വേദിയും മുഖ്യമന്ത്രിയുടെ മടിത്തട്ടും കൈയടക്കി കുരുന്നുകൾ
text_fieldsകിരീടം ഇളകരുത്.... മിഠായിക്കൊപ്പം കിട്ടിയ കടലാസ് കിരീടത്തിന് അൽപം വലിപ്പം കൂടിയതിനാൽ തലയിൽനിന്ന് ഊർന്ന് മുഖത്തേക്കിറങ്ങി. പ്രശ്നം പരിഹരിക്കാൻ ഒടുവിൽ മുഖ്യമന്ത്രി വി.ഡി. സതീശൻതന്നെ ഇടപെടേണ്ടിവന്നു. പട്ടം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവത്തിലെ കാഴ്ച -വൈ.ആർ. വിപിൻദാസ് സ്കൂളിൽ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവത്തിലെ കാഴ്ച - വൈ.ആർ. വിപിൻദാസ്
തിരുവനന്തപുരം: പുത്തൻബാഗ് ചുമലിലിട്ട്, വർണക്കുടയും കൈയിൽപിടിച്ച് കുറച്ചുനേരം ഇരുന്നപ്പോൾ മടുപ്പായി. പിന്നെ ഒന്നും നോക്കിയില്ല. നേരെ നടന്നു, വേദിയിലേക്ക്. ഒരാൾ വന്നതോടെ നാലഞ്ചുപേർ കൂടി പിറകെ. പടിക്കെട്ടുകൾ കയറുമ്പോൾ കാമറക്കണ്ണുകൾ കണ്ട് കേറണോ എന്ന് സംശയിച്ചുനിന്നു. വേദിയിൽനിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ കൈ കാട്ടി വിളിച്ചതോടെ ധൈര്യമായി. മടിയോ അപരിചിതത്വോ ഇല്ലാതെ അവർ മുഖ്യമന്ത്രിയോട് ചേർന്നുനിന്നു. കാമറകൾക്ക് പോസ് ചെയ്തു. ഇതിനിടെ ആതിഥേയ എന്ന കുരുന്നിനെ മുഖ്യമന്ത്രി എടുത്ത് മടിയിലിരുത്തി.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്ന പട്ടം ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസിലെ മനോഹര കാഴ്ചകളിലൊന്നായിരുന്നു ഇത്. ഇവിടെ വിശിഷ്ടാതിഥികൾ കുട്ടികളായിരുന്നു. സദസ്സും വേദിയുമെല്ലാം വിദ്യാർഥികൾ കൈയടക്കി. ഏറ്റവും മുന്നിൽ വർണകസേരകളിലായിരുന്നു നവാഗതരായ കുരുന്നുകളുടെ ഇരിപ്പിടം. പിറകിലെ കസേരകളും പൂർണമായി കുട്ടികൾക്ക് വിട്ടുകൊടുത്തു.
വേദിയിൽ കുട്ടികളെ അവതാരകരായി മുന്നിൽനിർത്തി അധ്യാപകർ. മൂന്നാം ക്ലാസുകാരി ഫിയ മെറിലാണ് വേദിയിലേക്ക് വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തത്. എട്ടാം ക്ലാസ് വിദ്യാർഥിനി അനഭിയ, പത്താം ക്ലാസ് വിദ്യാർഥിനി നേഹ സുൽത്താന ബിജു, പ്ലസ് ടുവിലെ അമിത സജി എന്നിവരും അവതാരകരായി. മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തിയെന്ന് അനൗൺസ്മെന്റ് മുഴങ്ങിയതോടെ മറ്റാർക്കും കിട്ടാത്ത കൈയടികളും ആരവങ്ങളുമുയർന്നു.
പതിവു ചിരിയോടെ വന്ന് മുഖ്യമന്ത്രി വേദിക്കുമുന്നിലെ സീറ്റിലിരുന്നു. ഇതിനിടെ സെൽഫിയെടുക്കാൻ കുട്ടികളെത്തി. പ്രവേശനോത്സവത്തിന്റെ നൃത്താവിഷ്കാരം കഴിഞ്ഞ് പഠനോപകരണങ്ങൾ വിതരണംചെയ്താണ് അദ്ദേഹം വേദിയിൽ കയറിയത്. പ്രസംഗിക്കാൻ പേര് വിളിച്ചപ്പോഴും കൈയടികളും ആരവങ്ങളും ആവർത്തിച്ചു.
തന്റെ സ്കൂൾ കുട്ടിക്കാലമാണ് പ്രസംഗത്തിൽ സതീശൻ ഓർത്തെടുത്തത്. ‘‘സ്കൂൾ തുറപ്പിന്റെ ഭാഗമാണ് മഴ എന്നായിരുന്നു കുഞ്ഞുന്നാളിൽ ഞാൻ വിചാരിച്ചത്. ഇന്ന് സ്കൂൾ തുറക്കുമ്പോൾ മഴയില്ലാത്തതിന്റെ വിഷമമുണ്ട്. എന്നെ ഒന്നാം ക്ലാസിൽ ചേർക്കാൻ മാത്രമാണ് പിതാവ് സ്കൂളിൽ വന്നത്. പിന്നീട്, പ്രീഡിഗ്രിക്ക് ചേർക്കാനും. അല്ലറ ചില്ലറ കുഴപ്പങ്ങൾ കാണിച്ചപ്പോൾ വീട്ടിൽനിന്ന് ആളെ വിളിച്ചുവരാൻ പറഞ്ഞെങ്കിലും ഞാനതങ്ങ് കൈകാര്യം ചെയ്തു’’-സതീശൻ നർമം കലർത്തി പറഞ്ഞു.
പ്രസംഗം കഴിഞ്ഞ് സീറ്റിലിരുന്ന മുഖ്യമന്ത്രിക്ക് തങ്ങൾ വരച്ച അദ്ദേഹത്തിന്റെ പെൻസിൽ ഡ്രോയിങ് ചിത്രങ്ങൾ സമ്മാനിക്കാനെത്തി വിദ്യാർഥികളായ അതീതയും ആരതിയും പദ്മജും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

