പേ വിഷബാധയേറ്റ് വിദ്യാർഥിയുടെ മരണം: ആഴത്തിലെ മുറിവാകാം കാരണമെന്ന് പ്രാഥമിക നിഗമനം -ഡി.എം.ഒ
text_fieldsശ്രീലക്ഷ്മിയുടെ വീട്ടിൽ ജില്ല മെഡിക്കൽ ഓഫിസർ ഡോ. റീത്തയുടെ നേതൃത്വത്തിൽ ആരോഗ്യസംഘം സന്ദർശിച്ചപ്പോൾ
പത്തിരിപ്പാല: പേ വിഷബാധയേറ്റ് മരിച്ച ശ്രീലക്ഷ്മിയുടെ വീട് ജില്ല മെഡിക്കൽ ഓഫിസർ ഡോ. റീത്തയുടെ നേതൃത്വത്തിലെ സംഘം സന്ദർശിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് സംഘം മങ്കര മഞ്ഞക്കര പടിഞ്ഞാക്കരയിലെ വീട്ടിലെത്തിയത്. ശ്രീലക്ഷ്മിയുമായി സമ്പർക്കം പുലർത്തിയവരുമായി വിവരങ്ങൾ ശേഖരിച്ചു. പിതാവ് സുഗുണനുമായും ബന്ധുക്കളുമായും സംസാരിച്ച് വിവരങ്ങൾ ശേഖരിച്ചു.
കുത്തിവെപ്പ് എടുത്തശേഷമുള്ള മരണത്തിന് കാരണം ആഴത്തിലുള്ള മുറിവാകാം എന്നാണ് പ്രാഥമിക നിഗമനമെന്ന് ഡി.എം.ഒ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അടുത്തുള്ള വീട്ടിലെ നായ് ആണ് കുട്ടിയെ കടിച്ചതെന്നും കടിച്ചശേഷം വാക്സിനുകൾ കൃത്യമായി എടുത്തിരുന്നതായും മറ്റ് അസുഖങ്ങളൊന്നും കുട്ടിക്ക് ഇല്ലെന്നും കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സംസ്ഥാന ആരോഗ്യ വകുപ്പിനും ആരോഗ്യ മന്ത്രിക്കും നൽകിയതായും ഡി.എം.ഒ അറിയിച്ചു.
മരണകാരണം കണ്ടെത്തിയിട്ടില്ല. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിർദേശം അനുസരിച്ചായിരിക്കും തുടർനടപടികളെന്നും ഡി.എം.ഒ അറിയിച്ചു. സംഭവത്തെക്കുറിച്ച് പഠനം നടത്തിവരികയാണ്. അന്വേഷണം നടത്തി റിപ്പോർട്ട് സർക്കാറിന് കൈമാറും. ഡോസിലിൻ ഏലിയാസ്, ഡോ. രാജലക്ഷ്മി, ജില്ല വെറ്ററിനറി സർജൻ ഡോ. ജോജു ഡേവിസ്, ഡോ. ദീപക്, ഡോ. ധനേഷ്, മങ്കര ഹെൽത്ത് ഇൻസ്പെക്ടർ സുനിൽകുമാർ, പറളി ബ്ലോക്ക് ഹെൽത്ത് ഇൻസ്പെക്ടർ ടി.ജി. വിനോദ്, ജെ.എച്ച്.ഐ ഗോപകുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. രാവിലെ ശാന്തകുമാരി എം.എൽ.എയും ശ്രീലക്ഷ്മിയുടെ വീട് സന്ദർശിച്ചു. വീട്ടുകാരുമായും മങ്കരയിലെ മെഡിക്കൽ ഓഫിസർ ധനേഷുമായും ഇവർ സംസാരിച്ചു.
പഞ്ചായത്തംഗത്തിനടക്കം തെരുവ്നായുടെ കടിയേറ്റു
കോട്ടായി: മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം കോട്ടായി ഗ്രാമപഞ്ചായത്ത് അംഗത്തിനടക്കം നിരവധി പേർക്ക് നായയുടെ കടിയേറ്റു. നാലാം വാർഡ് അംഗം കണ്ണനാണ് കാലിൽ കടിയേറ്റത്. അയ്യംകുളം ഓടനിക്കാട് കോളനിയിൽ രോഗിയെ സന്ദർശിക്കാൻ പോയപ്പോഴാണ് സംഭവം. ചെമ്പൈ സ്വദേശിയായ യുവാവിനും കടിയേറ്റിരുന്നു. നായശല്യം കാരണം വിദ്യാർഥികൾ വരെ ഭീതിയിലാണ്.
ഡി.എം.ഒയുടെ വിശദീകരണത്തിൽ കുടുംബത്തിന് അതൃപ്തി
മങ്കര: ഡി.എം.ഒയുടെ വിശദീകരണത്തിൽ അതൃപ്തി രേഖപ്പെടുത്തി കുടുംബാംഗങ്ങൾ. നായുടെ കടിയേറ്റശേഷം ആരോഗ്യ വകുപ്പ് നിർദേശിച്ച എല്ലാ നടപടികളും കൃത്യമായി സ്വീകരിച്ചിട്ടും രോഗി മരിക്കാനിടയായത് ആഴത്തിലുള്ള മുറിവ് കൊണ്ടാകാമെന്ന് ഡി.എം.ഒ വാർത്തസമ്മേളനത്തിൽ പറഞ്ഞതാണ് വീട്ടുകാരെ ചൊടിപ്പിച്ചത്.
കുത്തിവെപ്പ് എടുത്താലും ആഴത്തിലുള്ള മുറിവേറ്റാൽ മരണപ്പെടുമെന്നത് തെറ്റായ സന്ദേശം പരത്താൻ ഇടയാകുമെന്ന് ശ്രീലക്ഷ്മിയുടെ പിതാവ് സുഗുണൻ പറഞ്ഞു. മരണ കാരണത്തെക്കുറിച്ച് വിശദ പഠനം വേണമെന്നും ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ കർശന നടപടിയുണ്ടാകണമെന്നും കുടുംബം ആവശ്യപ്പെട്ടു.
വാക്സിൻ കുറവ് പരിഹരിക്കാൻ നടപടി
മങ്കര: ജില്ല ആശുപത്രിയിലെ ആന്റി റാബിസ് വാക്സിൻ കുറവ് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ.പി. റീത്ത. തെരുവ് നായ്ക്കളുടെ പ്രശ്നത്തിൽ ഗ്രാമപഞ്ചായത്തുകൾ നടപടി സ്വീകരിക്കണം. പാതയോരങ്ങളിൽ മാലിന്യം തള്ളുന്നത് നിയന്ത്രിക്കണമെന്നും വളർത്തു നായ്ക്കൾക്ക് ലൈസൻസ് നിർബന്ധമാക്കണമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

