന ഒരു മന്ത്രിക്ക് ഇത്രയും വ്യക്തമായി വംശഹത്യയെ ന്യായീകരിക്കാൻ!
പ്രതിപക്ഷം ഈ വിഷയത്തിൽ ശക്തമായി പ്രതിഷേധിക്കണം. അശോക് സിംഘാൾ അധികാരസ്ഥാനത്ത് ഇരിക്കാൻ അർഹനല്ല.
ഒരു കാര്യം കൂടി. ആസാം മുഖ്യമന്ത്രി ഹിമന്ത വിശ്വ ശർമ പണ്ട് കോൺഗ്രസ് വിട്ടുപോയതിന് രാഹുൽഗാന്ധിയെ ഇന്നും ആക്ഷേപിക്കുന്നവർ ഉണ്ട്. അയാൾ സംസാരിക്കാൻ പോയപ്പോൾ രാഹുൽ ജി പട്ടിയെ കളിപ്പിച്ചു എന്ന ‘നരേറ്റീവ്’ നാടാകെ പരത്തിയാണ് ഈ ശർമ ബിജെപിയിൽ പോയത്. എന്തായാലും അയാൾ എത്തേണ്ട സ്ഥലം കൃത്യമായിരുന്നു പിന്നീട് തെളിഞ്ഞു. അയാളുടെ മന്ത്രിയാണ് ഇപ്പോൾ കോളിഫ്‌ളവർ കൃഷി ഓർമ്മിപ്പിക്കുന്നത്!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

