തണ്ടിൽ നിന്ന് കുരുമുളക് വേർതിരിക്കണോ...
text_fieldsതണ്ടിൽ നിന്നും കുരുമുളക് മണികൾ വേർതിരിക്കുന്ന ഉപകരണമാണ് പള്ളിക്കുന്ന് ആർ.സി.സി.എച്ച്.എസ് സ്കൂളിലെ അമീൻ ഫർഹാനും ആദിൽ അമീനും ശാസ്ത്രമേളയിൽ അവതരിപ്പിച്ചത്. ‘പെപ്പർ ആന്റ് സ്റ്റെം സെപ്പറേറ്റിങ് യന്ത്രം’ തൊഴിലാളി ക്ഷാമം നേരിടുന്ന ഇക്കാലത്ത് ജില്ലയിലെ കുരുമുളക് കർഷകർക്ക് ഏറെ ഉപകാരപ്രദമായി മാറും. ഇത്തരം യന്ത്രങ്ങളിലൂടെ അഞ്ചീ മിനുറ്റിനുള്ളിൽ ഒരു കിലോ കുരുമുളക് വേർതിരിച്ചെടുക്കാൻ കഴിയുമെന്ന് ഇരുവരും പറഞ്ഞു. കാർവ് ഷാഫ്റ്റ് മെഷിനാണ് ഇതിന്റെ പ്രധാന ഘടകം. ഹൈസ്കൂൾ വിഭാഗം വർക്കിങ് മോഡലിലാണ് ഇവർ മാതൃക അവതരിപ്പിച്ചത്.
ശ്രദ്ധേയമായി ശാസ്ത്ര മാതൃകകൾ
മാനന്തവാടി എം.ജി.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ജില്ല റവന്യൂ ശാസ്ത്രമേളയിൽ മൂലങ്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച ശാസ്ത്ര മാതൃക ശ്രദ്ധേയമായി. പ്ലസ് വൺ വിദ്യാർഥിനികളായ ആൻ മരിയ, പൂജാലക്ഷ്മി എന്നിവരാണ് ഭാവിയിലെ ഊർജ പ്രതിസന്ധിക്കുള്ള മികച്ച പരിഹാരമായി കണക്കാക്കപ്പെടുന്ന ന്യൂക്ലിയർ ഫ്യൂഷൻ അഥവാ ആണവോർജ സംയോജനത്തിലൂടെ ഊർജോത്പാദനം നടത്തുന്ന ടൊക്കാമാക് മെഷീന്റെ മാതൃക വികസിപ്പിച്ചത്.
വിദേശരാജ്യങ്ങളിൽ നിലവിലുള്ളതും എന്നാൽ, ഇന്ത്യയിൽ പൂർണമായി പ്രവർത്തനക്ഷമമല്ലാത്തതുമായ നൂതന സാങ്കേതികവിദ്യയാണ് ഇവർ അവതരിപ്പിച്ചത്. ഫ്രാൻസ് പോലുള്ള രാജ്യങ്ങളിൽ ഉപയോഗിച്ചുവരുന്ന ടൊക്കാമാക് റിയാക്ടറിന്റെ മാതൃകയാണിത്.
നിലവിലുള്ള ന്യൂക്ലിയർ ഫിഷൻ രീതികളെ അപേക്ഷിച്ച് അഞ്ചിരട്ടിയിലധികം ഊർജം ഉത്പാദിപ്പിക്കാൻ ന്യൂക്ലിയർ ഫ്യൂഷന് സാധിക്കും. ഈ ഊർജോത്പാദന രീതി പൂർണമായും കാർബൺ രഹിതമാണ് അതിനാൽ ആഗോളതാപനത്തിനോ പരിസ്ഥിതി മലിനീകരണത്തിനോ ഇത് കാരണമാകുന്നില്ല. സുസ്ഥിരവും ശുദ്ധവുമായ ഊർജ സ്രോതസ്സുകൾ കണ്ടെത്തേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഭാവി തലമുറയുടെ ഊർജ ആവശ്യങ്ങൾ പൂർണമായും സുരക്ഷിതമായി നിറവേറ്റാൻ ഈ സാങ്കേതികവിദ്യക്ക് സാധിക്കുമെന്നാണ് ഈ കൊച്ചുകൂട്ടുകാർ വിശ്വസിക്കുന്നത്. ശാസ്ത്രമേളയിൽ കൗതുകം ഉണർത്തിയ ഈ വിദ്യാർഥിനികളുടെ പ്രോജക്ട് സമൂഹത്തിനും പുതിയ തലമുറക്കും ഒരുപോലെ പ്രചോദനമാകുന്നതാണ്.

