‘വി.എസിന്റെയും എ.കെ. ആന്റണിയുടെയും വിഡിയോ കാണിച്ച ശേഷമാണ് വെള്ളാപ്പള്ളി വിദ്വേഷപ്രസംഗം നടത്തുന്നത്; സിപിഎം നൽകുന്ന പിന്തുണ ആശങ്കാജനകം’ -സുദേഷ് എം. രഘു
text_fieldsകൊടുങ്ങല്ലൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിദ്വേഷപ്രസംഗം നടത്തുന്നത് ആർക്കുവേണ്ടിയാണെന്ന് പരിശോധിക്കപ്പെടണമെന്ന് ആക്ടിവിസ്റ്റ് സുദേഷ് എം. രഘു. വെള്ളാപ്പള്ളിയുടെ മുസ്‍ലിംവിരുദ്ധ പ്രചാരണത്തിന് ഇടതുപക്ഷവും സിപിഎമ്മും നൽകുന്ന പിന്തുണ ആശങ്കാജനകമാണെന്നും കൊടുങ്ങല്ലൂർ ശ്രീനാരായണ ദർശനവേദി നടത്തിയ സെമിനാറിൽ അദ്ദേഹം പറഞ്ഞു.
‘എസ്.എൻ.ഡി.പി യോഗത്തിന്റെ സമ്മേളനങ്ങളിൽ വെച്ചാണ് വെള്ളാപ്പള്ളി നടേശൻ ഇത്തരം പ്രസ്താവനകൾ കൂടുതലും നടതുന്നത്. വി.എസ്. അച്യുതാനന്ദൻ മലപ്പുറത്തെക്കുറിച്ച് പറഞ്ഞ വിഡിയോയും എ.കെ. ആന്റണി ന്യൂനപക്ഷങ്ങളെക്കുറിച്ച് പറഞ്ഞ വിഡിയോയും പ്രദർശിപ്പിച്ച് അണികളെ ആവേശം കൊള്ളിച്ച ശേഷമാണ് അദ്ദേഹം സംസാരിക്കുന്നത്’ -സുദേഷ് എം. രഘു ചൂണ്ടിക്കാട്ടി.
‘ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾക്ക് നേരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കുന്നതാണ് കൊടുങ്ങല്ലൂരിലെ ശ്രീനാരായണ ദർശനവേദി നടത്തുന്ന പ്രവർത്തനങ്ങൾ. ശ്രീനാരായണ പ്രസ്ഥാനത്തിനകത്തെ അപചയങ്ങൾക്കെതിരെ സമുദായത്തിനുള്ളിൽ നിന്ന് തന്നെ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. സോഷ്യൽ മീഡിയ സജീവമായ കാലത്ത് ഇത് നിസ്സാരമല്ല. അടുത്തിടെ നായർ-ഈഴവ ഐക്യത്തെക്കുറിച്ച് വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും ഇട്ട ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ വന്ന കമന്റുകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും,. മുസ്‍ലികളല്ല, മറിച്ച് എസ്എൻഡിപിക്കാരനാണെന്ന് ഉറപ്പിച്ചു പറയുന്ന ഈഴവ സമുദായത്തിൽപ്പെട്ടവർ തന്നെയാണ് വെള്ളാപ്പള്ളിയെ രൂക്ഷമായി വിമർശിക്കുന്നത്. ഗുരുവിന്റെ സന്ദേശങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതിനെ തിരുത്താൻ ഇന്നും ശ്രീനാരായണീയർ തയ്യാറാകുന്നു എന്നത് ശുഭസൂചനയാണ്.
വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായ കാലത്ത് ഞാനുൾപ്പെടെയുള്ളവർ ഏറെ സന്തോഷിച്ചിരുന്നു. സ്വാമി ശാശ്വതീകാനന്ദ ജീവിച്ചിരുന്ന ആ കാലത്ത്, അവർണ വിഭാഗങ്ങളുടെ ഐക്യത്തിനും അവകാശങ്ങൾക്കും വേണ്ടി പോരാടുന്ന പ്രസ്ഥാനമായിരുന്നു എസ്എൻഡിപി. എന്നാൽ പിൽക്കാലത്ത് ഉണ്ടായ മാറ്റം കേരളത്തിന്റെ നൈതിക ബോധത്തിൽ വലിയ വിള്ളലുണ്ടാക്കി. 'കേരളീയം' എന്ന ഓൺലൈൻ മാഗസിൻ നടത്തിയ കണക്കെടുപ്പ് പ്രകാരം, 2025 ഏപ്രിൽ മുതലുള്ള 11 മാസത്തിനിടെ വെള്ളാപ്പള്ളി നടേശൻ 60-ൽ പരം വിദ്വേഷ പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്. അതായത് ശരാശരി നാല് ദിവസം കൂടുമ്പോൾ ഒന്ന് എന്ന കണക്കിന്. എസ്എൻഡിപി യോഗത്തിന്റെ സമ്മേളനങ്ങളിൽ വെച്ചാണ് ഇത്തരം പ്രസ്താവനകൾ കൂടുതലും വരുന്നത്. വി.എസ്. അച്യുതാനന്ദൻ മലപ്പുറത്തെക്കുറിച്ച് പറഞ്ഞ വിഡിയോയും, എ.കെ. ആന്റണി ന്യൂനപക്ഷങ്ങളെക്കുറിച്ച് പറഞ്ഞ വിഡിയോയും പ്രദർശിപ്പിച്ച് അണികളെ ആവേശം കൊള്ളിച്ച ശേഷമാണ് അദ്ദേഹം സംസാരിക്കുന്നത്.
