വേടന്‍റെ പാട്ട് സിലബസിൽ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ല -എസ്.യു.സി.ഐ (സി)
text_fieldsതിരുവനന്തപുരം: വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയുടെ പാട്ട് കോഴിക്കോട് സർവകലാശാല സിലബസിൽനിന്ന് ഒഴിവാക്കണമെന്ന് എസ്.യു.സി.ഐ(കമ്യൂണിസ്റ്റ്)പാർട്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി ജയ്സൺ ജോസഫ്. സേവ് യൂനിവേഴ്സിറ്റി ഫോറം എസ്.യു.സി.ഐ സംഘടനയാണ് എന്ന് പ്രചരിപ്പിക്കുന്നത് ദുഷ്ടലാക്കോടെയാണെന്ന് അദ്ദേഹം പറഞ്ഞു.
'ആരോഗ്യകരമായ സംവാദങ്ങൾക്ക് വ്യാജപ്രചാരണ തന്ത്രങ്ങൾ വിലങ്ങുതടിയാകുമെന്ന് വിനയപൂർവ്വം ഓർമ്മിപ്പിക്കട്ടെ. സ്വന്തം നിലപാട് സുതാര്യമായും നിർഭയമായും പ്രകടിപ്പിക്കുന്ന സംഘടനയാണ് എസ്.യു.സി.ഐ (സി).വിശാലമായ ജനതാല്പ ര്യത്തിന്റെയും സാമൂഹ്യ പുരോഗതിയുടെയും പക്ഷത്തു നിന്നുകൊണ്ടുമാത്രമാണ് ഏതൊരു വിഷയത്തെ സംബന്ധിച്ചുമുള്ള നിലപാട് പാർട്ടി സ്വീകരിക്കുന്നത്' പ്രസ്താവനയിൽ പറയുന്നു.
റാപ് സംഗീതം പ്രതിനിധാനം ചെയ്യുന്ന മർദ്ദിതന്‍റെ രാഷ്ട്രീയത്തോടും വേടന്‍റെ പാട്ടിനോടും യോജിക്കുന്നതായി പ്രസ്താവന വ്യക്തമാക്കുന്നു. യൂനിവേഴ്സിറ്റി സിലബസ് രൂപീകരണം ഉൾപ്പെടെയുള്ള അക്കാദമിക്ക് വിഷയങ്ങളിൽ തീരുമാനമെടുക്കാനുള്ള അവകാശം സ്വയംഭരണാവകാശമുള്ള യൂനിവേഴ്സിറ്റി സമിതികൾക്ക് ആയിരിക്കണം. രാഷ്ട്രീയ പരിഗണനകൾ ഉൾപ്പെടെ ഒരു സങ്കുചിത താല്പര്യവും അതിൽ കൈകടത്താൻ പാടില്ല.
യൂനിവേഴ്‌സിറ്റികളുടെ സ്വയംഭരണാവകാശം തകർക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാറുകൾ മത്സര ബുദ്ധിയോടെ ശ്രമിക്കുമ്പോൾ യൂനിവേഴ്സിറ്റികളെ സംരക്ഷിക്കാൻ ജനാധിപത്യ വിശ്വാസികൾ ഒത്തൊരുമിച്ചു രംഗത്തിറങ്ങണമെന്നും അനാവശ്യ വിവാദങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും ജയ്സൺ ജോസഫ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

