എസ്.എഫ്.ഐ നേതാവിന് എസ്.ഐയുടെ ക്രൂര മർദനം -വിഡിയോ
text_fieldsകോതമംഗലം: സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത് എന്തിനെന്നറിയാൻ എത്തിയ എസ്.എഫ്.ഐ നേതാവിന് എസ്.ഐയുടെ ക്രൂരമർദനം. എസ്.എഫ്.ഐ മുൻസിപ്പൽ ഈസ്റ്റ് ലോക്കൽ പ്രസിഡന്‍റും കോതമംഗലം എൽദോ മാർ ബസേലിയോസ് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിയുമായ കുത്തുകുഴി മാരമംഗലം സ്വദേശി റോഷൻ റെന്നിയെയാണ് വെള്ളിയാഴ്ച്ച രാത്രി കോതമംഗലം എസ്.ഐ മാഹിൻ സലീം മർദിച്ചത്.
കല്യാണ പാർട്ടി കഴിഞ്ഞ് മടങ്ങിയ വിദ്യാർഥി സംഘം തങ്കളത്ത് കടയ്ക്ക് സമീപം നിൽക്കവെ എത്തിയ പൊലീസ് ഇവരോട് വീട്ടിൽ പോകാറായില്ലെന്ന് ചോദിക്കുകയും മേൽവിലാസം ആവശ്യപ്പെടുകയും ചെയ്തു. റ്റോജി ടോമി എന്നയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത് എന്തിനെന്ന് അന്വേഷിക്കുവാനെത്തിയ റോഷൻ റെന്നിയെയും സുഹൃത്തിനെയും സ്റ്റേഷൻ വാതിലിൽ പൊലീസുകാർ തടഞ്ഞു.
ഇതോടെ പൊലീസുകാരുമായി വാക്ക് തർക്കം ഉണ്ടായി. ഇതിനിടയിൽ എസ്.ഐ മാഹിൻ റോഷനെ സ്റ്റേഷനകത്തേക്ക് വലിച്ച് കൊണ്ടു പോയി മർദിക്കുകയായിരുന്നു. വിദ്യാർഥികൾ പകർത്തിയ വീഡിയോ പിന്നീട് പുറത്ത് വരികയായിരുന്നു. റോഷനെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആന്റി ഡ്രഗ് കാമ്പയിനിന്റെ ഭാഗമായി നൈറ്റ് പട്രോളിങിനിടെയാണ് വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. അര്‍ധരാത്രിയിലും പ്രവര്‍ത്തിച്ച കടയില്‍നിന്ന് വിദ്യാര്‍ഥികളെ ചോദ്യം ചെയ്തിരുന്നെന്നും, എന്നാൽ പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതോടെ വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്നും ഇത് ചോദ്യം ചെയ്തെത്തിയ വിദ്യാര്‍ഥികളും സ്റ്റേഷന് മുന്നില്‍ പ്രശ്നമുണ്ടാക്കിയെന്നും സി.ഐ അനീഷ് ജോയി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