സംഘപരിവാർ നേതാക്കൾ പോലും പറയാത്ത രീതിയിലാണ് വെള്ളാപ്പള്ളിയുടെ വിദ്വേഷപ്രസംഗം. ഈഴവ സമുദായത്തിന്റെ അവകാശങ്ങൾ ലഭിക്കാത്തതിന് കാരണം മുസ്‍ലിംകളും മുസ്‍ലിം ലീഗുമാണെന്ന രീതിയിലാണ് വെള്ളാപ്പള്ളി കാര്യങ്ങൾ അവതരിപ്പിക്കുന്നത്. സമുദായത്തിന്റെ അവകാശങ്ങളെക്കുറിച്ച് പറയുന്നത് നല്ലതാണെങ്കിലും അതിന് കാരണം മുസ്‍ലിംകളാണോ എന്നത് പരിശോധിക്കപ്പെടണം. വെള്ളാപ്പള്ളിയുടെ ഈ പ്രചാരണത്തിന് ഇടതുപക്ഷവും സിപിഎമ്മും നൽകുന്ന പിന്തുണയാണ് ആശങ്കാജനകം. ആദ്യകാലത്ത് സുനിൽ പി. ഇളയിടം അടക്കമുള്ളവർ വിമർശിച്ചിരുന്നെങ്കിലും ഇപ്പോൾ ഇടതുപക്ഷം വെള്ളാപ്പള്ളിയെ ന്യായീകരിക്കുകയാണ്. ഇത് വെള്ളാപ്പള്ളി ആർക്കുവേണ്ടിയാണ് സംസാരിക്കുന്നത് എന്ന ചോദ്യം ഉയർത്തുന്നു. ഇത് ഇടതുപക്ഷത്തിന്റെ അജണ്ടയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ വെള്ളാപ്പള്ളി മുസ്‍ലിം ലീഗിനെയാണ് വിമർശിക്കുന്നതെന്ന് പറയുമ്പോഴും, യഥാർത്ഥത്തിൽ അദ്ദേഹം മുസ്‍ലിം സമുദായത്തെയാണ് ലക്ഷ്യം വെക്കുന്നത്. നുണകൾ പെട്ടെന്ന് പിടിക്കപ്പെടുന്ന കാലമാണിത്. നിയമസഭയിൽ വി. ശിവൻകുട്ടി സോണിയ ഗാന്ധിക്കെതിരെ സംസാരിച്ചപ്പോഴും സജി ചെറിയാന്റെ കാര്യത്തിലും ഇത് കണ്ടതാണ്. വെള്ളാപ്പള്ളി നടേശന്റെ ആരോപണങ്ങൾക്ക് പിന്നിലെ യഥാർത്ഥ ശക്തി ഇടതുപക്ഷമാണെങ്കിൽ വിമർശനം അവർക്ക് നേരെയാണ് ഉയരേണ്ടത്. ജനാധിപത്യപരമായി പ്രവർത്തിക്കാൻ ഏതൊരു സംഘടനയ്ക്കും അവകാശമുണ്ട്. അക്രമത്തിലേക്കോ വിദ്വേഷത്തിലേക്കോ നീങ്ങുമ്പോഴാണ് അതിനെ എതിർക്കേണ്ടത്. നിയമസഭയിലും മറ്റും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യത്തിന് വേണ്ടി നിലകൊള്ളുന്നത് കൊണ്ടാണ് മുസ്‍ലിം ലീഗിനെയും മറ്റ് സംഘടനകളെയും ഭീകരവൽക്കരിക്കുന്നത്. ഇത്തരം ഇസ്‍ലാമോഫോബിക് പ്രചാരണങ്ങളെയും വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗങ്ങളെയും ഒരുമിച്ച് നേരിടണം’ -സുദേഷ് എം രഘു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

