മൂന്നാറിലെ സമൂഹധ്യാനം കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് സബ്കലക്ടറുടെ റിപ്പോർട്ട്
text_fieldsമൂന്നാർ: സർക്കാർ ഉത്തരവ് ലംഘിച്ച് സി.എസ്.ഐ സൗത്ത് കേരള രൂപത മൂന്നാറിൽ വൈദികർക്ക് സമൂഹധ്യാനം നടത്തിയെന്ന പരാതി ശരിവെച്ച് ദേവികുളം സബ് കലക്ടറുടെ റിപ്പോർട്ട്. കുറ്റക്കാരായ മുഴുവൻ പേർക്കെതിരെയും കർശന നടപടി ശിപാർശ ചെയ്താണ് സബ് കലക്ടർ എസ്. പ്രേം കൃഷ്ണൻ കലക്ടർക്ക് വ്യാഴാഴ്ച റിപ്പോർട്ട് സമർപ്പിച്ചത്.
ഏപ്രിൽ രണ്ടാം വാരം ഇൻഡോർ പരിപാടികളിൽ പങ്കെടുക്കാൻ സർക്കാർ പൊതുവിൽ അനുമതി നൽകിയിരുന്നത് പരമാവധി 100 പേർക്കാണ്. ഇതിെൻറ മറവിൽ സി.എസ്.ഐ സൗത്ത് കേരള രൂപത 480 വൈദികരെയാണ് സമൂഹധ്യാനത്തിൽ പങ്കെടുപ്പിച്ചത്. സംഘാടകർ, പാചകക്കാർ, സഹായികൾ എന്നിവരെക്കുറിച്ചും അന്വേഷണം ആവശ്യമാണ്. പങ്കെടുത്ത വൈദികർ തിരുവനന്തപുരം സ്വദേശികളാണെങ്കിലും ഇടുക്കിയടക്കം മറ്റ് ജില്ലകളിൽനിന്നുള്ളവർ പങ്കെടുത്തിട്ടുണ്ടോയെന്നും കണ്ടെത്തണം. കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി സാധാരണക്കാർ വരെ മാസ്കും സമൂഹ അകലവും പാലിക്കുമ്പോൾ നാലുദിവസം ധ്യാനത്തിൽ പങ്കെടുത്ത വൈദികർ ഇതെല്ലാം അവഗണിച്ചതായി റിപ്പോർട്ടിലുണ്ട്.
ദേവികുളം തഹസിൽദാറുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥർ വിശദ അന്വേഷണം നടത്തിയിരുന്നു. തഹസിൽദാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മൂന്നാർ പൊലീസ് കേസെടുത്തിട്ടുണ്ട്.
സഭക്കെതിരെ കേസ്
സമൂഹധ്യാനം സംഘടിപ്പിച്ചതിനെത്തുടർന്ന് രോഗവ്യാപനം ഉണ്ടായ സംഭവത്തിൽ പൊലീസ് കേസെടുത്തു. ദേവികുളം തഹസിൽദാറുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സി.എസ്.ഐ സഭാനേതൃത്വത്തിനെതിരെ മൂന്നാർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മൂന്നാർ സി.എസ്.ഐ പള്ളി ഭാരവാഹികൾ, ധ്യാന പരിപാടിയുടെ സംഘാടകർ, പങ്കെടുത്ത വൈദികർ എന്നിവർക്കെതിരെയാണ് കേസ്. സൗത്ത് കേരള ബിഷപ് ധർമരാജ് റസാലവും പ്രതിയാകുെമന്നാണ് സൂചന.
കോവിഡ് രണ്ടാം തരംഗം ശക്തമായ ഏപ്രിൽ 13 മുതൽ 17 വരെ സി.എസ്.ഐ സൗത്ത് കേരള രൂപതയിലെ 480ൽ അധികം വൈദികർ മൂന്നാറിൽ ധ്യാനം നടത്തിയിരുന്നു. പഴയ മൂന്നാർ സി.എസ്.ഐ പള്ളി ഓഡിറ്റോറിയത്തിൽ ബിഷപ് ധർമരാജ് റസാലത്തിെൻറ നേതൃത്വത്തിലായിരുന്നു ധ്യാനം. ധ്യാനശേഷം രണ്ട് വൈദികർ കോവിഡ് ബാധിച്ച് മരിച്ചതായും എൺപതിലധികം പേർ ചികിത്സയിലാണെന്നും ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്ക് പരാതി ലഭിച്ചതോടെയാണ് സംഭവം സർക്കാറിെൻറ ശ്രദ്ധയിൽപെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

