ഐ.എസിനൊപ്പം ചേർന്ന് യുദ്ധം ചെയ്തെന്ന കേസിൽ സുബ്ഹാനിക്ക് ജീവപര്യന്തം
text_fieldsകൊച്ചി: ഭീകര സംഘടനയായ ഐ.എസിനൊപ്പം ചേർന്ന് ഇറാഖിനെതിരെ യുദ്ധംചെയ്തെന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 2.10 ലക്ഷം രൂപ പിഴയും. തൊടുപുഴ മാര്‍ക്കറ്റ് റോഡ് മാളിയേക്കല്‍ സുബ്ഹാനി ഹാജാ മൊയ്തീനെയാണ് (35) എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി ജഡ്ജി പി. കൃഷ്ണകുമാർ ശിക്ഷിച്ചത്.
ഭീകര സംഘടനയിൽ അംഗമായ കുറ്റത്തിന് ജീവപര്യന്തവും ലക്ഷം പിഴയും, ഇന്ത്യയുടെ സഖ്യ രാജ്യത്തിനെതിരെ യുദ്ധം ചെയ്തെന്ന കുറ്റത്തിന് ഏഴ് വർഷം കഠിന തടവും ലക്ഷം പിഴയും, ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് അഞ്ച് വർഷം കഠിനതടവും 10,000 രൂപ പിഴയും, ഭീകരപ്രവർത്തനം നടത്തി എന്ന കുറ്റത്തിന് ഏഴ് വർഷം കഠിനതടവ്, ഭീകരസംഘടനയെ അനുകൂലിച്ചു എന്ന കുറ്റത്തിന് ഏഴ് വർഷം കഠിനതടവ് എന്നിങ്ങനെയാണ് ശിക്ഷ.
ജീവപര്യന്തത്തിന് പുറമെ 26 വർഷം അധികതടവ് ഉണ്ടെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴ അടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കണം. അറസ്റ്റിലായ 2016 ഒക്ടോബർ അഞ്ച് മുതലുള്ള ജയിൽവാസം ശിക്ഷയിൽ ഇളവ് ചെയ്യും.
യുവാക്കൾ മാതൃരാജ്യവുമായുള്ള ബന്ധം ഉപേക്ഷിക്കാൻ പോലും തയാറാവുന്ന രീതിയിൽ തീവ്ര പ്രത്യയശാസ്ത്രങ്ങളിലേക്ക് പോകുന്നത് അത്യന്തം വേദനാജനകമാണ്. ഭീകരതയുടെ ഭീഷണിയിൽനിന്നും കുറ്റകൃത്യങ്ങളിൽനിന്നും സമൂഹത്തെ സംരക്ഷിക്കുന്നത് കോടതിയുടെ പരമാധികാര പ്രവർത്തനത്തിൽപെട്ടതാണ്.
ഈ സാഹചര്യത്തിൽ കുറ്റവാളിയുടെ വ്യക്തിതാൽപര്യത്തിന് അനാവശ്യമായ പ്രത്യേകാവകാശം നൽകാനാവില്ല. ഇന്ത്യയിലായിരിക്കെ 2.2 കിലോമീറ്റർ ദൂരത്തിൽ വെടിയുതിർക്കാൻ കഴിയുന്ന യു.എസ് നിർമിത തോക്ക് (ചീറ്റാക് 200) വാങ്ങാൻ ശ്രമിച്ച പ്രതിക്ക് ശിക്ഷയിൽ ഇളവ് നൽകാനാവില്ല- േകാടതി വിധിന്യായത്തിൽ വ്യക്തമാക്കി.
കനകമല ഐ.എസ് കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനിടെ 2016 ഒക്ടോബറിലാണ് സുബ്ഹാനിയെ എൻ.ഐ.എ പിടികൂടിയത്. തുർക്കി വഴി ഇറാഖിലേക്ക് പോയതായി അന്വേഷണത്തിൽ വ്യക്തമായതോടെ പ്രത്യേകം കേസ് എടുത്തു. 2015 ഏപ്രിലിൽ ഇറാഖിൽ പ്രവേശിച്ചു. തുടർന്ന് മൂസിലിനടുത്ത യുദ്ധമേഖലയിൽ പരിശീലനം നേടി.
എന്നാൽ, സുഹൃത്ത് യുദ്ധത്തിനിടെ മരിച്ചതോെട ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിച്ചു. അവിടെവെച്ച് പിടികൂടി ജയിലിലടച്ചെങ്കിലും പിന്നീട് മോചിപ്പിച്ചു. പിന്നീട് ഇസ്തംബൂളിലെ ഇന്ത്യൻ എംബസിയെ സമീപിച്ച് 2015 സെപ്റ്റംബറിൽ മടങ്ങിയെങ്കിലും ഐ.എസ് ബന്ധം തുടർന്നെന്നായിരുന്നു എൻ.ഐ.എ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

