കടലുണ്ടി പുഴയിൽ വിദ്യാർഥി മുങ്ങിമരിച്ചു; അപകടം മാതൃവീട്ടിൽ വിരുന്ന് വന്നപ്പോൾ
text_fieldsമലപ്പുറം: മലപ്പുറം കാരാത്തോട് പുഴക്കടവില്‍ ഒഴുക്കില്‍പെട്ട് വിദ്യാര്‍ഥി മരിച്ചു. വേങ്ങര മുതലമാട് കരിമ്പില്‍ റിയാസിന്റെ മകന് നാസിം (15) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറു മണിയോടെയാണ് സംഭവം.
മാതാവിന്റെ വീട്ടിലേക്ക് വിരുന്നിനുവന്ന വിദ്യാര്‍ഥി കുടുംബത്തോടൊപ്പം കുളിക്കാന്‍ കടലുണ്ടി പുഴയിൽ ഇറങ്ങിയതായിരുന്നു. നാസിമിന്റെ മാതൃസഹോദരിയുടെ മകന് മുഹമ്മദ് ജാസിമും (17) ഒഴുക്കില്‍പെട്ടെങ്കിലും നീന്തി രക്ഷപ്പെട്ടു.
തിങ്കളാഴ്ച വൈകീട്ട് 6.30 ഓടെയാണ് ഒഴുക്കില്‍പെട്ട വിവരം നാട്ടുകാര്‍ക്ക് ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഏഴര മണിയോടെ നാസിമിന്റെ മൃതദേഹം കണ്ടെടുത്തു. പുഴയില്‍ വലിയ അടിയൊഴുക്കുണ്ടായിരുന്നെന്നും ഇതാകാം അപകട കാരണം എന്നുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ നാട്ടുകാര്‍ പറഞ്ഞത്.
ചേറൂര് പി.പി.ടി.എം.വൈ.എച്ച്.എസ്.എസില്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ഥിയാണ് നാസിം. മാതാവ്: സുനീറ. സഹോദരി: റിയ ഫാത്തിമ.
ഇന്നലെ പിതൃസഹോദരിയുടെ വീട്ടിൽ വിരുന്ന് വന്ന സഹോദരങ്ങളുടെ മക്കളായ രണ്ട് വിദ്യാർഥികൾ ചാലിയാർ പുഴയിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചിരുന്നു. മമ്പാട് പന്തലിങ്ങൽ മില്ലുംപടി കുന്നുമ്മൽ ഹമീദിന്റെ മകൻ റയാൻ (11), കുന്നുമ്മൽ സിദ്ദീഖിന്റെ മകൻ അഫ്ത്താഹ് റഹ്മാൻ (14) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 5.30 ഓടെ മമ്പാട് ഓടായിക്കൽ റെഗുലേറ്ററിന് അമ്പതോളം മീറ്റർ താഴെ റിവർ ലാൻഡ് ചിൽഡ്രൻസ് പാർക്കിന് സമീപം ആയിരംകല്ല് കടവിലായിരുന്നു സംഭവം.
ഓണാവധിയായതിനാൽ ഇരുവരും പുള്ളിപ്പാടത്തെ വീട്ടിൽ വിരുന്ന് വന്നതായിരുന്നു. കുടുംബാംഗങ്ങളോടും ബന്ധുക്കളോടുമൊപ്പം കുളിക്കാനെത്തിയ ഇവർ പാലത്തിന് ചുവടെ പാറയുള്ള ഭാഗത്താണ് ഒഴുക്കിൽപെട്ടത്. നാട്ടുകാരും എമർജൻസി റെസ്ക്യൂ ഫോഴ്സും നടത്തിയ തിരച്ചിലിൽ ആദ്യം റയാനെ കണ്ടെത്തി നിലമ്പൂർ ജില്ല ആശുപത്രിയിലെത്തിച്ചു. പിന്നാലെ അഫ്ത്താഹിനെയും മമ്പാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നിലമ്പൂർ ജില്ല ആശുപത്രിയിലുമെത്തിച്ചെങ്കിലും രണ്ടുപേരും മരിച്ചു.
മമ്പാട് എം.ഇ.എസ് ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് അഫ്ത്താഹ് റഹ്മാൻ. മാതാവ്: നിഷ. സഹോദരങ്ങൾ: ലിയ ഷംറിൻ, ആയിഷ മഹ്റിൻ. കാട്ടുമുണ്ട ഗവ. യു.പി സ്കൂൾ വിദ്യാർഥിയാണ് റയാൻ. മാതാവ്: സജ്ന. സഹോദരങ്ങൾ: റിൻഷിത്, അജ്മൽ, അസ്ബിൻ, റിസ്ബാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

