വിദ്യാർഥിക്ക് മദ്യം നൽകി പീഡനം; എ.ഇ.ഒ റിപ്പോർട്ടിൽ സ്കൂളിനെതിരെ ഗുരുതര കണ്ടെത്തലുകൾ
text_fieldsപാലക്കാട്: മലമ്പുഴയിൽ ആറാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തിൽ സ്കൂളിനെതിരെ ഗുരുതര കണ്ടെത്തലുമായി എ.ഇ.ഒയുടെ റിപ്പോർട്ട്. പീഡന വിവരം അറിഞ്ഞിട്ടും സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ റിപ്പോർട്ട് ചെയ്തില്ലെന്നും അധ്യാപകന്‍റെ രാജിയുടെ കാരണം മറച്ചുവെച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. നവംബർ 29നാണ് പീഡനം നടന്നത്. ഡിസംബർ 18ന് കുട്ടി സഹപാഠിയോട് പറഞ്ഞപ്പോഴാണ് വിവരം പുറത്തറിയുന്നത്. സഹപാഠിയുടെ രക്ഷിതാക്കൾ അന്ന് തന്നെ സ്കൂൾ അധികൃതരെ വിവരം അറിയിച്ചിരുന്നു.
എന്നാൽ, സ്കൂൾ അധികൃതർ ചെെൽഡ് ലൈനിൽ റിപ്പോർട്ട് ചെയ്തില്ല. പകരം പിറ്റേന്ന് അധ്യാപകനിൽനിന്ന് രാജിയെഴുതി വാങ്ങി. എന്നാൽ, രാജിയുടെ കാരണം എ.ഇ.ഒ.യെ അറിയിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അധ്യാപകൻ മറ്റൊരിടത്തേക്ക് സ്ഥലം മാറുന്നെന്നാണ് രാജിയുടെ കാരണമായി പ്രധാനാധ്യാപിക പറഞ്ഞത്. യഥാർഥ കാരണം അറിയിച്ചത് 23ന് വൈകീട്ട് ആറോടെ മാത്രമാണ്. അന്ന് തന്നെ വിദ്യാഭ്യാസ വകുപ്പ് മുഖേന ചൈൽഡ് വെൽഫയർ കമ്മിറ്റിയെ വിവരമറിയിച്ചു.
എന്നാൽ, 24ന് കുട്ടിയുടെ മൊഴിയെടുക്കാൻ സി.ഡ.ബ്ല്യുസിയിൽ ഹാജരാക്കാൻ നിർദേശം നൽകിയെങ്കിലും പാലിച്ചില്ല. പ്രധാനാധ്യാപികയും ക്ലാസ് അധ്യാപികയും മൊഴിയെടുക്കാൻ കുട്ടിയെ സി.ഡബ്ല്യു.സിയിൽ എത്തിക്കാതിരുന്നത് ഗുരുതര വീഴ്ചയാണ്. വിവരം പൊലീസിനെ അറിയിക്കുന്നതിൽ സ്കൂളിന് വീഴ്ച പറ്റിയെന്നും റിപ്പോർട്ടിലുണ്ട്. വിവരമറിഞ്ഞ് രണ്ടാഴ്ചക്ക് ശേഷമാണ് സ്കൂൾ അധികൃതർ പരാതി നൽകിയത്. രക്ഷിതാക്കളുടെ നിസഹകരണമുണ്ടായിരുന്നെങ്കിലും സ്കൂൾ അധികൃതർക്ക് പരാതി നൽകാമായിരുന്നു.
രാജി എഴുതി വാങ്ങിയെങ്കിലും അധ്യാപകനെ സസ്പെൻഡ് ചെയ്യുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. ജനുവരി മൂന്നിനാണ് വിദ്യാഭ്യാസ വകുപ്പിന് രേഖാമൂലം പരാതി നൽകിയതെന്നും എ.ഇ.ഒയുടെ അന്വേഷണത്തിൽ കണ്ടെത്തി. റിപ്പോർട്ട് എ.ഇ.ഒ ഡി.ഡി.ഇക്ക് കൈമാറി. മലമ്പുഴ എയ്ഡഡ് യു.പി സ്‌കൂളിലെ സംസ്കൃതം അധ്യാപകൻ കൊല്ലങ്കോട് സ്വദേശി അനിലാണ് വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ പിടിയിലായത്.
അധ്യാപകന് സസ്പെൻഷൻ
പാലക്കാട്: മലമ്പുഴയിൽ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. എ.ഇ.ഒയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. സ്‌കൂൾ മാനേജരെ അയോഗ്യനാക്കണമെന്ന് എ.ഇ.ഒ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ശിപാർശ നൽകി.
വിഷയം അറിഞ്ഞിട്ടും മറച്ചുവെച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മാനേജർക്കെതിരെ ശിപാർശ നൽകിയത്. സംഭവത്തിൽ സ്‌കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് അധ്യാപിക എന്നിവർക്കും നോട്ടീസ് നൽകി. മൂന്ന് ദിവസത്തിനകം വിശദീകരണം നൽകാൻ നിർദേശം നൽകി. സമയബന്ധിതമായി മറുപടി നൽകിയില്ലെങ്കിൽ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

