കീഴ് ഉദ‍്യോഗസ്ഥർക്ക് മർദനം; ഡെപ‍്യൂട്ടി റെയ്ഞ്ചർക്കും ബി.എഫ്.ഒക്കും സസ്പെൻഷൻ
text_fieldsനിലമ്പൂർ: ജോലിക്കിടെ മദ‍്യപിച്ച് കീഴ് ഉദ‍്യോഗസ്ഥരെ മർദിച്ച സംഭവത്തിൽ ഡെപ‍്യൂട്ടി റെയ്ഞ്ചറെയും ഡ‍്യൂട്ടി സമയത്ത് മദ‍്യപിച്ചതിന് ബീറ്റ് ഫോറസ്റ്റ് ഓഫിസറെയും (ബി.എഫ്.ഒ) സസ്പെൻഡ് ചെയ്തു. മാതൃക ഫോറസ്റ്റ് സ്റ്റേഷാക്കുമെന്ന് അടുത്തിടെ വനം മന്ത്രി പ്രഖ‍്യാപിച്ച നിലമ്പൂർ റേഞ്ച് വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ‍്യൂട്ടി റേഞ്ച് ഓഫിസർ ടി. അജികുമാറിനെയും ബി.എഫ്.ഒ ടിജോ ജോസഫിനെയുമാണ് സസ്പെൻഡ് ചെയ്തത്. ഡെപ‍്യൂട്ടി റെയ്ഞ്ചറെ ഭരണവിഭാഗം അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും ബി.എഫ്.ഒയെ നിലമ്പൂർ നോർത്ത് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറുമാണ് സസ്പെൻഡ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെ 8.30നാണ് സസ്പെൻഷനിലേക്ക് നയിച്ച സംഭവം. ഡെപ‍്യൂട്ടി റേഞ്ച് ഓഫിസർ അജികുമാർ മദ‍്യപിച്ച് തന്നെ മർദിച്ചെന്ന് പറഞ്ഞ് ബീറ്റ് ഫോറസ്റ്റ് ഓഫിസർ കെ.സി. സന്തോഷ് പോത്തുകല്ല് കുടുംബാരോഗ‍്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. അജികുമാറിനെതിരെ ഇയാൾ പരാതിയും നൽകി. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ റേഞ്ച് ഓഫിസർ പി. വിമലിനെയും റിസർവ് ഫോഴ്സ് റേഞ്ച് ഓഫിസറിനെയും ഡി.എഫ്.ഒ ചുമതലപ്പെടുത്തി. അന്വേഷണത്തിനെത്തിയവർ അജികുമാറിനെയും ടിജോ ജോസഫിനെയും വൈദ‍്യപരിശോധനക്കായി നിലമ്പൂർ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്തസാമ്പിൾ നൽകാൻ ഇരുവരും വിസമ്മതിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ സ്റ്റേഷനിൽ ഡ‍്യൂട്ടിയിലുണ്ടായിരുന്ന ബി.എഫ്.ഒ കെ.സി. സന്തോഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ (ഗ്രേഡ്) വി. മനോജ്, പി. ചന്ദ്രൻ, ദിവസവേതന വാച്ചറായ രതീഷ് എന്നിവരെ മദ‍്യലഹരിയിൽ ഡെപ‍്യൂട്ടി റേഞ്ചർ മർദിച്ചതായും ഇവരുടെ കൃത‍്യനിർവഹണം തടസ്സപ്പെടുത്തിയതായും ബോധ‍്യപ്പെട്ടു.
ഇതിന് മുമ്പും ഇത്തരം മോശമായ കാര‍്യങ്ങൾ ഡെപ‍്യൂട്ടി റേഞ്ചറുടെ ഭാഗത്തുനിന്ന് ഉണ്ടായതായും അന്വേഷണ ഉദ‍്യോഗസ്ഥർ ഡി.എഫ്.ഒക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. ഡ‍്യൂട്ടി സമയത്ത് മദ‍്യപിച്ചതിനും മറ്റുമാണ് ടിജോ ജോസഫിനെതിരെ നടപടി. ഇത്തരം ഉദ‍്യോഗസ്ഥരെ സർവിസിൽ തുടരാൻ അനുവദിക്കുന്നത് വകുപ്പിന് നാണക്കേടുണ്ടാക്കുമെന്നും റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

