ചളിനിറഞ്ഞ കുളത്തിൽ നീന്തൽ മത്സരം; വിദ്യാർഥി മുങ്ങിമരിച്ചു
text_fieldsതലശ്ശേരി: ചളിനിറഞ്ഞ ക്ഷേത്രക്കുളത്തിൽ പെരുമഴയത്ത് നടത്തിയ നീന്തൽ മത്സരത്തിനിടെ വിദ്യാർഥി മുങ്ങിമരിച്ചു. മാഹി എം.എം ഹൈസ്കൂൾ ഒമ്പതാം തരം വിദ്യാർഥി ഹൃതിക്ക് രാജ് (14) ആണ് മരിച്ചത്. തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ തലശ്ശേരി സൗത്ത്, തലശ്ശേരി നോർത്ത്, ചൊക്ലി ഉപജില്ലകളിലെ സ്കൂളൂകളിലെ വിദ്യാർഥികൾക്കായി ചൊവ്വാഴ്ച രാവിലെ ജഗന്നാഥ ക്ഷേത്രക്കുളത്തിൽ നടത്തിയ മത്സരത്തിനിടെയാണ് അപകടം.
100 മീറ്റർ ഫ്രീ സ്റ്റൈൽ വിഭാഗത്തിൽ ആദ്യ റൗണ്ട് മത്സരം കഴിഞ്ഞ് ഹൃതിക്ക് ഉൾപ്പെട്ട സംഘം രണ്ടാം റൗണ്ടിൽ നീന്തുന്നതിനിടെ കുളത്തിെൻറ മധ്യഭാഗത്തുവെച്ച് തളർന്ന് വെള്ളത്തിൽ താഴുകയായിരുന്നു. കരയിലിരുന്ന് മത്സരം പ്രോത്സാഹിപ്പിച്ചിരുന്നവർ നിലവിളിെച്ചങ്കിലും ബഹളത്തിൽ അധികം ശ്രദ്ധിക്കപ്പെട്ടില്ല. ഹൃതിക്കിനെ രക്ഷിക്കാനായി ചിലർ വെള്ളത്തിലേക്ക് ചാടാൻ ശ്രമിച്ചെങ്കിലും അധ്യാപകർ തടഞ്ഞു. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ മുങ്ങിത്തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
എസ്.െഎ ബിജുവിെൻറ നേതൃത്വത്തിൽ തീരദേശ പൊലീസും തലശ്ശേരിയിൽനിന്നെത്തിയ അഗ്നിശമനസേനയും തലശ്ശേരി പൊലീസും ചേർന്ന് ഒന്നേകാൽ മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് കുളത്തിലെ ചളിയിൽ ആഴ്ന്ന നിലയിൽ വിദ്യാർഥിയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോടിയേരി പാറാലിലെ കാഞ്ഞിരമുള്ള പറമ്പിൽ കെ. രാജേഷിെൻറയും മിനിയുടെയും മകനാണ് ഹൃതിക്ക്. സഹോദരൻ കാർത്തിക്. പോസ്റ്റ്മോർട്ടത്തിനുശേഷം സന്ധ്യയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. സംഘാടകരുടെ അനാസ്ഥക്കെതിരെ തലശ്ശേരി ടൗൺ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
