Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ചെവിയിൽ ജസ്റ്റ്...

‘ചെവിയിൽ ജസ്റ്റ് പിടിച്ചതേ ഉള്ളൂ, വേറെ കുഴപ്പം ഒന്നും ഉണ്ടായിട്ടില്ല’ -കെ.ടി. ജലീൽ അപമാനിച്ചതായി തോന്നിയില്ലെന്ന് വിദ്യാർഥികൾ

text_fields
bookmark_border
‘ചെവിയിൽ ജസ്റ്റ് പിടിച്ചതേ ഉള്ളൂ, വേറെ കുഴപ്പം ഒന്നും ഉണ്ടായിട്ടില്ല’ -കെ.ടി. ജലീൽ അപമാനിച്ചതായി തോന്നിയില്ലെന്ന് വിദ്യാർഥികൾ
cancel

മണ്ണാർക്കാട്: മണ്ണാർക്കാട് നഗരസഭയിലെ വിജയോത്സവ ചടങ്ങിൽ മുൻ മന്ത്രി കെ.ടി. ജലീൽ തങ്ങളെ അപമാനിച്ചതായി തോന്നിയിട്ടില്ലെന്ന് വിദ്യാർഥികൾ. അധ്യാപകൻ പെരുമാറുന്നത് പോലെയാണ് അദ്ദേഹം പെരുമാറിയത് എന്നും അനുമോദന ചടങ്ങിൽ പങ്കെടുത്ത വിദ്യാർഥികൾ പറഞ്ഞു.

‘ഹിന്ദിയിൽ ആർക്കൊക്കെ എ പ്ലസ് ഉണ്ടെന്ന് ചോദിച്ച് സ്റ്റേജിലേക്ക് വിളിച്ച് പേരൊക്കെ എഴുതിപ്പിച്ചു. ചെറിയ അക്ഷരത്തെറ്റൊക്കെ ഉണ്ടായിരുന്നു. സ്കൂളിലെ അധ്യാപകൻ ​ചെയ്യുന്ന പോലെ ചെവിയിൽ ജസ്റ്റ് പിടിച്ചതേ ഉള്ളൂ. വേറെ കുഴപ്പം ഒന്നും അതിൽ ഉണ്ടായിട്ടില്ല.

ചെറിയ തെറ്റ് വന്നു. അപ്പോ സ്കൂളിലെ സാറൻമാര് പറഞ്ഞുതരും പോലെ അത് ശരിയാക്കി തന്നു. അത്രേ ഉള്ളൂ. അതിൽ വേറെ പ്രശ്നങ്ങളൊന്നുമില്ല. അപമാനമായിട്ടൊന്നും ഞങ്ങൾക്ക് തോന്നിയിട്ടില്ല. സ്കൂളിലെ നല്ല രസമുള്ള എല്ലാ പരിപാടിയും പോലെ നല്ല പരിപാടിയായിരുന്നു’ -വിദ്യാർഥികൾ മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ, വിദ്യാർഥികളെ അപമാനിച്ച സംഭവത്തിൽ മുൻ മന്ത്രി കെ.ടി. ജലീലിനെതിരെ ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. ചടങ്ങിൽ പങ്കെടുത്ത കുട്ടികൾക്ക് മാനസിക പ്രയാസം ഉണ്ടാകുന്ന തരത്തിൽ മുൻ മന്ത്രി പെരുമാറി എന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമീഷൻ കേസെടുത്തത്. ജലീലിന്റെ പ്രവർത്തി തീർത്തും തെറ്റായിപ്പോയി എന്ന് നിരവധിപേർ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ബാലാവകാശ കമീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ സ്വമേധയാ കേസെടുത്തത്.

