വീട്ടുകാരറിയാതെ നൈറ്റ് റൈഡിങ്ങിനിറങ്ങിയ വിദ്യാർഥികൾ പിടിയിൽ
text_fieldsകൊച്ചി: രാത്രി സമയത്ത് അപകടകരമായ രീതിയിൽ ഇരു ചക്രവാഹനമോടിച്ച പ്ലസ് ടു വിദ്യാര്ഥികൾക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. ശനിയാഴ്ച രാത്രി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവള പരിസരങ്ങളിൽ നടത്തിയ വാഹന പരിശോധനയിലാണ് റോയൽ എൻഫീൽഡ് ബുള്ളറ്റിൽ മൂന്നു പേർ യാത്ര ചെയ്യുന്നത് കണ്ടെത്തിയത്.
18 വയസ്സിൽ താഴെ പ്രായമുള്ള തൃശ്ശൂർ മാള സ്വദേശികളായ മൂന്നു പേരും പ്ലസ്ടുവിന് ഒരേ ക്ലാസിൽ പഠിക്കുന്നവരാണ്. രാത്രി ഭക്ഷണം കഴിഞ്ഞ് വീടുകളിൽ ഉറങ്ങാൻ കിടന്ന ശേഷം ഇവര് രാത്രി 12 മണിയോടെ വീട്ടുകാർ അറിയാതെ വാഹനമെടുത്തു നെടുമ്പാശ്ശേരി എയർപോർട്ട് പരിസരത്ത് എത്തിയതാണെന്ന് മനസിലാക്കി.
നൈറ്റ് റൈഡിങ്ങെന്ന പേരിൽ വീട്ടുകാരറിയാതെ വാഹനമെടുത്ത് പുറത്തിറങ്ങിയ ശേഷം അവരുണരുന്നതിനു മുമ്പ് തിരിച്ചെത്തുന്നതാണ് ഇവരുടെ രീതിയെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്നുപേരുടെയും രക്ഷകർത്താക്കളെ വിളിച്ചു വരുത്തി കേസെടുത്ത ശേഷം കുട്ടികളെ അവരുടെ ഒപ്പം പറഞ്ഞയച്ചു. വിമാനത്താവളത്തിന്റെ പരിസരങ്ങളിലൂടെയുള്ള റോഡുകളിൽ രൂപമാറ്റം വരുത്തിയ മോട്ടോർസൈക്കിൾ, കാറുകൾ എന്നിവ അമിത വേഗതയിലും അപകടകരമായും ഓടിച്ച് തത്സമയം വീഡിയോ റെക്കോഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തി മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു വരികയാണ്.
രാത്രി സമയത്ത് ദേശീയപാതയിലൂടെയും പരിസരത്തുള്ള റോഡുകളിലൂടെയും അതിവേഗതയിൽ സഞ്ചരിക്കുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിനും മോട്ടോര വാഹന വകുപ്പ് പ്രത്യേക പരിശോധന സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

