ബി.ഡി.എസ് വിദ്യാർഥിയുടെ ആത്മഹത്യ: ഒന്നാം പ്രതി ഡോ.എം.കെ. റാമിന് ജാമ്യമില്ല
text_fieldsകണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയ കേസിൽ ഒന്നാം പ്രതിയായ ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. എന്നാൽ, രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാർക്ക് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
പട്ടികജാതി പീഡനനിരോധന നിയമത്തിൽനിന്നു രക്ഷപ്പെടാൻ ഡോ. റാം ഹാജരാക്കിയ ജാതിരേഖ കോടതി തള്ളിയതാണ് കേസിൽ വഴിത്തിരിവായത്. താൻ പട്ടികജാതിക്കാരനാണെന്നായിരുന്നു റാമിന്റെ വാദം. എന്നാൽ ഇയാൾ കർണാടകയിൽ ഒ.ബി.സി വിഭാഗത്തിലാണ് ജനിച്ചതെന്ന് പ്രോസിക്യൂഷൻ രേഖകൾ സഹിതം ബോധ്യപ്പെടുത്തി. ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയായ റാം നിതിനെ ജാതീയമായി അധിക്ഷേപിച്ചിരുന്നതായും ഗുരുതരമായ കുറ്റകൃത്യമാണ് നടന്നതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
ആഴ്ചകൾക്ക് മുമ്പാണ് പ്രിൻസിപ്പലിന്റെ മുറിയിൽനിന്നു കരഞ്ഞുക്കൊണ്ടിറങ്ങിയ നിതിൻ അഞ്ചാം നിലയിൽനിന്നും ചാടി മരിച്ചത്. അധ്യാപകരുടെ പീഡനത്തെത്തുടർന്നാണ് മകൻ ആത്മഹത്യ ചെയ്തതെന്ന കുടുംബത്തിന്റെ പരാതിയിൽ ആത്മഹത്യാ പ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നിതിൻ രാജിനെ അധ്യാപകർ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നെന്ന വിദ്യാർഥികളുടെ മൊഴിയും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

