പൊതുവിദ്യാലയങ്ങളിൽ കൂടുതൽ കുട്ടികളെത്തിയത് വടക്കൻ ജില്ലകളിൽ
text_fieldsമലപ്പുറം: സംസ്ഥാന സർക്കാറിെൻറ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മികച്ച പ്രതികരണമുണ്ടാക്കിയത് നാല് മലബാർ ജില്ലകളിൽ. ആറാം പ്രവൃത്തി ദിവസത്തെ കണക്ക് പ്രകാരം ഇൗ അധ്യയനവർഷം പൊതുവിദ്യാലയങ്ങളിലേക്ക് ഏറ്റവും കൂടുതൽ കുട്ടികൾ കടന്നുവന്നത് മലപ്പുറം, കോഴിേക്കാട്, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ്. ഇൗ നാല് ജില്ലകളിലുമായി ഇൗ വർഷം ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ അധികമായി എത്തിയത് 87,006 കുട്ടികൾ.
സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിൽ ഇൗ വർഷം ആകെ 1.86 ലക്ഷം കുട്ടികൾ വർധിച്ചപ്പോൾ ഇതിൽ വലിയ പങ്ക് ഇൗ നാല് വടക്കൻ ജില്ലകളുടേതാണ്. ജില്ല തിരിച്ചുള്ള കണക്ക് വെച്ച് ഏറ്റവും കൂടുതൽ കുട്ടികൾ വർധിച്ചത് മലപ്പുറത്താണ്. ജില്ലയിൽ ഒന്ന് മുതൽ പത്തുവരെ ക്ലാസുകളിൽ 32,964 കുട്ടികളാണ് ഇൗ വർഷം കൂടിയത്. രണ്ടാമതുള്ള കോഴിക്കോട് 20,043ഉം പാലക്കാട് 17,197ഉം കണ്ണൂരിൽ 16,802ഉം കുട്ടികൾ അധികമായി എത്തി.
പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ ഇൗ വർഷം സംസ്ഥാനത്ത് അധികമായി ചേർന്നത് 10,078 കുട്ടികളാണ്. ഇതിൽ പകുതിയോളം പേർ മലപ്പുറം ജില്ലയിലാണ്. 5009 കുട്ടികളാണ് (49.7 ശതമാനം) മലപ്പുറത്ത് ഒന്നാം ക്ലാസിൽ കൂടുതലായി എത്തിയത്. സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്നതും മലപ്പുറം ജില്ലയിലാണ്- 6.2 ലക്ഷം. രണ്ടാമത് കോഴിക്കോടും (3.6 ലക്ഷം) മൂന്നാമത് പാലക്കാടും (3.1 ലക്ഷം) നാലാമത് കണ്ണൂർ, തൃശൂർ (2.8 ലക്ഷം) ജില്ലകളിലുമാണ്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഒന്നു മുതൽ പത്തു വരെ ക്ലാസുകളിൽ മികച്ച പ്രതികരണം സൃഷ്ടിച്ചെങ്കിലും നാല് വടക്കൻ ജില്ലകളിൽ പ്ലസ് വൺ സീറ്റുകളുടെ ക്ഷാമം രൂക്ഷമാണ്. മുഖ്യ അലോട്ട്മെൻറുകൾക്ക് ശേഷവും മലപ്പുറത്ത് 41,908ഉം കോഴിക്കോട് 21,708ഉം പാലക്കാട് 22,752ഉം കണ്ണൂരിൽ 11,901ഉം കുട്ടികൾ സ്കൂളിെൻറ പടിക്ക് പുറത്താണ്. തൃശൂർ മുതൽ കാസർകോട് വരെ ജില്ലകളിലെ അര ലക്ഷത്തോളം കുട്ടികളാണ് സ്കോൾ കേരളയിൽ (ഒാപൺ സ്കൂൾ) പ്ലസ് വണിന് രജിസ്റ്റർ ചെയ്ത് പഠിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
