സബ്‌സിഡി സിലിണ്ടറുകൾ വെട്ടിക്കുറച്ച് കേന്ദ്രം: വില വർധന സാധാരണക്കാരെ ബാധിക്കില്ല, പ്രതിദിനം ഒരു രൂപയുടെ അധികബാധ്യത മാത്രമെന്ന് ന്യായീകരണം
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന സബ്‌സിഡി പാചകവാതക സിലിണ്ടറുകൾ വെട്ടിക്കുറച്ചു. ഒരു വർഷം ലഭിച്ചിരുന്ന സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം നാലായി കുറച്ചതായി പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം അഡീഷണൽ സെക്രട്ടറി പ്രവീൺ മാൽഖനൂജ അറിയിച്ചു. സാധാരണക്കാരുടെ ശരാശരി വാർഷിക ഉപയോഗം കണക്കിലെടുത്താണ് പരിഷ്കരണമെന്നും സർക്കാർ വിശദീകരിച്ചു.
2016 മേയിൽ ആരംഭിച്ച പദ്ധതിക്ക് തുടക്കത്തിൽ പ്രതിവർഷം 12 സിലിണ്ടറുകൾക്കാണ് സബ്‌സിഡി നൽകിയത്. കഴിഞ്ഞ വർഷം ഇത് ഒമ്പതാക്കുകയും ഇപ്പോൾ വീണ്ടും നാലായി ചുരുക്കുകയുമായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർധിച്ചതോടെ ആഭ്യന്തര വിപണിയിലും പാചകവാതക വില വർധിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഡൽഹിയിൽ മാത്രം സിലിണ്ടറിന് 89 രൂപയാണ് വർധിച്ചത്. ജൂൺ ഏഴിന് 29 രൂപ വർധിപ്പിച്ച് ഇപ്പോൾ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 942 രൂപയിലെത്തി.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെ തുടർന്ന് ആഗോളതലത്തിൽ എണ്ണവില ഉയർന്നതാണ് ആഭ്യന്തര വിപണിയിൽ ഇന്ധന വില വർധിക്കാൻ കാരണം. അന്താരാഷ്ട്ര വില സൂചിക പ്രകാരം ഒരു സിലിണ്ടർ വിതരണം ചെയ്യാൻ സർക്കാരിന് നിലവിൽ 1,600 രൂപയിലധികം ചെലവുണ്ട്. ഇതിലൂടെ ഒരു സിലിണ്ടറിന് ഏകദേശം 1,000 രൂപയുടെ സാമ്പത്തിക സഹായമാണ് സർക്കാർ നൽകുന്നത്. ആഗോള വിപണിയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ പാചകവാതക വില ഇപ്പോഴും കുറവാണെന്നും മന്ത്രാലയം അവകാശപ്പെട്ടു.
അതേസമയം, വില വർധന സാധാരണക്കാരെ വലിയ രീതിയിൽ ബാധിക്കില്ലെന്നാണ് അധികൃതരുടെ വാദം. സിലിണ്ടറിന് 29 രൂപ വർധിച്ചത് ഒരു കുടുംബത്തിന് പ്രതിദിനം വെറും ഒരു രൂപയുടെ അധികബാധ്യതയാണ് വരുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, എൽ.പി.ജി വില വർധിപ്പിച്ചിട്ടും എണ്ണക്കമ്പനികൾക്ക് ഒരു സിലിണ്ടറിന്മേൽ 700 രൂപ നഷ്ടം സംഭവിക്കുന്നുണ്ട്. പാചകവാതകത്തിന് പുറമെ പെട്രോൾ, ഡീസൽ, സി.എൻ.ജി എന്നിവയുടെ വിലയും കഴിഞ്ഞ മാസങ്ങളിൽ വർധിപ്പിച്ചിരുന്നു. എണ്ണക്കമ്പനികൾ നേരിടുന്ന 600 മുതൽ 700 കോടി വരെയുള്ള നഷ്ടം നികത്തുന്നതിനാണ് ഇന്ധന വിലവർധനവിലേക്ക് കടക്കേണ്ടി വന്നതെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

