ടൂറിസ്റ്റ് ബസ് പരിശോധന വിദ്യാർഥികളും എതിർക്കുന്നു -ഹൈകോടതി
text_fieldsകൊച്ചി: നിയമം ലംഘിച്ച വാഹനങ്ങളുടെ പരിശോധന ടൂറിസ്റ്റ് ബസുടമകൾ മാത്രമല്ല വിദ്യാർഥികളടക്കം യാത്രക്കാരും എതിർക്കുന്ന സ്ഥിതിയാണുള്ളതെന്ന് ഹൈകോടതി. ഗോവയിൽ മുമ്പ് അപകടമുണ്ടാക്കിയ നിയമ ലംഘനം നടത്തി സർവിസ് നടത്തുന്ന ബസ് വിളിച്ചാണ് എടത്തലയിലെ ഒരു എൻജിനീയറിങ് കോളജിൽനിന്ന് വിനോദയാത്ര പോയത്.
ഈ ബസിന്‍റെ പെർമിറ്റ് റദ്ദാക്കിയതായി ട്രാൻസ്പോർട്ട് കമീഷണർ കോടതിയെ അറിയിച്ചു. ഈ സംഭവത്തിൽ അന്വേഷണം നടത്താൻ കോടതി നിർദേശിച്ചു. നിയമം ലംഘിച്ച് മാറ്റംവരുത്തുന്ന വാഹനങ്ങൾക്കായി പ്രചാരണം നടത്തുന്ന വ്ലോഗർമാരെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ സമയം തേടി.
വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയത് പോലുള്ള വാഹനങ്ങൾ സർവിസിന് അനുവദിക്കുന്നത് മറ്റ് യാത്രക്കാർക്കും ഭീഷണിയാണെന്ന് ബസ് പുറപ്പെടും മുമ്പും അതിന് ശേഷവുമുള്ള വിഡിയോ ചിത്രങ്ങൾ കണ്ട ശേഷം കോടതി അഭിപ്രായപ്പെട്ടു. പൊലീസിന്‍റെയും മോട്ടോർ വാഹന വകുപ്പിന്‍റെയും അന്വേഷണ റിപ്പോർട്ടും കോടതി പരിശോധിച്ചു.
അന്വേഷണം നടക്കുന്നതിനാൽ ഇതിലെ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും വ്യക്തമാക്കി. അന്വേഷണ വിവരങ്ങൾ വിശദീകരിക്കാൻ ആലത്തൂർ ഡിവൈ.എസ്.പിയും തൃശൂർ സെൻട്രൽ സോൺ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണറും കോടതിയിൽ നേരിട്ട് ഹാജരായി. ദേശീയപാതയിൽ പരസ്യ ബോർഡുകൾ പാടില്ലെന്നും കോടതി പറഞ്ഞു. ബസുകളിലും ചിത്രങ്ങൾ വേണ്ട.
കെ.എസ്.ആർ.ടി.സി ബസിൽപോലും ചിത്രങ്ങൾ വരച്ചിരിക്കുകയാണ്. പിഴയിൽ മാത്രം ശിക്ഷ ഒതുക്കരുത്. നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാത്തത് കോടതീയലക്ഷ്യമാണെന്ന സൂചനയും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

