Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈക്കിലും കാറിലും വിദ്യാർഥികളുടെ അപകടയാത്ര: നടപടിയെടുക്കാതെ പൊലീസും മോട്ടോർ വാഹന വകുപ്പും, സ്കൂൾ പരിസരങ്ങളിൽ പരിശോധന ശക്തമാക്കണം

text_fields
bookmark_border
ബൈക്കിലും കാറിലും വിദ്യാർഥികളുടെ അപകടയാത്ര: നടപടിയെടുക്കാതെ പൊലീസും മോട്ടോർ വാഹന വകുപ്പും, സ്കൂൾ പരിസരങ്ങളിൽ പരിശോധന ശക്തമാക്കണം
cancel

കോഴിക്കോട്: പ്രായപൂർത്തിയാക്കാതെ വാഹനം ഓടിച്ച രണ്ടു സംഭവങ്ങൾ സംസ്ഥാനത്ത് ഉണ്ടായതോടെയാണ് വിദ്യാർഥികളുടെ ബൈക്ക് യാത്ര വീണ്ടും ചർച്ചയാക്കുന്നത്. പ്രായപൂർത്തിയാക്കുന്നതിന് മുന്നേ ഇവർക്ക് ആരാണ് വാഹനം നൽകിയത്? സ്കൂൾ വിദ്യാർഥികൾക്ക് എന്തിനാണ് വാഹനം‍? രജിസ്റ്റേഷനും മറ്റു രേഖകൾ ഒന്നും വേണ്ടാത്ത് ഇലക്ട്രിക് വാഹനങ്ങളിലും പലരും നഗരം ചുറ്റുന്നു ഇതിന് നിയമം മൂലം തടയാൻ സാധിക്കില്ലേ‍? എന്നിങ്ങനെ ജനം ചോദിക്കുന്നുവെങ്കിലും അധികൃതർ മൗനത്തിലാണ്.

റോഡിലൂടെ എങ്ങനെ സഞ്ചരിക്കണം എന്നതിനെല്ലാം നിയമങ്ങളുണ്ട്, അത് നടപ്പാക്കാൻ പൊലിസും മോട്ടോർ വാഹന വകുപ്പുമുണ്ട്. എന്നിട്ടും പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ ലൈസൻസില്ലാതെ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്ന പതിവ് കാഴ്ചയാണ് കാണാൻ സാധികുന്നത്. അതിവേഗത്തിലും അപകടകരമായ രീതിയിലും വാഹനമോടിക്കുന്ന കൗമാരക്കാർ സ്വന്തം ജീവൻ മാത്രമല്ല, നിരപരാധികളായ മറ്റു യാത്രക്കാരുടെയും ജീവനുമാണ് അപകടത്തിലാക്കുന്നത്.

കോഴിക്കോടിന്റെ നഗര പ്രദേശങ്ങളിലും കൊടുവള്ളി, ബാലുശ്ശേരി, താമരശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ സ്‌കൂളുകളിലെ വിദ്യാർഥികൾ ഇരുചക്രവാഹനങ്ങളും കാറുകളുമായി നിരത്തിലിറങ്ങുന്ന കാഴ്ചകൾ പതിവായിരിക്കുകയാണ്. അതിവേഗത്തിൽ ഒരു ഇരുചക്രവാഹനത്തിൽ മൂന്നും നാലും വിദ്യാർഥികളാണ് യാത്രചെയ്യുന്നത്. വാഹനം ഓടിക്കുന്നവർ പോലും ഹെൽമെറ്റ് ധരിക്കുന്നില്ല. കൂട്ടുകാരെ കാറിൽ കയറ്റി അതിവേഗതയിലും ഡോർ വിൻഡോയിലൂടെയും പനോരമിക് സൺറൂഫിലൂടെയും ശരീരം പുറത്തേക്കിട്ട് അപകടകരമായ രീതിയിലും വാഹനമോടിക്കുന്നവരും ഏറെയാണ്.

നിയന്ത്രണംവിട്ട വാഹനം ഇടിച്ചുകയറുമ്പോൾ ജീവൻ നഷ്ടപ്പെടുന്നതും ഗുരുതരമായി പരിക്കേൽക്കുന്നതും പലപ്പോഴും തെറ്റൊന്നും ചെയ്യാത്തവർക്കാണ്. കഴിഞ്ഞ ബുധനാഴ്ച പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പരിസരത്തുനിന്ന് വിദ്യാർഥികൾ ഓടിച്ചുവന്ന 24 ബൈക്കുകളാണ് ബാലുശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടുവർഷം മുമ്പ് കൊടുവള്ളി പെട്രോൾ പമ്പിന് സമീപം ദേശീയപാതയിൽ വിദ്യാർഥികൾ ഓടിച്ച ബൈക്ക് പൊലീസുകാരനെ ഇടിച്ച സംഭവവുമുണ്ടായി. എന്നാൽ, പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും ശ്രദ്ധയിൽപ്പെടുന്ന രീതിയിൽ നിയമലംഘനങ്ങൾ നടക്കുമ്പോഴും ഫലപ്രദമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന ആക്ഷേപമുണ്ട്.

പൊലീസ് പിന്തുടരുമ്പോൾ അതിവേഗതയിൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വിദ്യാർഥികൾ അപകടത്തിൽപ്പെടുമെന്ന ഭയം പൊലീസിനെയും പിന്തിരിപ്പിക്കുന്നു. നിയമം ലംഘിച്ച് വാഹനമോടിക്കുന്ന വിദ്യാർഥികളെ പിടികൂടിയാൽ ഉടൻ ചില പ്രാദേശിക രാഷ്ട്രീയ നേതാക്കൾ പൊലീസിൽ സമ്മർദം ചെലുത്തി ചെറിയ തുക പിഴയടപ്പിച്ച് രക്ഷപ്പെടുത്തുന്നത് വീണ്ടും നിയമലംഘനം നടത്താൻ പ്രചോദനമാകുകയാണ്. ലൈസൻസില്ലാത്തവർ വാഹനമോടിക്കുന്നത് കണ്ടെത്താൻ സ്‌കൂൾ പരിസരങ്ങളിലും വിദ്യാർഥികൾ കൂടുതലായി സഞ്ചരിക്കുന്ന റോഡുകളിലും ശക്തമായ പരിശോധനകൾ നടത്തണമെന്നുമുള്ള ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Students Driving Bikes and Cars: Intensify Inspections Near Schools
Next Story