തിരൂരിലെ സ്കൂളിൽ ആർ.എസ്.എസ് ഗണഗീതം പാടി കുട്ടികൾ; അബദ്ധമെന്ന് അധികൃതർ; ഒടുവിൽ പിൻവലിച്ചു
text_fieldsഗണഗീതം പാടുന്ന കുട്ടികൾ (വീഡിയോയിൽ നിന്നുള്ള ദൃശ്യം)
തിരൂർ (മലപ്പുറം): ആലത്തിയൂർ കുഞ്ഞിമോൻ ഹാജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ (കെ.എച്ച്.എം.എച്ച്.എസ്.എസ്) വിദ്യാർഥികൾ ആർ.എസ്.എസ് ഗണഗീതം പാടിയത് വിവാദമായി. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനാഘോഷത്തിൽ നടന്ന സംഭവം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്.
ഗണഗീതം പാടുന്നതിന്റെ ദൃശ്യം പുറത്ത് വന്നതോടെ സ്കൂളിലേക്ക് പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, മുസ് ലിം ലീഗ്, എസ്.ഡി.പി.ഐ, യൂത്ത് ലീഗ് പ്രവർത്തകരെത്തി. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ നടത്തിയിരുന്നെന്നും ഈ ഗാനം ആലപിച്ചത് ശ്രദ്ധയിൽപെട്ടിരുന്നില്ലെന്നുമാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. അന്വേഷണം നടത്തി ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് പ്രധാനാധ്യാപിക ബിന്ദു ഉറപ്പ് നല്‍കിയതോടെയാണ് സംഘടനകളുടെ പ്രതിഷേധം അവസാനിച്ചത്. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ പി.വി റഫീഖ് പ്രധാനാധ്യാപികയോട് വിശദീകരണം തേടി. സ്കൂളിലേക്ക് എസ്.എഫ്.ഐ ബുധനാഴ്ച മാർച്ച് നടത്തും.
അബദ്ധത്തിൽ സംഭവിച്ചത്; പിൻവലിച്ചു- പി.ടി.എ
തിരൂർ: വിദ്യാർഥികൾ തന്നെ യുട്യൂബ് നോക്കി പരിശീലിച്ച ഗാനമാണ് സ്വാതന്ത്ര്യദിനത്തിൽ ആലപിച്ചതെന്നും ആർ.എസ്.എസ് ഗണഗീതമാണെന്ന് തിരിച്ചറിഞ്ഞതോടെ പിൻവലിച്ചിരുന്നതായും ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസ് സ്കൂൾ പി.ടി.എ കമ്മിറ്റി. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പി.ടി.എ യോഗം ചേരുകയും സ്കൂൾ അധികൃതർ ഖേദം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കൂടുതൽ അന്വേഷണം നടത്തി ഉചിതമായ തീരുമാനം കൈക്കൊള്ളും. ഗാനം തെരഞ്ഞെടുത്തതിന് പിന്നിൽ ദുരുദ്ദേശ്യമില്ലെന്നും കുട്ടികൾ തെരഞ്ഞെടുത്ത ഈ ഗാനം കലോത്സവങ്ങളിലും മറ്റും ദേശഭക്തിഗാനമായി അവതരിപ്പിക്കുന്നതാണെന്നും വിവാദമൊഴിവാക്കാൻ വീഡിയോ പിൻവലിച്ചിരുന്നെന്നും പി.ടി.എ പ്രസിഡൻറ് ഗഫൂർ നെല്ലേപ്പാട്ട് പറഞ്ഞു. ഇത്തരം വിഷയങ്ങളിൽ ജാഗ്രത പാലിക്കുമെന്ന് പി.ടി.എ കമ്മിറ്റി അറിയിച്ചു. പ്രസിഡൻറ് ഗഫൂർ നെല്ലേപ്പാട്ട്, വൈസ് പ്രസിഡൻറ് ഷാഫി വാക്കയിൽ, പ്രിൻസിപ്പൽ സോണിയ. സി. വേലായുധൻ, പ്രധനാധ്യാപിക എം. ബിന്ദു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

