മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് സൈഡ് കൊടുത്തില്ല, വിദ്യാർഥികളെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു
text_fields(ഫയൽ ചിത്രം)
ചടയമംഗലം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് നാലു യുവാക്കളെ ചടയമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച യുവാക്കൾ മൂക-ബധിര വിദ്യാർഥികൾ ആണെന്ന് മനസ്സിലാക്കിയ പൊലീസ് കുട്ടികളെ രാത്രി ഒന്നരയോടെ രക്ഷകർത്താക്കൾക്കൊപ്പം വിട്ടയച്ചു.
ശനിയാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. മന്ത്രിയുടെ പൈലറ്റ് വാഹനം ഹോൺ മുഴക്കിയിട്ടും യുവാക്കൾ സഞ്ചരിച്ച കാർ സൈഡ് ഒതുക്കിയില്ല. തുടർന്ന് വിവരം ചടയമംഗലം പൊലീസിന് കൈമാറി വാഹനം പിന്തുടർന്ന് പിടികൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് തിരുവനന്തപുരം ആക്കുളം മൂക-ബധിര സ്കൂളിലെ നാലു വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നതെന്നും ശക്തമായ മഴയുള്ളതും ശ്രവണസഹായി വെക്കാതിരുന്നതുമാണ് പൊലീസ് വാഹനത്തിന്‍റെ ഹോൺ കേൾക്കാതെ പോയതെന്നാണ് പൊലീസ് കണ്ടെത്തിയത്. വിദ്യാർഥികളെല്ലാം ഇതരസംസ്ഥാനക്കാരാണ്. വാഹനം ഓടിച്ചിരുന്നയാളിന് തമിഴ്നാട് ലൈസൻസ് കൈവശം ഉണ്ടായിരുന്നു.
കുട്ടികളെ സ്റ്റേഷനിലിരുത്തി തിരുവനന്തപുരത്തുണ്ടായിരുന്ന രക്ഷാകർത്താക്കളെ വിളിച്ചുവരുത്തിയാണ് വിട്ടയച്ചത്. ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും ആയതിനാൽ കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുകയാണ് പൊലീസ് ചെയ്തതെന്നാണ് ചടയമംഗലം പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