കെ.ടി. ജലീലിനെതിരെ ബാലാവകാശ കമീഷൻ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് രംഗത്തെത്തിയിരുന്നു. ‘ജലീലി​ന്റേത് ബാലാവകാശ വിരുദ്ധ പ്രവർത്തനമാണ്. ഇതിനെതിരെ ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുക്കണം. വിദ്യാർഥികളോടും പൊതുസമൂഹത്തോടും അദ്ദേഹം മാപ്പ് പറയണം. ഒരു മുൻ വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് ഉണ്ടാവേണ്ട ഭാഷയോ പ്രവണതയോ അല്ല ജലീലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇത്തരത്തിലുള്ള പ്രവണതകൾ അംഗീകരിക്കാൻ കഴിയുന്നതല്ല. വിഷയത്തിൽ ബാലാവകാശ കമീഷനെ സമീപിച്ച് കേസ് എടുക്കാൻ എം.എസ്.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെടും’ -ഭാരവാഹികൾ പറഞ്ഞു.

അതേസമയം, വിദ്യാർഥികളെ ശാസിച്ചതിൽ ന്യായീകരിച്ച് കെ.ടി. ജലീൽ രംഗത്തെത്തിയിരുന്നു. കുട്ടികളിലെ പിഴവുകൾ തിരുത്തേണ്ടത് അധ്യാപകരുടെ ചുമതലയാണെന്നും, അതിന് തയാറായില്ലെങ്കിൽ കുട്ടികൾ ഭാവിയിലും തെറ്റായ ഉച്ചാരണങ്ങളിലും അറിവില്ലായ്മയിലും തുടരുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കുട്ടികളെ കാണുമ്പോൾ ഒരു പൊതുപ്രവർത്തകനേക്കാൾ ഉപരി ഒരു അധ്യാപകനാണ് എന്നിൽ ഉയർന്നു നിൽക്കാറ്. തമാശയിലൂടെയും ദേഷ്യപ്പെട്ടും കുട്ടികളെ അവരുടെ കഴിവുകൾക്കൊപ്പം കുറവുകളും ചൂണ്ടിക്കാണിച്ചുകൊടുക്കാറാണ് പതിവ് എന്നും ജലീൽ കൂട്ടിച്ചേർത്തു.

എന്നാൽ, വിദ്യാർഥികളെ കെ.ടി. ജലീൽ അപമാനിച്ചത് അങ്ങേയറ്റം തെറ്റെന്ന് ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണ പറഞ്ഞു. പറഞ്ഞ തെറ്റ് മനസ്സിലാക്കാൻ പോലും ജലീലിന് കഴിയുന്നില്ലായെന്നും മന്ത്രി കൂട്ടിച്ചേർത്തു. 'മണ്ണാർക്കാട് നടന്ന പൊതു ചടങ്ങിൽ കെ.ടി. ജലീൽ വിദ്യാർഥികളെ ശാസിക്കുന്നതിന്റെ ഭാഗമായി ചെവിക്ക് നുള്ളിയ പെരുമാറ്റം ഒരിക്കലും ശരിയല്ല. കുഞ്ഞുങ്ങളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണത്. കുഞ്ഞുങ്ങളുടെ അവകാശത്തെ കുറിച്ച് അവർക്ക് അത്ര അവബോധം ഉണ്ടാകില്ല. എന്നിരുന്നാലും, തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ.ടി. ജലീൽ അദ്ദേഹത്തെ ന്യായീകരിക്കുകയാണ്. കാലം മാറിയത് ജലീൽ അറിഞ്ഞിട്ടില്ല. ഇന്നത്തെ കാലത്ത് അവകാശങ്ങൾക്ക് പ്രാധാന്യം നൽകുന്ന സമൂഹമാണ്. അതിനെല്ലാം വിപരീതമായാണ് അദ്ദേഹത്തിന്റെ പ്രവർത്തി ഉണ്ടായത്. തെറ്റ് ചെയ്തത് ബോധ്യപ്പെടാൻ പോലും കെ.ടി. ജലീൽ തയ്യാറാകുന്നില്ല എന്നുള്ളത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്’ -മന്ത്രി പറഞ്ഞു.

സ്വാതന്ത്രനായിരുന്ന ജലീൽ സി.പി.എമ്മിൽ അംഗത്വം എടുത്തിട്ടുണ്ട്. ഇക്കാര്യത്തിൽ പാർട്ടിയെങ്കിലും അദ്ദേഹത്തെ ബോധ്യപ്പെടുത്തിക്കൊടുക്കണം എന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Students say they did not feel insulted by K.T. Jaleel
Next Story