അടിമുടി മാറ്റത്തിനൊരുങ്ങി വിദ്യാർഥി കൺസെഷൻ; സ്വകാര്യ ബസുകളിൽ ഇനി ഓൺലൈൻ സംവിധാനം
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സ്വകാര്യ ബസും സ്കൂൾ/കോളേജ് വിദ്യാർഥികളും തമ്മിൽ കൺസെഷനെ ചൊല്ലിയുള്ള തർക്കങ്ങൾ അവസാനിക്കാൻ പോകുന്നു. കെ.എസ്.ആർ.ടി.സിക്ക് പുറമെ സ്വകാര്യബസുകളിലും വിദ്യാർഥി കൺസെഷൻ ഓൺലൈനാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. കേരള മോട്ടോർവാഹന വകുപ്പിന്റെ എം.വി.ഡി ലീഡ്‌സ് മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് വിദ്യാർഥി കൺസെഷൻ ഓൺലൈൻ ആക്കുന്നത്. ഇത് വിദ്യാർത്ഥികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലുള്ള തർക്കങ്ങൾ കുറക്കുകയും പഠനാവശ്യത്തിന് മാത്രമായി ഓരോ യാത്രയും ഏകീകരിക്കാൻ പുതിയ സംവിധാനം വഴി കഴിയുമെന്നാണ് മോട്ടോർവാഹന വകുപ്പിന്റെ പ്രതീക്ഷ.
ആപ്ലിക്കേഷന്റെ പ്രവർത്തനം ഔദ്യോഗികമായി ആരംഭിച്ചിട്ടില്ല. നിലവിൽ ട്രയൽ റൺ നടത്തുന്ന ആപ്പ് വികസിപ്പിച്ചെടുക്കുന്ന തിരക്കിലാണ് എം.വി.ഡി. കൺസെഷൻ ആവശ്യമുള്ള വിദ്യാർഥികൾ മൊബൈൽ ആപ്പിൾ രജിസ്റ്റർ ചെയ്യുകയും യാത്ര ചെയ്യേണ്ട റൂട്ട് സഹിതം അപേക്ഷ നൽകുകയും ചെയ്യണം. ഈ നടപടികൾക്ക് പുറമെ വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനം ഈ ഡാറ്റ സ്ഥിരീകരിച്ച് കൺസെഷന് വേണ്ടി ശിപാർശ ചെയ്യണം. ഇത് പരിശോധിച്ച് അതത് പ്രദേശത്തെ മോട്ടോർവാഹന വകുപ്പ് ഓഫീസുകൾക്ക് കൺസെഷൻ അനുവദിക്കാം.
പൂർണമായും ഡിജിറ്റൽ നടപടികൾ സ്വീകരിക്കുന്ന കൺസെഷൻ കാർഡിന്റെ ക്യുആർ കോഡ് വിദ്യാർഥികൾ പ്രിന്റ് എടുക്കണം. ശേഷം സ്വകാര്യ ബസിലെ കണ്ടക്ടർ ഈ ക്യുആർ കോഡ് സ്കാൻ ചെയ്യും. തുടർന്ന് വിദ്യാർഥികൾക്ക് യാത്ര ചെയ്യേണ്ട റൂട്ടും അവർ നൽകുന്ന കൺസെഷൻ തുകയും കണ്ടക്ടർമാർ സ്കാൻ ചെയ്യുന്ന ഫോണിൽ ദൃശ്യമാകും. ഇതുവഴി തർക്കം ഒഴിവാക്കാനാകും.
സർക്കാർ അംഗീകൃത സ്കൂളുകളിലെ വിദ്യാർഥികൾക്ക് മാത്രമേ തുടക്കത്തിൽ കൺസെഷന് അപേക്ഷിക്കാൻ സാധിക്കു. സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കായുള്ള മാർഗ്ഗനിർദേശങ്ങൾ പിന്നീട് സർക്കാർ പുറത്തിറക്കും. ആപ്ലിക്കേഷൻ പ്രവർത്തനം ആരംഭിക്കുമ്പോൾ വിദ്യാർഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ബസ് ജീവനക്കാരും ആപ്പിൾ രജിസ്റ്റർ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

