ജന്തർ മന്തർ സമരത്തിനെതിരെയുള്ള വിവാദ പരാമർശം; മേജർ രവിക്ക് വക്കീൽ നോട്ടീസയച്ച് പ്ലസ് ടു വിദ്യാർഥിനി
text_fieldsമേജർ രവി
ഡൽഹി: ജന്തർ മന്തറിലെ സമരക്കാർക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മേജർ രവിക്ക് വക്കീൽ നോട്ടീസ്. പ്ലസ് ടു വിദ്യാർഥിനിയായ മാളവികയാണ് നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം പരാമർശം പിൻവലിച്ചു മാപ്പ് പറയണം എന്നും സോഷ്യൽ മീഡിയയിൽ നിന്നും വിഡിയോ നീക്കം ചെയ്യണം എന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.
കോക്രോച്ച് ജനത പാര്‍ട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മോഹൻലാലിന്‍റെ മകളും നടിയുമായ വിസ്മയ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സംഘ്പരിവാര്‍ അനുകൂലികളിൽ നിന്നും വിസ്മയക്ക് കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. തൊട്ടുപിന്നാലെ വിസ്മയയെ വിമര്‍ശിച്ച് മേജര്‍ രവി രംഗത്തെത്തുകയായിരുന്നു. വിയറ്റ്‌നാമിൽ ജനിച്ചുവളർന്ന വിസ്മയക്ക് കാര്യമായ രാഷ്ട്രീയ വിദ്യാഭ്യാസമില്ലെന്നായിരുന്നു രവിയുടെ പ്രതികരണം. പ്രതിഷേധിക്കുന്ന വിദ്യാർഥികളെ മർദിക്കുന്നതു കണ്ടപ്പോൾ മനുഷ്യത്വത്തിന് പുറത്താണ് വിസ്മയ പോസ്റ്റിട്ടതെന്നും മേജര്‍ രവി പറഞ്ഞു.
'മായ പഠിച്ചതും വളർന്നതുമെല്ലാം വിയറ്റ്‌നാമിലായിരുന്നു. അവിടെ ഒരു തെരുവുപട്ടിയെ ഒരാൾ അക്രമിക്കുന്നത് കണ്ട്, അതിനെ ദത്തെടുത്ത് ഇന്ത്യയിലെ സർക്കാരുമായി സംസാരിച്ച് അനുമതി വാങ്ങി അതിനെയിപ്പോൾ വീട്ടിൽ വളർത്തിക്കൊണ്ടിരിക്കുയാണ്. ഇതാണ് ആ കുട്ടിയുടെ മനസ്. ഒരു കുട്ടിയെ അടിക്കുന്നതുകണ്ട വികാരത്തിൽ പങ്കുവെച്ച പോസ്റ്റാണ്. അതിനെ കോക്രോച്ച് പാർട്ടിക്കുള്ള പിന്തുണയായി വ്യാഖ്യാനിക്കുന്നു. മായക്ക് ഇതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അറിയില്ല', മേജർ രവി പറഞ്ഞു.
ജന്തർ മന്തറിലെ പ്രക്ഷോഭത്തിന് പിന്നിൽ വിദേശ ഗൂഢാലോചനയുണ്ടെന്നും മേജർ രവി ആരോപിച്ചു. സോനം വാങ്ചുക്കിന്റെ പ്രവർത്തികളെയും മേജർ രവി വിമർശിച്ചു. എവിടെന്നോ കുറെ ഫണ്ട് വരാൻ തുടങ്ങിയത് കൊണ്ടാണ് സോനം വാങ്ചുക്ക് ഇപ്പോൾ ഡൽഹിയിൽ നിരാഹാരം നടത്തുന്നതെന്നും മേജർ രവി ആരോപിച്ചു. കേരളത്തിൽ നിന്നുള്ള ആർട്ടിസ്റ്റുകൾ അവിടെ പോയി ഒച്ചയുണ്ടാക്കുന്നത് ഇവിടെ വലിയ പണിയൊന്നുമില്ലാത്തതു കൊണ്ടും ടിവിയിൽ മുഖം കാണിക്കാനുമാണെന്ന് സംവിധായകൻ കുറ്റപ്പെടുത്തി.
പ്രക്ഷോഭത്തിന് പിന്നിൽ വിദേശ ഫണ്ടിങും രാഷ്ട്രീയ ഗൂഢാലോചനയുമാണെന്നും, അമേരിക്കൻ ഫണ്ടിങ്ങിലൂടെ ഇന്ത്യയിലെ വിദ്യാഭ്യാസ നയങ്ങളെ തകർക്കാനും മോദി സർക്കാരിനെ താഴെയിറക്കാനുമാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും മേജർ രവി ആരോപിച്ചു. നീറ്റ് സമരവുമായി യാതൊരു ബന്ധവുമില്ലാത്ത 'ഉമർ ഖാലിദിനെ മോചിപ്പിക്കുക', 'ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുക' തുടങ്ങിയ രാഷ്ട്രീയ മുദ്രാവാക്യങ്ങളാണ് സമരക്കാർ ഉയർത്തുന്നതെന്നും മേജർ രവി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

