കൺമുന്നിലെ അപകടത്തിൽ വിദ്യാർഥിയുടെ മരണം; സഹപാഠികളുടെ കൂട്ടക്കരച്ചിൽ കണ്ടുനിന്നവർക്ക് നോവായി
text_fieldsഅപകടത്തിൽപ്പെട്ട ബൈക്ക്
പന്തളം: സഹപാഠികളുടെ കൺമുന്നിൽ വിദ്യാർഥി അപകടത്തിൽ മരിച്ചതോടെ സഹപാഠികളുടെ കൂട്ടക്കരച്ചിൽ കണ്ടു നിന്നവർക്ക് നോവായി. മിത്രപുരം മാർ ക്രിസോസ്റ്റം കോളജിലെ ബികോം മൂന്നാം വർഷ വിദ്യാർഥി കുരമ്പാല, പെരുംപുളിക്കൽ ശ്രീ നിലയത്തിൽ പരേതനായ ശ്രീകുമാറിന്റെ മകൻ അഭിറാം (21) ആണ് സഹപാഠിയുടെ മുമ്പിൽവെച്ച് അപകടത്തിൽ മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം നാലിന് കോളജിൽ ക്ലാസ് കഴിഞ്ഞശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങാൻ എം.സി റോഡിൽ മിത്രപുരത്ത് എത്തിയപ്പോഴാണ് സഹപാഠികൾക്കൊപ്പം തട്ടുകടയിൽ ചായകുടിച്ചു കൊണ്ടിരിക്കെ നിയന്ത്രണംവിട്ടു വന്ന കാർ, മറ്റൊരു മിനി വാനിൽ ഇടിച്ച ശേഷം അഭിരാമിരുന്ന ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തെ തുടന്ന് നിർത്താതെ പോയ കാർ പന്തളം പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
അപകടത്തിൽപ്പെട്ട അഭിരാമിനെ നാട്ടുകാർ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഭിരാമിന്റെ പിതാവ് ശ്രീകുമാർ അടുത്തിടെയാണ് മരിച്ചത്. അപകടത്തിൽപ്പെട്ട സ്വിഫ്റ്റ് കാർ നിർത്താതെ പന്തളം ഭാഗത്തേക്ക് പോയതിനെ തുടർന്ന് നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പന്തളം പൊലീസ് കാർ പിടിച്ചിടുകയായിരുന്നു.
കാർ ഓടിച്ചിരുന്നത് വെണ്ണിക്കുളം സ്വദേശി ബ്ലസൻ ആണ്. ഇയാൾ പാസ്റ്ററാണ്. കൊട്ടാരക്കരയിൽ താമസിക്കുന്നു ബ്ലസൻ വെണ്ണിക്കുളത്തേക്ക് വരുന്ന വഴിയായിരുന്നു അപകടം. മരിച്ച അഭിരാമിന്റെ മാതാവ്: രുക്മണി, സഹോദരി ആര്യ (വിപ്രോ)

