വിഷുപ്പുലരിയിൽ വിദ്യാർഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു
text_fieldsആയഞ്ചേരി (കോഴിക്കോട്): വിഷു ആഘോഷങ്ങൾക്കിടയിൽ നാടിനെയാകെ കണ്ണീരിലാഴ്ത്തി കൗമാരക്കാരൻ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു. ആയഞ്ചേരി റഹ്‌മാനിയ്യ ഹയർ സെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിയും കാക്കുനി തുലറ്റുന്നട സ്വദേശിയുമായ ഹേമന്ത് (16) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ ഏഴോടെ ആയഞ്ചേരി ശിവക്ഷേത്ര കുളത്തിലായിരുന്നു ദാരുണമായ സംഭവം. ക്ഷേത്രത്തിൽ വിഷുക്കണി കണ്ട ശേഷം കുളിക്കാൻ ഇറങ്ങിയതായിരുന്നു ഹേമന്ത്. നീന്തൽ വശമില്ലാത്ത ഹേമന്ത്, സുരക്ഷയ്ക്കായി ക്ഷേത്ര കുളത്തിൽ നീന്തൽ പഠിക്കാൻ വരുന്നവർ ഉപയോഗിച്ച തെങ്ങിൻ തൊണ്ട് ഉപയോഗിച്ചാണ് വെള്ളത്തിലിറങ്ങിയത്. എന്നാൽ കുളിക്കുന്നതിനിടെ ഇത് ശരീരത്തിൽ നിന്ന് തെന്നിമാറിയതോടെ ഹേമന്ത് വെള്ളത്തിൽ താഴ്ന്നുപോവുകയായിരുന്നു.
കൂടെയുണ്ടായിരുന്നവർ ഉടൻ രക്ഷിക്കാൻ ശ്രമം തുടങ്ങിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വടകര അഗ്‌നിരക്ഷ സേനയെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ അഗ്നി രക്ഷ ഉദ്യോഗസ്ഥരായ വാസന്ത് ചെയച്ചൻകണ്ടി, എം.ടി. റാഷിദ്, മുനീർ അബ്ദുല്ല എന്നിവർ നാല് മീറ്റർ ആഴമുള്ള കുളത്തിൽ മുങ്ങി ഹേമന്തിനെ പുറത്തെടുത്തു. ഉടൻ തന്നെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ആയഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കാക്കയനി തുലാറ്റു നടപാറക്ക് താഴെ ബാബുവിന്റെയും പ്രേമയുടെയും മകനാണ് ഹേമന്ത്. ശ്രീദിയ ഏക സഹോദരിയാണ്. ഹേമന്തിന്റെ അപ്രതീക്ഷിത വിയോഗം ആയഞ്ചേരി റഹ്‌മാനിയ്യ സ്കൂളിലെ സഹപാഠികളെയും നാടിനെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
സ്റ്റേഷൻ ഓഫിസർ വാസത്ത് ചെയച്ചൻകണ്ടി, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഒ. അനീഷ്, ആർ. ദീപക്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ റിജീഷ്കുമാർ, റാഷിദ്, മുനീർ അബ്ദുല്ല, സഹീർ, ജയകൃഷ്ണൻ, ഷാജൻ കെ. ദാസ്, ജൈസൽ പി.കെ, ഹോം ഗാർഡ് രതീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

