ചരിത്രത്തിലാദ്യമായി വിദ്യാർഥിനിയുടെ കവിത പ്രവേശനോത്സവ ഗാനം
text_fieldsസംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിൽ വിശിഷ്ടാതിഥിയാകാനുള്ള ക്ഷണക്കത്ത് മന്ത്രി വി. ശിവന്‍കുട്ടി ഭദ്രക്ക് കൈമാറിയപ്പോൾ
തിരുവനന്തപുരം: ‘‘മഴമേഘങ്ങൾ പന്തലൊരുക്കിയ പുതുവർഷത്തിൻ പൂന്തോപ്പിൽ, കളിമേളങ്ങള്‍ വര്‍ണം വിതറിയൊരവധിക്കാലം മായുന്നു.’’ എന്ന് തുടങ്ങുന്ന ഈ അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവ ഗാനം രചിച്ചത് സ്കൂൾ വിദ്യാർഥിനിയായ ഭദ്ര ഹരി. കൊല്ലം കൊട്ടാരക്കര താമരക്കുടി എസ്.വി.വി.എച്ച്.എസ്.എസ് പത്താംക്ലാസ് വിദ്യാർഥിനിയാണ് ഭദ്ര. പ്രശസ്ത കവികളും സംഗീതജ്ഞരുമൊക്കെയാണ് എല്ലാവർഷവും പ്രവേശനോത്സവ ഗാനങ്ങൾ രചിക്കാറ്. ചരിത്രത്തിലാദ്യമായാണ് ഒരു വിദ്യാർഥിനിയുടെ കവിത പ്രവേശനോത്സവ ഗാനമായി തെരഞ്ഞെടുക്കുന്നത്.
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ കവിതകൾ എഴുതുകയും ആലപിക്കുകയും ചെയ്യുന്ന ഭദ്ര കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കവിത രചനയിൽ എ ഗ്രേഡ് നേടിയിരുന്നു. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസും നേടി. 15 കവിതകളടങ്ങുന്ന ‘ധനുമാസ പൗർണമി’ എന്ന ഭദ്രയുടെ പുസ്തകം പ്രകാശനം ചെയ്തത് കഴിഞ്ഞ പ്രവേശനോത്സവത്തിലാണ്. പ്രവേശനോത്സവ ഗാനം ക്ഷണിച്ചുള്ള വിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പ് ശ്രദ്ധയിൽപെട്ടതോടെ, രണ്ട് ദിവസംകൊണ്ടാണ് രചന പൂർത്തിയാക്കിയത്. ചരിത്രത്തോട് വലിയ ഇഷ്ടമുള്ളതിനാൽ പ്ലസ് ടുവിന് ഹ്യുമാനിറ്റീസ് എടുക്കാനാണ് ഭദ്രക്ക് താൽപര്യം. ഭാവിയിൽ മലയാളം പഠിപ്പിക്കുന്ന കോളജ് അധ്യാപികയാവണമെന്നും ഭദ്ര പറയുന്നു. അടൂർ ഡെപ്യൂട്ടി തഹസിൽദാറായ പിതാവ് ആർ. ഹരീന്ദ്രനാഥും താമരക്കുടി എസ്.വി.വി.എച്ച്.എസ്.എസ് അധ്യാപികയായ മാതാവ് ആർ. സുമയും സഹോദരി ധ്വനി എസ്. ഹരിയും ഭദ്രക്ക് പിന്തുണയേകി എപ്പോഴും കൂടെയുണ്ട്. അജി പന്തളത്തിന് കീഴിലാണ് സംഗീതം അഭ്യസിക്കുന്നത്.
വ്യാഴാഴ്ച പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി തിരുവനന്തപുരത്തേക്ക് നേരിട്ട് വിളിച്ച്, ജൂൺ രണ്ടിന് ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിൽ വിശിഷ്ടാതിഥിയാകാനുള്ള ക്ഷണക്കത്ത് ഭദ്രക്ക് കൈമാറി. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യാവിഷ്കാര ഗാനം സംഗീത സംവിധായകൻ അൽഫോൺസ് ജോസഫാണ് ചിട്ടപ്പെടുത്തി ആലപിച്ചത്. അനു തോമസ്, അലീന മേരി ഷിബു, ജെറിൻ ജോർജ് എന്നിവരും ഗാനാലാപനത്തിന്റെ ഭാഗമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

