വിദ്യാർഥി സംഘർഷം; അഞ്ചുപേർക്കും പരീക്ഷ എഴുതാം
text_fieldsമുഹമ്മദ് ഷഹബാസിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നു. നിർമാണത്തിലിരിക്കുന്ന
ഷഹബാസിന്റെ പുതിയ വീടാണ് പശ്ചാത്തലത്തിൽ
കോഴിക്കോട്: താമരശ്ശേരിയിൽ സ്കൂൾ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് പത്താം ക്ലാസുകാരൻ മുഹമ്മദ് ഷഹബാസ് (15) മരിച്ച കേസിൽ പ്രതിചേർത്ത പ്രായപൂർത്തിയാവാത്ത അഞ്ചുപേരെയും പൊലീസ്, പ്രിൻസിപ്പൽ മജിസ്ട്രേറ്റ് അധ്യക്ഷയായ മൂന്നംഗ കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി.
ബോർഡ് റിമാൻഡ് ചെയ്ത ഇവരെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. പ്രതികൾക്കുവേണ്ടി നൽകിയ ജാമ്യഹരജി ബോർഡ് തള്ളി. എന്നാൽ, തിങ്കളാഴ്ച തുടങ്ങുന്ന എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന പ്രതിഭാഗം ആവശ്യം ബോർഡ് അനുവദിച്ചു.
പരീക്ഷയെഴുതാനനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ എതിർത്തില്ല. കുട്ടികൾക്ക് സംഭവത്തിൽ നേരിട്ട് ബന്ധമില്ലെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. എന്നാൽ, നേരിട്ട് പ്രതികൾക്ക് ബന്ധമുണ്ടെന്ന് പ്രോസിക്യൂട്ടർ അഡ്വ. ജെഫ്രി ജോർജ് ജോസഫ് വാദിച്ചു. വെള്ളിയാഴ്ച ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം മുമ്പാകെ ഹാജരാക്കിയ പ്രതികളെ ശനിയാഴ്ച ബോർഡ് മുമ്പാകെ ഹാജരാകാനാവശ്യപ്പെട്ട്, താൽക്കാലിക ജാമ്യംനൽകി രക്ഷിതാക്കൾക്കൊപ്പം വിടുകയായിരുന്നു.
വീഴ്ച അന്വേഷിക്കും - ഡി.ഡി.ഇ
താമരശ്ശേരിയിൽ സ്കൂൾ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് പത്താം ക്ലാസുകാരൻ മരിച്ചതിൽ വീഴ്ചകൾ അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ സി. മനോജ് കുമാർ. പൊലീസ്, കോടതി നടപടികൾക്കനുസരിച്ചാണ് വിദ്യാർഥികളുടെ കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുക്കുക. സ്വകാര്യ ട്യൂഷൻ സെന്ററിനെതിരെയും മറ്റും നടപടിയെടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കാണ് കഴിയുക. വിദ്യാഭ്യാസ വകുപ്പിന് ഈ കാര്യത്തിൽ അധികാരമില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയുണ്ടാവും. സർക്കാറിന്റെ സമഗ്ര വിദ്യാഭ്യാസ ഗുണമേന്മക്കായുള്ള പദ്ധതിയിൽ നിരവധി നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്. -ഡി.ഡി.ഇ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

