തടയാനും കല്ലെറിയാനും ഞങ്ങളില്ല; ബസ് സ്റ്റോപ്പില്‍ നിര്‍ത്തിത്തന്നാല്‍ മധുരം തരാം
text_fieldsമധുരവുമായി മാവൂർ പാറമ്മൽ മഹ്ളറ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ വിദ്യാർഥിനികൾ നടത്തിയ പ്രതിഷേധം
മാവൂർ: വിദ്യാർഥികളുള്ള സ്റ്റോപ്പിൽ നിർത്താത്ത ബസുകാരോട് 'മധുരപ്രതികാരം' ചെയ്ത് വിദ്യാർഥിനികൾ. മാവൂർ - കോഴിക്കോട് റോഡിൽ പാറമ്മലിലാണ് വ്യത്യസ്ത പ്രതിഷേധം സംഘടിപ്പിച്ചത്. 'ബസ് തടയാനും കല്ലെറിയാനും ഞങ്ങളില്ല; സ്റ്റോപ്പില്‍ നിര്‍ത്തിത്തന്നാല്‍ നല്ല മധുരം തരാം' എന്ന ബാനറും ലഡുവും പിടിച്ചായിരുന്നു പ്രതിഷേധം. മാവൂർ പാറമ്മൽ മഹ്ളറ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ വിദ്യാര്‍ഥിനികളുടേതാണ് സമരം. കോളജ് ഉൾപ്പെടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള കാമ്പസിനു മുന്നിലെ സ്റ്റോപ്പിൽ വിദ്യാർഥികൾക്ക് കയറാൻ ഇവിടെ മിക്ക ബസുകളും നിർത്താറില്ല.
അധികം ദൂരത്തിലല്ലാതെ പാറമ്മൽ, കൽപ്പള്ളി അങ്ങാടികളിൽ ബസ് സ്റ്റോപ്പുകൾ ഉള്ളതിനാൽ, ഈ സ്റ്റോപ്പിന് ഔദ്യോഗിക അംഗീകാരമില്ലെന്ന കാരണമാണ് നിർത്താതിരിക്കാൻ ബസ് ജീവനക്കാർ പറയുന്നത്. അതേസമയം, തൊട്ടപ്പുറത്തെ സ്റ്റോപ്പില്‍നിന്ന് കയറിയാല്‍ ഇത് നിങ്ങള്‍ കയറേണ്ട സ്റ്റോപ്പല്ലെന്ന് പറഞ്ഞ് ചില ബസ് ജീവനക്കാർ കൺസെഷൻ നൽകാതിരിക്കുകയും ചെയ്യുന്നെന്നാണ് വിദ്യാർഥികളുടെ പരാതി. ഈ സാഹചര്യത്തിലാണ് വിദ്യാർഥിനികൾ സമരത്തിനിറങ്ങിയത്.
നിര്‍ത്തിയ ബസുകാര്‍ക്ക് കൈയടി നല്‍കിയായിരുന്നു സ്വീകരണം. മധുരം ധിക്കരിച്ച് ചീറിപ്പാഞ്ഞ ബസുകള്‍ക്കും കൈയടി നൽകി. പ്രിന്‍സിപ്പല്‍ ഒ.എം. സ്വാലിഹ് പ്രതിഷേധം ഉദ്ഘാടനംചെയ്തു. ജംഷീര്‍ പെരുവയല്‍ അധ്യക്ഷതവഹിച്ചു. കോളജ് യൂനിയന്‍ ചെയര്പേഴ്സൻ പി.എം. ആഷ്ന, യു.യു.സി നദ നൗറിന്, വൈസ് ചെയര്പേഴ്സൻ ആയിശ ഹല, അധ്യാപകരായ നിഷിദ, അഡ്വ. ഉഷ കെ. നായര്‍, നഹാന് നജീബ്, അബ്ദുല്‍ അസീസ് കല്‍പ്പള്ളി, ടി. ഗോകുല്‍ദാസ്, ഭവ്യ ബാലകൃഷ്ണന്, അമീന ഫര്‍ഹത്ത് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

