മഹാരാജാസ് കോളജിൽ സംഘർഷം; എട്ട് വിദ്യാർഥികൾക്ക് പരിക്ക് -വിഡിയോ
text_fieldsകൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷം. ഇടുക്കി എൻജിനീയറിങ് കോളജിൽ എസ്.എഫ്.ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചതിന് പിന്നാലെയാണ് മഹാരാജാസിലും സംഘർഷമുണ്ടായത്. എട്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു.
നിയാസ്, ഹിരൺ മോഹൻ, അംജദ് അലി, ജവാദ്, റോബിൻസൺ, അന്ന ഷിജു, ഹരികൃഷ്ണൻ, ഫയാസ്, ബേസിൽ ജോർജ്, അമൽ ടോമി എന്നീ വിദ്യാർഥികൾ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടി.
ഇടുക്കി എൻജിനീയറിങ് കോളജിൽ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന് കുത്തേറ്റത്. നെഞ്ചിൽ കുത്തേൽക്കുകയായിരുന്നു. മറ്റ് രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുമുണ്ട്. കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കൊലക്ക് പിന്നിലെന്ന് എസ്.എഫ്.ഐ ആരോപിച്ചു.
കണ്ണൂർ തളിപ്പറമ്പ് പാലക്കുളങ്ങര അദ്വൈതയിൽ രാജേന്ദ്രന്‍റെ മകനാണ് ധീരജ് (21). സംഘർഷത്തെ തുടർന്ന് ഇടുക്കി എൻജിനീയറിങ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു.