രാഷ്ട്രീയ സംഘട്ടനത്തിൽ കൈയും കാലും നഷ്ടപ്പെട്ടവർ പല പാർട്ടികളിലും ഉണ്ടാകും... -സി. സദാനന്ദന്‍റെ നാമനിർദേശത്തിനെതിരെ സുധാ മേനോൻ
text_fieldsസി. സദാനന്ദൻ
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി. സദാനന്ദനെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തതിനെതിരെ വിമർശനവുമായി എഴുത്തുകാരി സുധ മേനോൻ. കക്ഷി-രാഷ്ട്രീയ സംഘട്ടനത്തിന്റെ ഭാഗമായി കൈയും കാലും നഷ്ടപ്പെട്ട, തൊഴില്‍ നഷ്ടപ്പെട്ട, ജയില്‍ വാസം അനുഭവിക്കേണ്ടി വന്ന ധാരാളം മനുഷ്യര്‍ പല പാർട്ടികളിലും ഉണ്ടാകും. അത്തരം പ്രാദേശിക നേതാക്കളെ പുനരധിവസിപ്പിക്കുന്ന സമ്പ്രദായം അല്ല രാജ്യസഭയിലേക്കുള്ള നോമിനേഷൻ എന്ന് അവർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളെയാണ് രാജ്യസഭയിലേക്ക് രാഷ്ട്രപതി നോമിനേറ്റ് ചെയുന്നത്. നമ്മുടെ കണ്മുന്നിലൂടെ ഇതെല്ലാം പതുക്കെ നോർമലൈസ് ചെയ്യപ്പെടുകയാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ സുധ മേനോൻ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പ്:
സത്യേന്ദ്രനാഥ് ബോസ്,പ്രിഥ്വിരാജ് കപൂര്‍, രുഗ്മിണിദേവീ അരുണ്ഡേൽ, മൈഥിലീ ശരണ്‍ ഗുപ്ത, ഹരിവംശ റായ് ബച്ചന്‍, ഉമാശങ്കര്‍ ജോഷി, മാല്‍കം ആദിശേഷയ്യ, നര്‍ഗീസ്, ഖുശ്വന്ത് സിംഗ്,അമൃത പ്രീതം, സലിം അലി, ഇള ഭട്ട്, നിര്‍മലദേശ്പാണ്ടേ,കുല്‍ദീപ് നയ്യാര്‍, പണ്ഡിറ്റ് രവിശങ്കര്‍, മൃണാള്‍ സെന്‍, ലതാ മങ്കേഷ്കര്‍, കസ്തൂരിരംഗന്‍, ആര്‍. കെ നാരായണ്‍, ശിവാജി ഗണേശന്‍, സച്ചിൻ....മുന്‍കാലങ്ങളില്‍ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട പ്രതിഭകളില്‍ ചിലരാണ്.
ഇനി മലയാളികളെ മാത്രമെടുത്താല്‍ കെ. എം പണിക്കര്‍, ജി. രാമചന്ദ്രന്‍, എം. എസ് സ്വാമിനാഥന്‍, ജി. ശങ്കരക്കുറുപ്പ് , അബു എബ്രഹാം എന്നിവരാണ് ബിജെപി അധികാരത്തിൽ വരും മുൻപ് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട മലയാളികള്‍. രാജ്യത്തെ തന്നെ ഏറ്റവും മികച്ച പ്രതിഭകളാണ് ഇപ്പറഞ്ഞവരെല്ലാം എന്ന് വിശദീകരിക്കേണ്ടതില്ലല്ലോ. പിടി ഉഷയും, സുരേഷ് ഗോപിയും ആണ് ബിജെപി ഭരണകാലത്ത് നേരത്തെ നോമിനേറ്റ് ചെയ്യപ്പെട്ടവർ. അവരും പ്രതിഭ തെളിയിച്ചവർ തന്നെ ആയിരുന്നു.
രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളെയാണ് രാജ്യസഭയിലേക്ക് രാഷ്ട്രപതി നോമിനേറ്റ് ചെയുന്നത്. അതാണ് ഭരണഘടനയുടെ മാതാ-പിതാക്കൾ ആർട്ടിക്കിൾ 80ൽ വിഭാവനം ചെയ്തത്.
കക്ഷി-രാഷ്ട്രീയ സംഘട്ടനത്തിന്റെ ഭാഗമായി കൈയും കാലും നഷ്ടപ്പെട്ട, തൊഴില്‍ നഷ്ടപ്പെട്ട, പ്രതിയല്ലെങ്കിലും ജയില്‍ വാസം അനുഭവിക്കേണ്ടി വന്ന ധാരാളം മനുഷ്യര്‍ പല പാർട്ടികളിലും ഉണ്ടാകും. അത്തരം പ്രാദേശിക നേതാക്കളെ പുനരധിവസിപ്പിക്കുന്ന സമ്പ്രദായം അല്ല രാജ്യസഭയിലേക്കുള്ള നോമിനേഷൻ. അതിന് മറ്റു വഴികൾ രാജ്യസഭയിൽ തന്നെ ഉണ്ടല്ലോ. ഏതെങ്കിലും ഒരു സംസ്ഥാനത്തിൽ നിന്നും തിരഞ്ഞെടുത്താൽ പോരേ?
നമ്മുടെ കണ്മുന്നിലൂടെ ഇതെല്ലാം പതുക്കെ നോർമലൈസ് ചെയ്യപ്പെടുകയാണ്. ‘ഗോഡ്‌സെ പറയുന്നതിലും ന്യായമുണ്ടല്ലോ’ എന്ന് നമ്മോട് തർക്കിക്കുന്നവരുടെ എണ്ണം കഴിഞ്ഞ 10 വർഷത്തിനിടയിൽ എത്രമേൽ വർധിച്ചു എന്ന് സ്വയം ആലോചിച്ചു നോക്കു... ടി. എസ് എലിയറ്റിന്റെ വിഖ്യാതമായ വരികൾ ആണ് ഓർമ വരുന്നത്...
‘This is the way the world ends
Not with a bang but a whimper’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

